എന്‍.സി ഷെരീഫ്
മഞ്ചേരി: സെമി കേഡര്‍ സംവിധാനത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങി മുസ്‌ലിം ലീഗ്. ആള്‍ക്കൂട്ടങ്ങള്‍ക്കു പകരം അച്ചടക്കമുള്ള പ്രവര്‍ത്തകരെയും നേതാക്കളെയും വാര്‍ത്തെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മഞ്ചേരിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
താഴേതലത്തിലെ പ്രവര്‍ത്തകര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പാലിക്കേണ്ട പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന അച്ചടക്ക സമിതിക്ക് പുറമെ ജില്ലകളില്‍ സമിതികള്‍ രൂപീകരിച്ച് സംഘടനാ അച്ചടക്കം നിര്‍ബന്ധമാക്കും. അണികളുടെയും നേതാക്കളുടെയും പ്രതികരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.
അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരേ ജില്ലാ സമിതികള്‍ നല്‍കുന്ന ശുപാര്‍ശ പരിശോധിച്ച് സംസ്ഥാന പ്രസിഡന്റ് നടപടി സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട 12 മണ്ഡലങ്ങളിലും രണ്ടംഗങ്ങള്‍ വീതമുള്ള സമിതികള്‍ അന്വേഷണം നടത്തും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും.
ഹരിതയുടെ പ്രവര്‍ത്തനം കാംപസുകളില്‍ മാത്രമാക്കും. പുതിയ അംഗത്വ കാംപയിന്‍ ആരംഭിക്കുന്നതോടെ ഹരിതയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടും. ഇതിനു പകരമായി യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളില്‍ 20 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കും. നാലു മാസത്തിനകം പാര്‍ട്ടിയുടെ പുതിയ ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ ഭരണഘടനാനുസൃതമായി പുനഃക്രമീകരിക്കാനും തീരുമാനിച്ചു. പത്തംഗ സമിതി തയാറാക്കിയ നയരേഖയ്ക്ക് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. പാര്‍ട്ടിയുടെ നയനിലപാടുകളിലെ പാളിച്ചകള്‍ക്ക് പരിഹാരം കാണാന്‍ വിദഗ്ധരുമായി ആശയവിനിമയം നടത്തി നൂതനമായ കാഴ്ചപ്പാടുകള്‍ തേടും. പാര്‍ട്ടി പത്രത്തിന്റേതുള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമ്പത്തിക വീക്ഷണം സംബന്ധിച്ച് പഠനം നടത്താനും തീരുമാനമായി. അനാരോഗ്യം മൂലം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തകസമിതി ചേര്‍ന്നത്.
നേതാക്കള്‍ ഇഷ്ടാനുസരണം മാധ്യമങ്ങളെ കാണുന്നതിന് മുസ്‌ലിം ലീഗില്‍ നിയന്ത്രണം. പാര്‍ട്ടിയുടെ മീഡിയ വിങ്ങിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ കാര്യങ്ങള്‍ മാത്രമേ മാധ്യമങ്ങളോട് പങ്കുവയ്ക്കാവൂ എന്ന നയരേഖയിലെ നിര്‍ദേശം യോഗം അംഗീകരിച്ചു. നേതാക്കള്‍ കൂട്ടമായി മാധ്യമങ്ങളെ കാണുന്ന പതിവുരീതിയും ഇല്ലാതാക്കും. പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തനിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് ഇതിന്റെ ഭാഗമാണ്.
സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്ന് ചുമതലപ്പെടുത്തുന്നവര്‍ മാത്രമാകും ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക. മാധ്യമങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താനും അനുകൂല വാര്‍ത്തകള്‍ സൃഷ്ടിക്കാനും സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മീഡിയ വിങ്ങിന് ചുമതല നല്‍കി.