HOME
DETAILS
MAL
സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കലിന് ഒരുവര്‍ഷം
backup
October 02 2021 | 04:10 AM
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം സെക്രട്ടറിയുമായിരുന്ന സിദ്ദീഖ് കാപ്പന്റെ യു.പിയിലെ അന്യായമായ ജയില്‍വാസത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. ദലിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഓക്‌ടോബര്‍ അഞ്ചിനായിരുന്നു സിദ്ദീഖ് അറസ്റ്റിലായത്.
യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റിനുശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന കാപ്പന് ഇതുവരെ ചാര്‍ജ് ഷീറ്റിന്റെ കോപ്പി പോലും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകനും കുടുംബവും പറഞ്ഞു. ഓരോരോ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ജാമ്യഹരജി നീട്ടിക്കൊണ്ടുപോകുന്ന യു.പി പൊലിസ് കാപ്പനെ ദീര്‍ഘകാലത്തേക്ക് ജയിലിലടയ്ക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് സിദ്ദീഖിന്റെ ഭാര്യ റൈഹാന പറഞ്ഞു.
ഡല്‍ഹിയില്‍ യു.എ.പി.എ കേസില്‍ അറസ്റ്റിലായ രണ്ടു പ്രൊഫസര്‍മാരുടെ ഭാര്യമാരെ ഇന്റര്‍വ്യൂ ചെയ്തു, ഗുജറാത്തില്‍ അറസ്റ്റിലായ സഞ്ജയ് ഭട്ടിന്റെ ഭാര്യയെ ഫോണില്‍ ഇന്റര്‍വ്യൂ ചെയ്തു എന്നീ 'കുറ്റങ്ങള്‍'മാത്രം മതി അഞ്ചു വര്‍ഷം പുറത്തിറക്കാതിരിക്കാന്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി കാപ്പന്‍ പറഞ്ഞതായും റൈഹാന അറിയിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കാപ്പനെതിരേ ശക്തമായ വകുപ്പുകള്‍ ചുമത്താനാണ് പൊലിസ് ശ്രമിക്കുന്നത്.
രോഗിയായ മാതാവ് മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവ് ജയിലിലായതോടെ താനും മൂന്നുകുട്ടികളും ജീവിക്കാന്‍ മാര്‍ഗമില്ലാതെ നട്ടം തിരിയുകയാണെന്നും അവര്‍ പറഞ്ഞു.
സിദ്ദീഖിന്റെ നിലവിലെ ആരോഗ്യസ്ഥിതിയും ആശാവഹമല്ല. ജാമ്യം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."