പഞ്ചാബ് കിങ്‌സിനെ ആറുറണ്‍സിന് കീഴടക്കി പ്ലേ ഓഫില്‍ പ്രവേശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഷാര്‍ജ: പഞ്ചാബ് കിങ്‌സിനെ ആറുറണ്‍സിന് കീഴടക്കി പ്ലേ ഓഫില്‍ പ്രവേശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂരിന്റെ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ചെന്നൈയും ഡല്‍ഹിയും നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ടീമാണ് ബാംഗ്ലൂര്‍. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയരാത്തത് പഞ്ചാബിന് തിരിച്ചടിയായി. പഞ്ചാബിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും നല്‍കിയത്. ശ്രദ്ധയോടെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ കുതിച്ചുയര്‍ന്നിരുന്നു. ആദ്യ പത്തോവറില്‍ 81 റണ്‍സാണ് അടിച്ചെടുത്തത്. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും കോഹ്‌ലിയ്ക്ക് കൂട്ടുകെട്ട് പൊളിക്കാനായില്ല. 35 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത രാഹുല്‍ ആദ്യ വിക്കറ്റില്‍ മായങ്കിനൊപ്പം 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മായങ്ക് അഗര്‍വാള്‍ 35 പന്തുകളില്‍ നിന്ന് അര്‍ധശതകം പൂര്‍ത്തിയാക്കി. നിക്കോളാസ് പൂരാന്‍ മൂന്ന് റണ്‍സ്മാത്രമാണെടുത്തത്.13 ഓവറില്‍ പഞ്ചാബ് 100 കടന്നു. അവസാന അഞ്ചോവറില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 52 റണ്‍സായിരുന്നു. എന്നാല്‍ 16ാം ഓവറില്‍ അപകടകാരിയായ മായങ്ക് അഗര്‍വാളിനെ ചാഹല്‍ പുറത്താക്കി.
പിന്നാലെ വന്ന സര്‍ഫ്രാസിനെ തകര്‍പ്പന്‍ പന്തിലൂടെ ബൗള്‍ഡാക്കി ചാഹല്‍ മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. എയ്ഡന്‍ മാര്‍ക്രത്തെ മടക്കി യുവതാരം ഗാര്‍ട്ടണ്‍ പഞ്ചാബിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. പിന്നീട് പഞ്ചാബിന് വേണ്ടി ഷാരൂഖ് ഖാനും മോയ്‌സസ് ഹെന്റിക്കസും ക്രീസിലൊന്നിച്ചു. അവസാന രണ്ടോവറില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 27 ആയി. മുഹമ്മദ് സിറാജ് ചെയ്ത 19ാം ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം പിറന്നതോടെ അവസാന ഓവറില്‍ പഞ്ചാബിന്റെ വിജയലക്ഷ്യം 19 ആയി.
ഹര്‍ഷല്‍ പട്ടേല്‍ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഹെന്റിക്കസ് റണ്‍ ഔട്ടായി. മൂന്ന് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആ ഓവറില്‍ 13 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഇതോടെ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കി. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."