കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം: പ്രതിഷേധം ഇരമ്പുന്നു, ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി റോഡ് ഉപരോദിക്കുകയാണ് കര്‍ഷകര്‍. അതിനിടെ പ്രതിഷേധവുമായി എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സീതാപൂരില്‍ വെച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാല് പേര്‍ കര്‍ഷകരാണ്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
കേന്ദ്രമന്ത്രിയുടെ മകനായ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നത്. അയാള്‍ക്കെതിരെ കേസെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമയി കലക്ടറേറ്റ് വളയുമെന്ന് കിസാന്‍മോര്‍ച്ച വ്യക്തമാക്കിയിട്ടുണ്ട്. അപകടം വരുത്തിയ കാറിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ.ദര്‍ശന്‍ പാല്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അജയ് മിശ്ര കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഖേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."