HOME
DETAILS

വഴിമുട്ടിയ മലയോര ഹൈവേ ആശങ്കയില്‍ മലയോരം

  
backup
August 27 2016 | 22:08 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87-%e0%b4%86%e0%b4%b6

പ്രതിഷേധവുമായി പാര്‍ട്ടികളും നാട്ടുകാരും

 

ജനങ്ങളോടുള്ള വെല്ലുവിളി: മൗലവി 
 കണ്ണൂര്‍: മലയോര ഹൈവേയുടെ പ്രവൃത്തി നിര്‍ത്തിവയ്ക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി. ജില്ലയിലെ മലയോര ജനതയുടെ സ്വപ്ന പദ്ധതിയാണു ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള റോഡ്. ഇതിന്റെ പ്രവൃത്തി പാതിവഴിയിലാണ് ഇപ്പോള്‍ നിര്‍ത്തിവച്ചത്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പക്ഷഭേദമില്ലാതെ പൊതുമരാമത്ത് രംഗത്ത് വന്‍ വികസനമാണു ജില്ലയില്‍ നടത്തിയത്. ഇപ്പോള്‍ ഇടതുമുന്നണി വികസനത്തില്‍ നിന്നു പിന്നാക്കം പോവുകയാണെന്നും മൗലവി പ്രസ്താവനയില്‍ പറഞ്ഞു.

പണി തകൃതി നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കരാറുകാര്‍ക്ക് ലഭിച്ചില്ല
ആലക്കോട്: മലയോര ഹൈവേയുടെ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുന്നണികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുമ്പോഴും പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി. നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവൊന്നും ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ചെറുപുഴ മുതല്‍ വള്ളിത്തോട് വരെ നാല് ഗ്രൂപ്പുകളായി നൂറുകണക്കിന് തൊഴിലാളികള്‍ നിര്‍മാണ പ്രവൃത്തിയുമായി സജീവമാണ്. റോഡിന്റെ വീതി കൂട്ടുന്നതിനാവശ്യമായ സംരക്ഷണഭിത്തിയുടെ നിര്‍മാണവും കലുങ്ക് നിര്‍മാണവുമാണ് പ്രധാനമായും നടക്കുന്നത്. സമരങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്നും തങ്ങളെ ഏല്‍പ്പിച്ച ദൗത്യം കൃത്യമായി പൂര്‍ത്തീകരിക്കുമെന്നുമാണ് സൊസൈറ്റിയുടെ വിശദീകരണം. യു.ഡി.എഫിന്റെ രാഷ്ട്രീയ പൊറാട്ട് നാടകമാണ് ഇപ്പോഴത്തെ സമരമെന്ന് ഇടതു നേതാക്കള്‍ ആരോപിക്കുമ്പോള്‍ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന വിവാദ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് കെ.സി ജോസഫ് എം.എല്‍.എയും പറയുന്നു.


സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം; വൈദികര്‍
പയ്യാവൂര്‍: മലയോര ഹൈവേയുടെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള നിര്‍മാണ പ്രവൃത്തി നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കെ ധൃതിപിടിച്ച് നിര്‍ത്തിവച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും പയ്യാവൂര്‍ ടൗണ്‍ പള്ളി പാരീഷ് ഹാളില്‍ ചേര്‍ന്ന മടമ്പം ഫൊറോനയിലെ വൈദികരുടെയും സന്യസ്തരുടെയും അല്‍മായരുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. യോഗം മടമ്പം ഫൊറോനാ ദേവാലയ വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ ഉദ്ഘാടനം ചെയ്തു. പി.എം മാത്യു അധ്യക്ഷനായി. ഫാ. സജി പുത്തന്‍പുരയ്ക്കല്‍, ഫാ.അരുണ്‍ മുയലുങ്കല്‍, സിസ്റ്റര്‍ സോണിയ, കെ ബിനോയി, സുഷ ബെന്നി സംസാരിച്ചു.

വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
പയ്യാവൂര്‍: വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടി വരുന്ന സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ കുട്ടികള്‍ നല്ല റോഡെന്ന മലയോര ഹൈവേ സ്വപ്‌നത്തിനു തടയിടരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സ്‌കൂള്‍ ലീഡര്‍ റിഷാദ് അബൂബക്കര്‍, ചെയര്‍പേഴ്‌സണ്‍ പ്രിയ ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് ജോണ്‍ ലൂക്കോസ് നേതൃത്വം നല്‍കി.


പുറകോട്ട് നടന്ന് പ്രതിഷേധം
ഇരിട്ടി: അകാരമായി മലയോര ഹൈവേ നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പായം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുറകോട്ട് നടന്ന് പ്രകടനം നടത്തി പ്രതിഷേധിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം വികസനം പുറകോട്ട് പോകുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രതിഷേധമെന്ന് നേതാക്കള്‍ പറഞ്ഞു. നാളത്തെ മലയോര ഹര്‍ത്താല്‍ ഹൈവേ കടന്നുപോകുന്ന വള്ളിത്തോട്, കുന്നോത്ത്, കൂട്ടുപുഴ, പേരട്ട, പെരിങ്കരി, മട്ടിണി, കോളിത്തട്ട് തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടാവുമെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം സ്‌കൂളുകളില്‍ ഓണപരീക്ഷ ആരംഭിക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് തടസമുണ്ടാവില്ല. യോഗത്തില്‍ പി.സി പോക്കര്‍, തോമസ് വര്‍ഗീസ്, ഷൈജന്‍ ജേക്കബ്, ജാനിഖാന്‍, എം ഹുസൈന്‍ കുട്ടി, നാണു നരോത്ത്, ജമീല നാസര്‍, അനിത ജാനിഖാന്‍ പങ്കെടുത്തു.

നടപടി പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം: കോണ്‍ഗ്രസ്
കണ്ണൂര്‍: മലയോരജനതയുടെ പ്രതീക്ഷകള്‍ക്കും വികസനസ്വപ്‌നങ്ങള്‍ക്കും തുരങ്കം വയ്ക്കുന്ന നടപടിയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ഡി.സി.സി നേതൃയോഗം. മലയോര ഹൈവേയുടെ നിര്‍മാണം നിര്‍ത്തിവച്ചുള്ള ഉത്തരവ് മലയോര ജനതയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മലയോരവികസനം മുന്നില്‍ കണ്ട് ആരംഭിച്ച മലയോര ഹൈവേ നിര്‍മാണം നിര്‍ത്താനുള്ള ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. നടപടി തിരുത്തുന്നതു വരെ സമരം നടത്തുമെന്നും യോഗം വ്യക്തമാക്കി. നാളെ പ്രഖ്യാപിച്ചിട്ടുള്ള മലയോര ഹര്‍ത്താലിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 9ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കാളികളാകും. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷനായി. വി.എ നാരായണന്‍, സതീശന്‍ പാച്ചേനി, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, പ്രൊഫ. എ.ഡി മുസ്തഫ, വി സുരേന്ദ്രന്‍ മാസ്റ്റര്‍, ടി.ഒ മോഹനന്‍, സോണി സെബാസ്റ്റ്യന്‍, മുണ്ടേരി ഗംഗാധരന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി മുരളി, കെ.ടി കുഞ്ഞഹമ്മദ് സംബന്ധിച്ചു.

പ്രക്ഷോഭമാരംഭിക്കും: മുസ്‌ലിം ലീഗ്
കണ്ണൂര്‍: മലയോര കുടിയേറ്റ മേഖലകളുടെ സമഗ്ര വികസനത്തിന് യു.ഡി.എഫിന്റെ സംഭാവനയായ മലയോര ഹൈവേ നിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ജില്ലാ മുസ്‌ലിംലീഗ് ഭാരവാഹികളുടെയും മണ്ഡലം നേതാക്കളുടെയും സംയുക്ത യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പദ്ധതിയെ തകിടം മറിക്കാനുള്ള ശ്രമത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും പ്രക്ഷോഭ പരിപാടികളില്‍ ലീഗ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അബ്ദുറഹിമാന്‍ കല്ലായി, വി.പി വമ്പന്‍, പെരിങ്ങോം മുസ്തഫ, അഡ്വ. എസ് മുഹമ്മദ്, ടി.എ തങ്ങള്‍, എന്‍.എ അബൂബക്കര്‍ പ്രസംഗിച്ചു.


ഹര്‍ത്താലിനെതിരേ മന്ത്രി
കണ്ണൂര്‍: മലയോര ഹൈവേ വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയപ്രേരിതമായ ഹര്‍ത്താല്‍ ഉപേക്ഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. നിര്‍മാണത്തിനാവശ്യമായ പണം കണ്ടെത്തുന്നതിനു പകരം ഹര്‍ത്താലും രാഷ്ട്രീയ ആഭാസസമരവും സംഘടിപ്പിക്കുന്നത് ശരിയല്ല. പ്രവൃത്തി ഏറ്റെടുക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പത്തുകോടി രൂപയ്ക്കു മുകളിലുള്ള പ്രവൃത്തികള്‍ക്ക് ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ലെന്നും ഇതിനുമുകളിലുള്ള പ്രവൃത്തികള്‍ കെ.എല്‍.എല്‍.എഫ്.ബി വഴിയാണ് നടപ്പാക്കുന്നതെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതും കെ.സി ജോസഫ് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ജി സുധാകരന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


കാരണം വ്യക്തമാക്കണമെന്ന് കെ.സി
കണ്ണൂര്‍: മലയോര ഹൈവേ പദ്ധതി അടിയന്തരമായി നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ പ്രവൃത്തി നിര്‍ത്തിവച്ചില്ലെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറയുന്നതു മലയോരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നു കെ.സി ജോസഫ് എം.എല്‍.എ. പ്രവൃത്തി തുടര്‍ന്നും നടത്തുമെന്നു പറയുന്നവര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നില്ലെന്നു വ്യക്തമാക്കണം. പെട്രോള്‍ ഡീസല്‍ സെസില്‍ നിന്നു 50 പൈസ വീതം മാറ്റിവച്ച് 15 വര്‍ഷത്തെ ആനുവിറ്റി സ്‌കീം ഉണ്ടാക്കിയാണു മലയോര ഹൈവേ ഉള്‍പ്പെടെ പത്തു പദ്ധതികള്‍ പത്തു ജില്ലകളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇടതുസര്‍ക്കാരിന്റെ സെസ് ആനുവിറ്റി സ്‌കീമില്‍ നിന്നു വക മാറ്റി പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതാണു ഫണ്ടില്ലാത്ത അവസ്ഥയുണ്ടാകാന്‍ കാരണം. യു.ഡി.എഫ് സര്‍ക്കാരല്ല തങ്ങളാണു മലയോര ഹൈവേ നടപ്പാക്കുന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമാണ് ഇടതുമുന്നണി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിര്‍മാണം തടസപ്പെടുന്ന പ്രശ്‌നമില്ല: എം.പി
കണ്ണൂര്‍: നിര്‍മാണമാരംഭിച്ച മലയോര ഹൈവേ പ്രവൃത്തികള്‍ തടസപ്പെടുന്ന പ്രശ്‌നമില്ലെന്ന് പി.കെ ശ്രീമതി എം.പി കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. സണ്ണി ജോസഫ് എം.എല്‍.എ ഉന്നയിച്ച ആശങ്കയോട് പ്രതികരിക്കുകയായിരുന്നു എം.പി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിലെ അനിശ്ചിതത്വമാണ് ഉത്തരവിനു കാരണമെന്നും അവര്‍ പറഞ്ഞു. മലയോര മേഖലയുടെ വികസനത്തിന് കുതിപ്പേകുന്ന ഹൈവേ നിര്‍മാണം സമയബന്ധിതമായി നടത്താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനും വികസന സമിതിയോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  7 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago