ബംഗാളില്‍ ദീദി മുഖ്യമന്ത്രിയായി തുടരുമോ?; ഇന്നറിയാം, വോട്ടെണ്ണല്‍ തുടങ്ങി, നെഞ്ചിടിപ്പോടെ മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭവാനിപൂരില്‍ ഉള്‍പ്പെടെ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഭവാനിപൂരില്‍ നിന്ന് ജനവിധി തേടിയ മമതാ ബാനര്‍ജിക്ക് മുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമില്‍ മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്.
എന്നാല്‍ തോല്‍വി വകവെക്കാതെ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ചുമതലയേറ്റു. എംഎല്‍എ അല്ലാത്തവര്‍ക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളില്‍ നിയമസഭാ അംഗമായില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും. അതിനാല്‍ ഇന്നത്തെ ഫലം മമതക്ക് നിര്‍ണായകമാണ്.
കൃഷിമന്ത്രി ശോഭന്‍ ദേവ് എം.എല്‍.എ സ്ഥാനം രാജിവച്ച ഒഴിവിലാണ് മമതയുടെ മത്സരിച്ചത്. ബി.ജെ.പിയിലെ പ്രിയങ്ക തിബ്രവാളും സി.പി.എമ്മിലെ ശ്രീജീബ് ബിശ്വാസുമാണ് എതിരാളികള്‍.
2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. പോളിങ് കുറഞ്ഞത്അനുകൂലമാണെന്നാണ് തൃണമൂലിന്റെ വിലയിരുത്തല്‍.
ഭവാനിപൂര്‍ കൂടാതെ സംസാര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലെ ഫലവും ഇന്ന് പുറത്തു വരും.
തുടര്‍ച്ചായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലും കനത്ത സുരക്ഷയിലാണ്. വോട്ടെണ്ണല്‍ കഴിയുന്നതു വരെ കേന്ദ്രത്തിന്റെ 100 മീറ്ററിനുള്ളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളെ ഒത്തുചേരാന്‍ അനുവദിക്കില്ല. ഓരോ വോട്ടെണ്ണല്‍ കേന്ദ്രവും കനത്ത സുരക്ഷയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."