'മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം' വീണ്ടും പാലാ ബിഷപ്പ്
കോഴിക്കോട്: മതേതരത്വത്തിന്റെയും പുരോഗമനത്തിന്റേയും പേരില്‍ സ്വന്തം സമുദായത്തെ കാര്‍ന്നു തിന്നുന്ന സംസാരിക്കാന്‍ പാടില്ലേ എന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പലകോണുകളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നുണ്ടെന്നും തുറന്ന് പറയേണ്ടപ്പോള്‍ നിശബദ്‌നായിരിക്കരുതെന്ന തലക്കെട്ടില്‍ ഗാന്ധിജയന്തി ദിനത്തില്‍ സഭാ മുഖപത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തില്‍ ബിഷപ്പ് പരാമര്‍ശിക്കുന്നു.
മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്ന ആശങ്ക ഇന്ന് നിലനില്‍ക്കുന്നു. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്നാണ് പറയുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍നിന്ന് പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ലെന്നും ലേഖനത്തില്‍ പറയുന്നു.
തിന്മകള്‍ക്കെതിരേ നമ്മള്‍ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കുമ്പാള്‍ നമുക്കു വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്മകള്‍ക്കെതിരേ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല. മറിച്ച് അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണെന്നും ബിഷപ്പ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.
തിന്മക്കെതിരെ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രി തകരില്ലെന്ന് ബിഷപ്പ് ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. തെറ്റുകള്‍ക്കെതിരെ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് വാദിക്കുന്നു.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍
'ഗാന്ധിജി കറതീര്‍ന്ന ഒരു ഹൈന്ദവവിശ്വാസിയായിരുന്നു. അത് ഒരിക്കലും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് പൊതുനന്മക്കായി ഒരുമിച്ചു മുന്നേറണമെന്ന് അദ്ദേഹം നമ്മുടെ സമൂഹത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയ്ക്കു തുരങ്കം വയ്ക്കുന്ന തിന്മകളെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ക്രിമിനല്‍ മനസ്ഥിതിയോടെയും അസഹിഷ്ണുതയോടെയുമല്ല പ്രതികരിക്കേണ്ടത്. ഗാന്ധിജിയുടെ ജീവിതം മൂടിവയ്ക്കപ്പെട്ടതോ മറഞ്ഞിരിക്കുന്നതോ ആയ സത്യത്തെ കണ്ടെത്താനും അതിനെ ഉള്‍ക്കൊള്ളാനും നമ്മെ പ്രചോദിപ്പിക്കും. നമ്മുടെ നാട് പ്രബുദ്ധവും വികസിതവുമായത് ഇവിടത്തെ പ്രബലമായ മതവിഭാഗങ്ങളുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്. ഉള്ളില്‍ നിന്നുള്ള സ്വയം നവീകരണത്തിന് എല്ലാ സമുദായങ്ങളും തയാറായിരുന്നു. സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും സമുദായത്തിന്റെ സുസ്ഥിതിയിലും രാഷ്ട്രനിര്‍മാണത്തിലും തങ്ങള്‍ പങ്കുചേരുകയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരുന്നു. സാമുദായിക വഴിയിലൂടെ അങ്ങനെ നാം മതേതര ഭാരതത്തില്‍ എത്തിച്ചേര്‍ന്നു. കുടുംബഭദ്രതയും സമുദായ സുസ്ഥിതിയും രാഷ്ട്ര പുരോഗതിയും ഒരേ ദിശയില്‍ സഞ്ചരിച്ചു. ആരും ആരെയും സംശയിക്കുകയോ ഭയക്കുകയോ ചെയ്തിരുന്നില്ല. മൂല്യങ്ങളാണ് മൂലധനമെന്ന് എല്ലാവരും മനസിലാക്കി. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു. സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."