മിഠായി നല്കി ട്രാഫിക് ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍
പെരിന്തല്‍മണ്ണ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിന് പെരിന്തല്‍മണ്ണ ട്രാഫിക് പൊലിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടിക്കു പെരിന്തല്‍മണ്ണയില്‍ തുടക്കം. പെരിന്തല്‍മണ്ണ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സൈജു.കെ എബ്രഹാമിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം എസ്.ഐ ജോണ്സണ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ഷോംപ്പിംഗ് കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ പൊതു ജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പദ്ധതിയെക്കുറിച്ചുള്ള ലഘുവിവരണം നല്കി.
തുടര്‍ന്നു നിയമം പാലിച്ചു വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്കു മധുരം വിതരണം ചെയ്തു. പെരിന്തല്‍മണ്ണ ട്രാഫിക്ക് യൂനിറ്റിലെ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ഗോപാലകൃഷ്ണപിള്ള, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ജി.എച്ച്.എസ്.എസിലെ അമ്പതോളം വിദ്യാര്‍ഥികള്‍ വിവിധ റോഡുകളിലായി വാഹനങ്ങള്‍ പരിശോധിച്ച് നിയമം പാലിച്ചവര്‍ക്ക് പ്രോല്‍സാഹനമായി മിഠായി വിതരണം നടത്തി. നിയമം ലംഘിച്ചവര്‍ക്ക് ബോധവത്കരണവും പൊതു നിരത്തില്‍ വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ടണ്ട പത്തിന നിര്‍ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ ഏഴിനു പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ വെച്ച് ഏകദിന ബോധവത്കരണ ക്ലാസ് ഡ്രൈവര്‍മാര്‍ക്കായി നടത്തുമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."