'ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നു, സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു' കഫീല്‍ഖാന്റെ പുസ്തകത്തിനെതിരെ കേസെടുത്ത് യു.പി പൊലിസ്
'ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നു, സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു' കഫീല്‍ഖാന്റെ പുസ്തകത്തിനെതിരെ കേസെടുത്ത് യു.പി പൊലിസ്
ലഖ്‌നോ: ഗൊരഖ്പൂര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. കഫീല്‍ ഖാന്റെ പുസ്തകത്തിനെതിരെ കേസെടുത്ത് യു.പി പൊലിസ്. കഫീല്‍ ഖാന്റെ പുസ്തകം ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നതുമാണെന്നും ആരോപിച്ചാണ് ലഖ്‌നോ പൊലിസ് കേസെടുത്തിരിക്കുന്നത്. ഒരു മതത്തെ അവഹേളിക്കല്‍, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഡോക്ടറെ കൂടാതെ അഞ്ചു പേരെ കൂടി കേസില്‍ ചേര്‍ത്തിട്ടുണ്ട്. പ്രദേശവാസി നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് കൃഷ്ണ നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.
പുസ്തകം രണ്ടു വര്‍ഷമായി വില്‍ക്കുന്നതാണെന്നും കേസെടുത്തതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു. 'സര്‍ക്കാരോ പൊലിസോ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പുസ്തകം ആമസോണില്‍ ലഭ്യമാണ്. രണ്ട് വര്‍ഷമായി വില്‍പനക്കുണ്ട്. ഇംഗ്ലീഷിലുള്ള പുസ്തകം ഹിന്ദിയിലേക്കും ഉറുദുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്തിനാണ് ഇപ്പോള്‍ എനിക്കെതിരെ കേസെടുത്തതെന്ന് എനിക്കറിയില്ല അദ്ദേഹം പറഞ്ഞു.
2017ല്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 60ലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തിയതോടെ ശിശുരോഗ വിദഗ്ധനായ കഫീല്‍ ഖാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കണ്ണിലെ കരടായിരുന്നു. അടിയന്തര ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ചതിന് ഒരു രക്ഷകനായി അദ്ദേഹം വാഴ്ത്തപ്പെട്ടപ്പോള്‍ മറ്റ് ഒമ്പത് ഡോക്ടര്‍മാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരില്‍ നടപടി നേരിട്ടു. എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചു.
കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. 2019 സെപ്തംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് കഫീല്‍ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചു. കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ വ്യക്തമാക്കി. അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ തടവിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."