HOME
DETAILS
MAL
വിവാദം 'ലൗ ജിഹാദി'നെ ചൊല്ലി; കാംപസുകളില്‍ ജീവനെടുത്ത് പ്രണയപ്പക
backup
October 04 2021 | 03:10 AM
സുനി അല്‍ഹാദി
കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദിനെ ചൊല്ലി ബോധപൂര്‍വമുള്ള വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും കാംപസുകളെ ഭീതിയിലാഴ്ത്തുന്നത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് കോളജ് വിദ്യാര്‍ഥിനികള്‍ക്കാണ് സഹപാഠികളുടെ പ്രണയപ്പകയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട നിധിനമോളുടെ അമ്മ ബിന്ദുവിന്റെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എട്ട് പെണ്‍കുട്ടികള്‍ക്ക് പ്രണയം നിരസിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ തുടരെ ആവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ജൂണ്‍ 17ന് പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിനിയായ ദൃശ്യയെ സഹപാഠിയായ മഞ്ചേരി സ്വദേശി വിനീഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനം തീവച്ച് നശിപ്പിച്ചശേഷവും പക തീരാതിരുന്ന പ്രതി ദൃശ്യയെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. തൊട്ടടുത്ത മാസം ജൂലൈ 30ന് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി മാനസയെ കോളജിനടുത്ത് ഇവര്‍ താമസിക്കുന്ന വീട്ടില്‍ കയറി വെടിവച്ച് കൊന്ന സംഭവവും കേരളത്തെ ഞെട്ടിച്ചു. പ്രണയം നിരസിച്ചതിന്റെ പേരില്‍ തന്നെയാണ് കണ്ണൂര്‍ സ്വദേശി രഖില്‍ സഹപാഠികളുടെ മുമ്പില്‍ വച്ച് മാനസയെ വെടിവച്ച് കൊന്നത്.
2017 ഫെബ്രുവരിയിലാണ് കോട്ടയം എസ്.എം.ഇ കോളജില്‍ ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ ഇതേ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ആദര്‍ശ് പെട്രോളൊഴിച്ച് തീകൊളുത്തികൊന്നത്. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.
2019 മാര്‍ച്ച് 12നാണ് തിരുവല്ല ഐരൂര്‍ സ്വദേശി കവിത വിജയകുമാറിനെ കോളജിലേക്ക് പോകുംവഴി അജിന്‍ റെജി മാത്യുസ് എന്ന 18 കാരന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിപരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. തൊട്ടടുത്ത മാസം ഏപ്രില്‍ നാലിനാണ് തൃശൂരില്‍ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിനിയായ നീതുവിനെ സമാനമായ രീതിയില്‍ തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ നിതീഷ് വീട്ടിലെത്തി കുത്തിപരുക്കേല്‍പ്പിച്ചശേഷം പെട്രോള്‍ ഒഴിച്ചുകത്തിച്ചത്.
അതേവര്‍ഷം ജൂലൈയില്‍ പ്രണയപ്പകയില്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി പെട്രോളൊഴിച്ചു കത്തിച്ചു. പത്തനംതിട്ട കടമനിട്ട സ്വദേശി ശാരികയെയാണ് അകന്ന ബന്ധുകൂടിയായ സജില്‍ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇതേവര്‍ഷം തന്നെ ഒക്ടോബറില്‍ കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിനി ദേവികയെ പറവൂര്‍ സ്വദേശി മിഥുന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവവും ഉണ്ടായി.
ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും കാംപസുകളില്‍ ബോധവല്‍ക്കരണം നടത്തും എന്ന ഒഴുക്കന്‍ പ്രസ്താവന നടത്തി വനിതാ കമ്മിഷന്‍ അടക്കമുള്ള അധികൃതര്‍ കൈകഴുകുകയാണ്. പ്രണയപ്പകയില്‍ പെണ്‍മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ ഇടനെഞ്ചുപൊട്ടിയുള്ള വിലാപങ്ങള്‍ തുടര്‍ക്കഥയായി മാറുകയും ചെയ്യുന്നു. കാംപസുകളില്‍ പ്രണയപ്പകയില്‍ പെണ്‍കുട്ടികളുടെ ജീവന്‍ പൊലിയുമ്പോഴും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ലൗ ജിഹാദിന്റെ പേരില്‍ സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."