സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട്?
ഫാ. വര്‍ഗീസ് ആലങ്ങാടന്‍
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദമായ കുറുവിലങ്ങാട്ട് പ്രസംഗം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച പിന്നിട്ടു. ഇതുവരെയായിട്ടും അത് ഉളവാക്കിയ അനുരണനങ്ങള്‍ കുറയുകയല്ല, കൂടിക്കൂടി വരികയാണ്. ഈ വിഷയത്തില്‍ മെത്രാന്‍ സമിതി ഖേദം പ്രകടിപ്പിക്കണമെന്ന് കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എമ്മിന്റെ മുന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രണ്ടു മതസമൂഹങ്ങള്‍ തമ്മില്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന മാനസികവും വൈകാരികവുമായ അകലവും സംഘര്‍ഷവും പരിഹരിക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്?
ബെനഡിക്റ്റ് പാപ്പയും ജിഹാദും
ഇവിടെ നമ്മള്‍ ഓര്‍മിക്കേണ്ട ഒരു ചരിത്ര സംഭവമുണ്ട്. ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് 2006ല്‍ ഒരു കത്തോലിക്കാ മതനേതാവിന്റെ ഭാഗത്തുനിന്ന് ഇതേപോലെ വിവാദമായ ഒരു പരാമര്‍ശമുണ്ടായി. പരാമര്‍ശം നടത്തിയത് വെറുമൊരു സാധാരണ മെത്രാനായിരുന്നില്ല. മറിച്ച്, ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ബനഡിക്ട് മാര്‍പാപ്പ ആയിരുന്നു. അദ്ദേഹം ജര്‍മനിയിലെ റെഗെന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ മധ്യകാലത്തെ ചക്രവര്‍ത്തിയായിരുന്ന മാനുവല്‍ രണ്ടാമന്റെ ഒരു ഉദ്ധരണി ഉപയോഗിച്ചു. അതില്‍ അദ്ദേഹം 'ജിഹാദ്' എന്ന പദം ഉപയോഗിച്ചു. അത് ആഗോള മുസ്‌ലിം സമൂഹത്തെ വല്ലാതെ വേദനിപ്പിച്ചു. ലോക മുസ്‌ലിം നേതാക്കളെല്ലാവരും തന്നെ മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരേ ശക്തമായി പ്രതികരിച്ചു. അതോടെ, ആഗോളതലത്തിലെ ക്രിസ്ത്യന്‍, മുസ്‌ലിം ബന്ധം താറുമാറായി.
അഞ്ചു ദിവസം കഴിഞ്ഞ്, സെപ്റ്റംബര്‍ പതിനേഴാം തീയതി, കാസ്റ്റല്‍ ഗന്‍ഡോള്‍ഫോയിലെ തന്റെ സമ്മര്‍ വസതിയുടെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് ബനഡിക്ട് മാര്‍പാപ്പ മുസ്‌ലിം ലോകത്തോട് പരസ്യമായി മാപ്പ് പറഞ്ഞു. തന്റെ പ്രസംഗത്തില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കുണ്ടായ വേദനക്ക് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന്, ലോക മുസ്‌ലിം നേതാക്കളെല്ലാവരും ചേര്‍ന്ന് കത്തെഴുതി, മാര്‍പാപ്പയുടെ ഏറ്റുപറച്ചില്‍ തുറന്ന മനസ്സോടുകൂടി സ്വീകരിക്കുകയും ചെയ്തു. അതോടുകൂടി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഉരുണ്ടുകൂടിയ വിവാദവും സംഘര്‍ഷവും അവസാനിച്ചു.
പതിനഞ്ച് വര്‍ഷം മുമ്പ് സമാനമായ ഒരു പ്രതിസന്ധിയില്‍ ആഗോള കത്തോലിക്കാസഭയുടെ നേതാവായ മാര്‍പാപ്പ കാണിച്ചുതന്ന മാതൃകയാണിത്. അന്ന് അദ്ദേഹം വളരെ നിഷ്‌കളങ്കമായി എടുത്ത് ഉപയോഗിച്ചതാണ് 'ജിഹാദ്' എന്ന പദം. അദ്ദേഹത്തിന്റേതായിരുന്നില്ല ആ പദം. ഉപയോഗിച്ച ഒരു ഉദ്ധരണിയില്‍ വന്നുപോയതായിരുന്നു. എങ്കില്‍ പോലും തന്റെ വാക്കുകള്‍ മുസ്‌ലിം സഹോദരങ്ങളെ വേദനിപ്പിച്ചുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരോട് മാപ്പുപറയാന്‍ അദ്ദേഹം തയാറായി!
നാട്ടുനടപ്പ്
നമ്മുടെ നാട്ടിലെ ഒരു നടപ്പുരീതി ഓര്‍ക്കാം. ബസ് യാത്രയാണ് സന്ദര്‍ഭം. തിങ്ങിനിറഞ്ഞ ഒരു ബസിലേക്ക് കയറുമ്പോള്‍ പലപ്പോഴും ആരുടെയെങ്കിലും കാലേല്‍ ചവിട്ടിയെന്നിരിക്കും. അപ്പോള്‍ നമ്മള്‍ എന്താണ് സാധാരണ ചെയ്യുക. വേദനിച്ചുവെന്ന് ആ വ്യക്തി പറയുന്നതിന് മുന്‍പേ തന്നെ അയാളുടെ കാലേല്‍ തൊട്ട് വന്ദിച്ച് നമ്മള്‍ ഖേദം പ്രകടിപ്പിക്കും. ഇതാണ് നമ്മുടെ നാട്ടുനടപ്പ്. ഇതാണ് നമ്മുടെ സംസ്‌കാരം. അറിയാതെ പറ്റിപ്പോകുന്ന ചെറിയൊരു വീഴ്ചയ്ക്ക് പോലും ഉടനടി നമ്മള്‍ ഖേദം പ്രകടിപ്പിക്കും, ക്ഷമ ചോദിക്കും. അപരന്റെ വ്യക്തിത്വത്തെയും അന്തസിനെയും മാനിക്കുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണിത്.
ഇപ്പോള്‍ മൂന്നാഴ്ചയായി മുസ്‌ലിം സഹോദരങ്ങള്‍ 'ഞങ്ങള്‍ക്ക് വേദനിച്ചു' എന്ന് വിളിച്ചുപറയാന്‍ തുടങ്ങിയിട്ട്. ജാതി, മതഭേദമന്യേ മറ്റനേകം പേരും ഇതേ കാര്യം തന്നെ ആവര്‍ത്തിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ബിഷപ്പ് കല്ലറങ്ങാട്ട് ഒരു വിശദീകരണമെങ്കിലും പറയാതിരിക്കുന്നത്? മുസ്‌ലിം സഹോദരങ്ങളെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകള്‍ മൂലം അവര്‍ക്ക് വേദനയുണ്ടായതില്‍ ഖേദിക്കുന്നുവെന്നെങ്കിലും പറയേണ്ടതായിരുന്നില്ലേ? അതിനുള്ള സാമാന്യമര്യാദ പോലും അദ്ദേഹത്തിനില്ലാതെ പോയത് എന്തുകൊണ്ടാണ്? അത്തരമൊരു ഖേദപ്രകടനത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ മറ്റ് മെത്രാന്മാര്‍ എന്തുകൊണ്ടാണ് തയാറാകാത്തത്? ഇതിലൂടെ തമസ്‌കരിക്കപ്പെടുന്നത് ക്രിസ്തുവും ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങളായ സാഹോദര്യവും പരസ്പര സ്‌നേഹവും വിട്ടുവീഴ്ചയും കാരുണ്യവുമല്ലേ?
കുറ്റകൃത്യങ്ങള്‍
'സ്റ്റേറ്റ്' കൈകാര്യം ചെയ്യട്ടെ
ബിഷപ്പിനെ ന്യായീകരിക്കുന്നവര്‍ പറയുന്നത് അദ്ദേഹം പറഞ്ഞ ലൗ ജിഹാദിനെക്കുറിച്ചും നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ചും അന്വേഷണം വേണമെന്നാണ്. ഈ ആവശ്യം ന്യായമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. ഇതേക്കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പരസ്യ പ്രസ്താവന നടത്തുകയുണ്ടായി. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞത് ബിഷപ്പ് കല്ലറങ്ങാട്ട് ഉയര്‍ത്തിയ രണ്ടു ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ്.
ഏതൊരു ജനാധിപത്യ സമൂഹത്തിലും സിവില്‍ സൊസൈറ്റിയിലും പരിപാലിക്കപ്പെടേണ്ട ഒരു മര്യാദയുണ്ട്. സ്‌റ്റേറ്റ് മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അതേപോലെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വങ്ങളില്‍ മതം കൈകടത്താതിരിക്കുക. സ്‌റ്റേറ്റിന്റെയും മതത്തിന്റെയും അതിര്‍ത്തികള്‍ പരസ്പരം മാനിക്കപ്പെടുന്നിടത്താണ് ജനാധിപത്യ സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും നര്‍കോട്ടിക്‌സിന്റെ ഉപയോഗവുമൊക്കെ ക്രിമിനല്‍ കുറ്റങ്ങളാണ്. അതൊക്കെ കൈകാര്യം ചെയ്യേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ, ബിഷപ്പിനെ ഉത്കണ്ഠപ്പെടുത്തുന്ന നാര്‍കോട്ടിക് ജിഹാദിന്റെ ഡാറ്റാ അദ്ദേഹം പൊലിസിനെയോ ആഭ്യന്തരവകുപ്പിനെയോ പണ്ടേതന്നെ ഏല്‍പ്പിക്കേണ്ടതായിരുന്നു.
ഇനി മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ ബിഷപ്പിന്റെ ഡാറ്റായുമായി ഒത്തുപോകുന്നില്ലെങ്കില്‍, അഥവാ ബിഷപ്പിന്റെ കൈയില്‍ കൂടുതല്‍ ഡാറ്റയുണ്ടെങ്കില്‍, അത് അദ്ദേഹം മുഖ്യമന്ത്രിക്കും പൊലിസിനും കൈമാറുകയാണ് ചെയ്യേണ്ടത്. അതല്ലേ ഒരു പൗരന്‍ എന്ന നിലയിലും അതിലുപരി ഒരു മതാധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ കടമ. അതിലൂടെയല്ലേ കുറ്റവാളികള്‍ കണ്ടുപിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുള്ളൂ. ഇത്രയും നാളായിട്ടും ഒരു ഡാറ്റയും ബിഷപ്പ് കൈമാറിയതായിട്ട് അറിവില്ല. അങ്ങനെയെങ്കില്‍, വെറും ഊഹാപോഹങ്ങളുടെ വെളിച്ചത്തിലായിരിക്കില്ലേ അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ രണ്ടു മതസമൂഹങ്ങളുടെ പരസ്പര വിശ്വാസം തകര്‍ക്കുന്നതിനും മതസ്പര്‍ധ വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഭാവിയില്‍ മതകലഹത്തിനുമല്ലേ വഴിവയ്ക്കുള്ളൂ.
മതാന്തര സംവാദം
ക്രിമിനല്‍ കുറ്റങ്ങളുടെ ഡാറ്റാ സ്റ്റേറ്റിന് കൈമാറിയ ശേഷവും രണ്ട് മതസമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ധയും നിലനില്‍ക്കുന്നുവെങ്കില്‍ പിന്നെ സ്വീകരിക്കേണ്ട അടുത്ത നടപടി എന്താണ്. ഇതിന് നമുക്ക് മാതൃക കാണിച്ചുതരുന്നത് ക്രിസ്തുവിനെ ആനുകാലികമായി അവതരിപ്പിക്കുന്ന ഫ്രാന്‍സീസ് പാപ്പായാണ്. ഇവിടെ ഓര്‍ക്കേണ്ടത് 2019 ഫെബ്രുവരിയില്‍ ഫ്രാന്‍സീസ് പാപ്പായും കെയ്‌റോയിലെ ഗ്രാന്‍ഡ് ഇമാമും സംയുക്തമായി ഒപ്പുവച്ച അബൂദബി ഡിക്ലറേഷന്‍ എന്ന മതാന്തര ധാരണാപത്രമാണ്. എന്നാല്‍ ഇത്തരമൊരു ധാരണാപത്രത്തില്‍ എത്തുന്നതിന് മുമ്പ് അവര്‍ ഇരുവരും അനേക പ്രാവശ്യം കൂടിക്കാണുകയും സംഭാഷണം നടത്തുകയും പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുകയും ചെയ്തു.
അബൂദബി ഡിക്ലേറേഷനിലൂടെ ഫ്രാന്‍സീസ് പാപ്പായും ഗ്രാന്‍ഡ് ഇമാമും നമ്മുടെ മുമ്പില്‍ വയ്ക്കുന്ന നിര്‍ദേശം വ്യക്തമാണ്: ഒരുമിച്ചിരിക്കുക, സംഭാഷണം നടത്തുക, ശ്രദ്ധയോടെ കേള്‍ക്കുക, പരസ്പരം മനസിലാക്കുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മാര്‍ഗവും ഇത് തന്നെയായിരുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മെത്രാന്മാര്‍ ഒരുമിച്ചിരുന്നുള്ള സഭാഷണത്തിന് ഇതുവരെ തയാറാകാതിരുന്നത്? മാര്‍ ക്‌ളീമ്മീസ് ബാവ മുന്‍കൈയെടുത്ത് വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ നിന്നു എന്തുകൊണ്ടാണ് സീറോ മലബാര്‍ സഭയുടെ പ്രതിനിധികള്‍ മാറിനിന്നത്. മാര്‍പാപ്പ ചൂണ്ടിക്കാണിച്ചുതരുന്നതും ക്രിസ്തീയമായതുമായ സംഭാഷണത്തിന്റെ വഴികള്‍ സീറോ മലബാര്‍ മെത്രാന്മാര്‍ക്ക് സ്വീകാര്യമല്ലെന്നാണോ? കേരളത്തിലെ സാധാരണ വിശ്വാസികളും പൊതുസമൂഹവും ഇതെല്ലം വീക്ഷിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് പല കാര്യങ്ങളിലും സീറോ മലബാര്‍ സഭാനേതൃത്വം ക്രിസ്തീയ മൂല്യങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തുവിരുദ്ധ വഴികളില്‍ നീങ്ങുന്നതായി വിശ്വസികള്‍ പോലും സംശയിക്കുന്നുണ്ട്.
പടര്‍ന്നുപിടിക്കുന്ന മതസ്പര്‍ധയും വിദ്വേഷവും
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിനിമയം നടന്നുകൊണ്ടിരിക്കുന്നത്. പാലാ പ്രസംഗം നടന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിലെ ചെളിവാരിയെറിയല്‍ ഇതുവരെ അവസാനിച്ചിട്ടില്ല; ഇപ്പോഴും അത് വര്‍ധിച്ച രീതിയില്‍ തുടരുകയാണ്. ഇരുഭാഗത്തെയും തീവ്രവാദ ഗ്രൂപ്പുകളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. പഴയ സംഭവങ്ങള്‍ കൂടാതെ, അനുദിനം കേരളത്തില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങളെ മുഴുവന്‍ മതസ്പര്‍ധ വളര്‍ത്താനുള്ള ഇന്ധനമാക്കി മാറ്റുകയാണിവര്‍. എന്തായിരിക്കും ഇതിന്റെ പരിണത ഫലം?
ഒന്നാമതായി സംശയവും സ്പര്‍ധയും അനുദിനം കൂടുതല്‍ പേരിലേക്ക് വ്യാപിക്കും. അതിലൂടെ, ഇരു സമൂഹത്തിലും ഇപ്പോള്‍ ചെറിയൊരു ന്യൂനപക്ഷമായിരിക്കുന്ന തീവ്രവാദികള്‍ വളര്‍ന്നു വളര്‍ന്നുവരും. രണ്ടാമതായി, ഇരു മതസമൂഹത്തിലും തീവ്രവാദത്തിനും തീവ്രവാദികള്‍ക്കും മേല്‍ക്കൈ കിട്ടാന്‍ തുടങ്ങും. അപ്പോഴാണ് തീവ്രവാദം ഭീകരവാദത്തിന് വഴിമാറുന്നത്. കേരളത്തെപോലെ ഒരു ബഹുസ്വരസമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന പരിണത ഫലങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.
എന്താണ് പോംവഴി? ഇരുസമൂഹത്തിലേയും മഹാഭൂരിപക്ഷം പേരും ഇപ്പോഴും സമാധാനത്തിന്റെ വഴി തേടുന്നവരാണ്. വളരെ ചെറിയൊരു സംഘം മാത്രമേ തീവ്രവാദത്തിന്റെ പാത സ്വീകരിച്ചിട്ടുള്ളൂ. പക്ഷേ, ഈ ന്യൂനപക്ഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ ന്യൂനപക്ഷ തീവ്രവാദികളെ നിയന്ത്രിക്കുകയാണ് ആദ്യപടി. അതിന്, ആദ്യം വേണ്ടത് ഇരുപക്ഷത്തെയും ഭൂരിപക്ഷം വരുന്ന മിതവാദികളുടെ നേതാക്കള്‍ ഒരു മേശക്ക് ചുറ്റുമിരിക്കുകയാണ്. മിതവാദികള്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ മാത്രമേ, തീവ്രവാദത്തെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂ. മറ്റൊന്ന്, മതാന്തര സഭാഷണത്തിനായി പ്രാദേശിക ഘടകങ്ങള്‍ക്ക് രൂപം കൊടുക്കണം. ഇരു വിഭാഗത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള സമിതികള്‍ക്ക് ഏതൊരു പ്രാദേശിക മതാന്തര പ്രശ്‌നവും ഏറ്റെടുക്കാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ അത് പരിഹരിക്കാനും സാധിക്കും.
ഇരു വിഭാഗത്തിന്റെയും നേതാക്കള്‍ എത്രയും വേഗം ഒരുമിച്ചിരിക്കുകയാണ് അത്യാവശ്യം. മുമ്പോട്ട് പോകുന്തോറും പ്രശ്‌നം വഷളാവുകയും കൈവിട്ടുപോകുകയും ചെയ്യുമെന്ന് മറക്കണ്ട. പഴയൊരു പഴഞ്ചൊല്ലില്ലേ: 'സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട്'.
(യൂനിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് സ്ഥാപകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."