HOME
DETAILS
MAL
പ്രണയത്തകര്‍ച്ച: നാലുവര്‍ഷത്തിനിടെ 12 കൊലപാതകം, 340 ആത്മഹത്യ
backup
October 02 2021 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രണയപരാജയങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടത് 12 വനിതകള്‍. 2017 മുതലുള്ള ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരമാണിത്. പ്രണയത്തകര്ച്ചയുടെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 340 ആണെന്നും കണക്കുകള്‍ പറയുന്നു. 2017ല്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 88 പേര് ആത്മഹത്യ ചെയ്തു. 2018ല്‍ 76 പേര് ആത്മഹത്യ ചെയ്തു. 2018 ല്‍ ആഭ്യന്തരവകുപ്പിന്റെ കണക്കുകളില്‍ കൊലപാതകങ്ങള്‍ ഇല്ലെങ്കിലും രണ്ടു കൊലപാതകങ്ങള്‍ നടന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പറയുന്നു. 2018 മേയ് 27ന് കോട്ടയത്തെ കെവിന് എന്ന ചെറുപ്പക്കാരന്റെ കൊലപാതകവും 2018 മാര്‍ച്ച് 22ന് ആതിരയെന്ന 21 കാരിയുടെ കൊലപാതകവും പ്രണയത്തിന്റെ പേരിലായിരുന്നുവെന്ന് സി.ആര്.ബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ കണക്കുപ്രകാരം 2019ല്‍ അഞ്ച് കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രണയബന്ധങ്ങളുടെ പേരില്‍ 2020ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോതമംഗലത്ത് കണ്ണൂര്‍ സ്വദേശിയായ ഡെന്റല്‍ വിദ്യാര്‍ഥിനി മാനസ സുഹൃത്തിന്റെ വെടിയേറ്റു മരിച്ചത് ഈ വര്‍ഷമാണ്. ആണ്‍സുഹൃത്ത് സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയിലെ ദൃശ്യ എന്ന 21 കാരിയെ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി വീട്ടില്‍ക്കയറി കുത്തിക്കൊന്നതും 2021ല്‍ തന്നെ. കേരളത്തെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു 2019 ജൂണില്‍ പൊലിസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകം. അജാസ് എന്ന സഹപ്രവര്‍ത്തകനാണ് സൗമ്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."