ഭരണഘടനാതീതരായി മഹന്തുമാരെ പ്രഖ്യാപിക്കരുതോ?
എ. റശീദുദ്ദീന്‍
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി അടയുമെന്ന് ഭീഷണിപ്പെടുത്തിയ അയോധ്യയിലെ സ്വാമി പരമഹംസ് 'ജിന്ന'യെ രാജ്യം ഒരു ചുക്കും ചെയ്തില്ല. അയാളൊട്ട് 'സമാധി'യായതുമില്ല. രാജ്യത്തിന്റെ ഭരണഘടനക്കെതിരേ ഇത്രയും ധിക്കാരപൂര്‍ണമായ ഒരു വെല്ലുവിളി സമീപകാലത്തെപ്പോഴെങ്കിലും ഇന്ത്യ കണ്ടിരുന്നുവോ? ഉണ്ടായിരിക്കാന്‍ ഇടയില്ല. സ്വാമിയുടെ വീടിനു പുറത്ത് പൊലിസുകാരുടെ വലിയ പട തന്നെ ഒരുക്കിയും ഗോദി മീഡിയയിലെ സകല വേതാളങ്ങളെയും ഇറക്കിവിട്ടും ഇതൊരു മഹാസംഭവമാക്കി മാറ്റിയെടുക്കുകയാണ് ഉത്തര്‍പ്രദേശിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ ചെയ്തത്. രാജ്യത്തിന് ഉപകാരശൂന്യമായ സ്വന്തം പ്രാണനെ അല്ല ഭരണഘടനയെയാണ് തത്വത്തില്‍ അയാള്‍ സരയൂനദിയില്‍ ഒഴുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പൗരത്വം നിഷേധിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താനാവില്ലെന്നാണ് ജിന്നയുടെ പ്രേതം ആവാഹിച്ച ഈ സന്ന്യാസിയുടെ വാദം. രാജ്യത്ത് ആഭ്യന്തര കലഹം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നില്ലേ അത്. ഇന്ത്യ സുരക്ഷിതമാവുന്നത് ഹിന്ദുമതത്തിലൂടെയാണെന്നും ബാക്കിയുള്ളവരെ രാജ്യം ബഹിഷ്‌കരിക്കണമെന്നും പരസ്യമായി ആവശ്യപ്പെടുകയും ഈ പ്രചാരണം ഏറ്റുപിടിക്കാന്‍ ആളെക്കൂട്ടുകയുമാണ് സ്വാമി പരമഹംസ് ചെയ്തത്. നിലനില്‍ക്കുന്ന നിയമമനുസരിച്ച് ജാമ്യമില്ലാതെ പിടിച്ച് അകത്തിടേണ്ട ലക്ഷണമൊത്ത രാജ്യദ്രോഹ കേസ്.
രാജ്യത്ത് ഇന്നുള്ള സകല രാഷ്ട്രീയ ഫ്രോഡുകളെയും പ്രവൃത്തികൊണ്ട് മറികടക്കാന്‍ ശേഷിയുള്ള മഹന്താണ് സ്വയം ആചാര്യനും ജഗദ്ഗുരുവുമൊക്കെയായി വിശേഷിപ്പിക്കുന്ന ഈ അയോധ്യാ സന്ന്യാസി. ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനുശേഷം രാഷ്ട്രീയം മോക്ഷമാര്‍ഗമായി സ്വപ്‌നം കാണുന്ന സന്ന്യാസിമാരുടെ പട്ടികയിലേക്കാണ് പൊതുമണ്ഡലത്തിലെ ഏറ്റവും മോശപ്പെട്ട ട്രാക്ക് റെക്കോര്‍ഡുമായി മഹന്ത് പരമഹംസിന്റെ വരവ്. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളിലൂടെയാണ് ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. 2018ല്‍ അയോധ്യയിലെ രാമക്ഷേത്രത്തിനു വേണ്ടിയായിരുന്നു ഇയാളുടെ ആദ്യത്തെ ആത്മഹത്യാ ഭീഷണി. തൊട്ടടുത്ത വര്‍ഷം കുംഭില്‍ ക്ഷേത്രം നിര്‍മിക്കാത്തതിനെ ചൊല്ലിയായിരുന്നു ആത്മഹത്യാ നാടകം. ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു 2020ല്‍ ഇയാള്‍ ജീവെനാടുക്കുമെന്ന് ഭയപ്പെടുത്തിയത്. പ്രാദേശിക തലത്തില്‍ ഒതുങ്ങിയ ഈ ഉഡായിപ്പുകള്‍ ഇതാദ്യമായാണ് ദേശീയമാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. മുന്‍കാല ഭീഷണികളിലൊന്നിലും ജീവെനാടുക്കാന്‍ ഒരു ദുര്‍ബലശ്രമം പോലും നടത്തിയിട്ടില്ലാത്ത ഈ കപട സന്ന്യാസി പതിവുപോലെ ഇത്തവണയും പൊതുജനത്തെ വിഡ്ഢികളാക്കി. കന്നാസിലെ അര ലിറ്റര്‍ വെള്ളംകൊണ്ട് നസ്യം ചെയ്തു മരിക്കുമെന്ന് ടി.വി ചാനലുകള്‍ക്കു മുമ്പില്‍ വിളിച്ചുപറയുന്നതുവരെയും ഈ നാടകത്തിന് സിംബല്‍ അടിച്ചു രസിക്കുകയായിരുന്നു ഏതാണ്ടെല്ലാ ദേശീയമാധ്യമങ്ങളും. പരമഹംസ് മരിക്കുന്നതും ബാക്കിയാവുന്നതുമൊന്നുമായിരുന്നില്ല യഥാര്‍ഥത്തില്‍ ഈ വാര്‍ത്തയുടെ മര്‍മ്മം. ഗാന്ധി ജയന്തി ദിവസത്തില്‍ ഹിന്ദുരാഷ്ട്രവാദം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വഴിയൊരുക്കിയതിനാണ് ഗോദി മീഡിയ ഇയാളെ ഏറ്റുപിടിച്ചത്. ഒന്നുകില്‍ ഗാന്ധിജിയെ നേര്‍ക്കുനേരെ, അല്ലെങ്കില്‍ അദ്ദേഹം മുന്നോട്ടുവച്ച സഹിഷ്ണുതയുടെ സിദ്ധാന്തങ്ങളെ. രണ്ടിലൊന്നിനെ കൊലവിളിക്കാതെ 2014നുശേഷം ഒരു ഗാന്ധി ജയന്തി ദിനം പോലും ഇന്ത്യയില്‍ കടന്നുപോയിട്ടില്ല. ഗാന്ധി ജയന്തി ദിനത്തില്‍ ആശംസയര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങളില്‍ പോലും ഗാന്ധിയെ കൊല്ലാക്കൊല ചെയ്യുന്നുണ്ടായിരുന്നു. ഈ പരമ്പരയിലെ ഏറ്റവും മഹത്തായ പങ്കുവഹിച്ച സ്വാമി എന്ന നിലയില്‍ തന്റെ രാഷ്ട്രീയ വിലപേശല്‍ ശേഷിയെ പരമഹംസ് ഒന്നു കൂടെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഹിന്ദുത്വ മതമൗലികവാദം ആഗോളതലത്തില്‍ വലിയ ചര്‍ച്ചക്ക് വഴിയൊരുക്കുമ്പോഴും ഇത്തരം മഹന്തുകളെ നിയന്ത്രിക്കുകയല്ല രാജ്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഏറ്റവുമൊടുവിലത്തെ വിദേശ സന്ദര്‍ശനത്തില്‍ അമേരിക്കയുടേത് ഉള്‍പ്പെടെ ഇന്ത്യയോടുള്ള നിലപാടുകളില്‍ വരുന്ന മാറ്റത്തിന്റെ സൂചനകള്‍ വായിച്ചെടുക്കാനാവും. ഐക്യരാഷ്ട്രസഭയില്‍ ഒട്ടുമിക്ക ലോക രാജ്യങ്ങളും ഇത്തവണ മോദിയെ കേള്‍ക്കാനെത്തിയില്ല. ലോക നേതാവ് എന്ന ഹീറോ പരിവേഷത്തില്‍ നിന്ന് സീറോയിലേക്ക് മോദിയുടെ സ്വീകാര്യത ഇടിച്ചുതാഴ്ത്തിയത് മറ്റാരുമല്ല അദ്ദേഹത്തിന്റെ സ്വന്തം അണികള്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതമൗലികവാദികള്‍ മുസ്‌ലിംകളല്ലെന്നും ഹിന്ദുക്കളാണെന്നും ഇസ്‌റാഈലി ദിനപത്രമായ ഹേററ്റ്‌സ് പോലും പോയവാരം എഴുതി. നരേന്ദ്ര മോദി ലോക നേതാക്കളോട് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് പ്രസംഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ യഥാര്‍ഥ ഭീഷണി അതിവേഗം തീവ്രവാദികളായി മാറുന്ന ഹിന്ദു ആള്‍ക്കൂട്ടങ്ങളാണെന്നും മോദിയുടെ പാര്‍ട്ടി അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്നുമാണ് പത്രം കുറ്റപ്പെടുത്തിയത്. തൊട്ടു മുമ്പത്തെ ആഴ്ചയിലുടനീളം ഇസ്‌ലാമിക ഭീകരതയെ കുറിച്ച് പ്രസംഗിക്കുന്ന തിരക്കിലായിരുന്നുവല്ലോ പ്രധാനമന്ത്രി. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനിലാണ് അഫ്ഗാനിലെ താലിബാന്‍ ഭരണമാറ്റത്തെ മുന്‍നിര്‍ത്തി നരേന്ദ്ര മോദി ഇസ്‌ലാമിക ഭീകരതക്കെതിരേ ആഞ്ഞടിച്ചത്. യു.എന്നില്‍ നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഇതേ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ആഗോള ഐ.എസ് പ്രാതിനിധ്യത്തില്‍ ഒരു ശതമാനം പോലും ഇന്ത്യന്‍ മുസ്‌ലിംകളില്ലെന്നാണ് ഹേററ്റ്‌സ് ചൂണ്ടിക്കാട്ടിയത്. മതതീവ്രവാദത്തെ എതിരിടാനായി യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കണമെന്നു കൂടി ഷാങ്ഹായി യോഗത്തില്‍ മോദി അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാ അര്‍ഥത്തിലുമുള്ള ആത്മവഞ്ചനയായിരുന്നു അത്. 2014ലെ ഭാരതീയ ശാസ്ത്ര കോണ്‍ഗ്രസില്‍ മോദി നടത്തിയ പ്രസംഗം ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ യുക്തിചിന്തയുടെ അതിപ്രസരംകൊണ്ട് കണ്ണ് തള്ളിപ്പോകും! ഗണപതിക്ക് ആനയുടെ തലവച്ചു പിടിപ്പിച്ചതും കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന് പുറത്ത് ജനിച്ചതും രാവണന്‍ പുഷ്പക വിമാനത്തില്‍ പോയതുമൊക്കെ പൗരാണിക ഇന്ത്യയിലെ സാഹിത്യകാരന്‍മാരുടെ ഭാവനയുടെ ഉദാഹരണങ്ങളായിട്ടല്ല മറിച്ച് ഭാരതീയ ശസ്ത്രക്രിയാ പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സുവര്‍ണനേട്ടങ്ങളായാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. അതിനെയൊക്കെ പരിഹസിച്ചുകൊണ്ടിരുന്നവരാണ് ഗൗരി ലങ്കേഷും പന്‍സാരെയും ദബോല്‍ക്കറുമൊക്കെ. അവര്‍ക്ക് എന്തു സംഭവിച്ചു എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. അതേ ഇന്ത്യയിലിരുന്നാണ് മോദി മധ്യേഷ്യന്‍ രാജ്യങ്ങളോട് യുക്തിചിന്തയെ കുറിച്ച് പ്രസംഗിക്കുന്നത്.
പറഞ്ഞുവരുന്നത് പരമഹംസിനെ കുറിച്ചാണ്. ഇതു പോലുള്ള സന്ന്യാസി വേഷങ്ങള്‍ രാജ്യത്തിനുണ്ടാക്കുന്ന നാണക്കേടിെന കുറിച്ചാണ്. സഹിഷ്ണുത അടിസ്ഥാനമന്ത്രമായ അറബ് രാജ്യങ്ങളില്‍ പോലും ഇന്ത്യയിലെ വംശീയ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചയായി. നിരവധി അന്താരാഷ്ട്ര ഗ്രൂപ്പുകളില്‍ വൈറലായി പടരുന്നത് ഹിന്ദുത്വ ആചാര്യന്‍മാരുടെയും ആള്‍ക്കൂട്ടങ്ങളുടെയും പേക്കൂത്തുകളെക്കുറിച്ചാണ്. സന്ന്യാസി വേഷം കെട്ടിയവരുടെ രാജ്യദ്രോഹം അവഗണിക്കപ്പെടേണ്ടതാണെങ്കില്‍ അതിന്നായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കിയെടുക്കരുതോ ബി.ജെ.പിക്ക്? മാത്രവുമല്ല, കാഷായ വേഷത്തിന്റെ ആത്മീയതയുമായി ബന്ധപ്പെട്ടുമില്ലേ ഇത്തരം സന്ന്യാസിമാര്‍ സമൂഹത്തിലുണ്ടാക്കുന്ന അവമതിപ്പ്. സന്ന്യാസിമാരുടെ എന്ത് വൃത്തികേടും രാജ്യം ചുമക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനമെന്താണ്? അവര്‍ ആത്മീയ ആചാര്യന്‍മാരായതുകൊണ്ടാണോ? എങ്കില്‍ പിന്നെ ഇതേ ഉത്തര്‍പ്രദേശില്‍ ഏതാനും ദിവസങ്ങള്‍ക്കു മാത്രം മുമ്പ് മൗലാനാ കലീം സിദ്ദീഖിയെ എന്തിനായിരുന്നു അറസ്റ്റ് ചെയ്തത്? അദ്ദേഹം സ്വന്തം മതവിശ്വാസം പ്രചരിപ്പിച്ചത് കുറ്റമാണെങ്കില്‍ പരമഹംസ് പരമത വിദ്വേഷമല്ലേ പ്രചരിപ്പിച്ചത്? രാഷ്ട്രസുരക്ഷ എന്നത് ഒരുതരം കാപട്യമാവുകയല്ലേ ഈ നടപടികളിലൂടെ സംഭവിക്കുന്നത്? ചിന്തയിലും പ്രവൃത്തിയിലും ഭരണത്തിലും പരവഞ്ചനയും ആത്മവഞ്ചനയും അടിസ്ഥാന പ്രമാണങ്ങളായി മാറിയ ഒരു പ്രത്യയശാസ്ത്രത്തിന്റെ പലതരം നിദര്‍ശനങ്ങളാണിതൊക്കെയും. നിയമവാഴ്ചയുടെ എഴുതിവച്ച നടപടിക്രമങ്ങളെ പോലും ബി.ജെ.പിയുടെ സര്‍ക്കാരുകള്‍ ചവിട്ടിത്തേക്കുന്നുണ്ട്. ഭരണഘടനയില്‍ തൊട്ട് വായകൊണ്ട് സത്യപ്രതിജ്ഞ നടത്തുകയും അതിന്റെ തത്വങ്ങളെ അര്‍ഥത്തിലും പ്രയോഗത്തിലും ദുര്‍ബലമാക്കാന്‍ മനസുകൊണ്ട് ഉറച്ചുവിശ്വസിക്കുകയും ചെയ്യുമ്പോഴാണ് പിടിച്ച് ജയിലില്‍ ഇടേണ്ട ഒരുത്തന്റെ വീടിനു ചുറ്റും പൊലിസിെന നിയോഗിച്ചും ടെലിവിഷന്‍ മാധ്യമങ്ങളെ കയറൂരിവിട്ടും അയാള്‍ക്ക് പേരും പെരുമയുണ്ടാക്കി കൊടുക്കുന്നത്.
അയോധ്യാ നാടകത്തിനൊടുവില്‍ മഹന്ത് പരമഹംസിനെ മാത്രമല്ല ജയിലില്‍ അടക്കേണ്ടത്. അയാളെ പിന്തുണക്കാനായി അയോധ്യയിലേക്ക് വന്നതിലൂടെ ഭരണഘടനയെയും രാഷ്ട്രപിതാവിനെയും അപമാനിച്ച മുഴുവന്‍ രാജ്യദ്രോഹികള്‍ക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തണം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ യു.പിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ ഈ പരമഹംസിന് 'കീ ജയ്' വിളിക്കാന്‍ ആള്‍ക്കൂട്ടം അയോധ്യയില്‍ എത്തിയിരുന്നുവെന്നാണ്. അയോധ്യയിലെ നിരവധി സന്ന്യാസി സമൂഹങ്ങളും സനാതന്‍ ഹിന്ദു ധര്‍മ്മ സംരക്ഷണ യോഗം വിളിച്ചുചേര്‍ത്തിരുന്നു. സീ ന്യൂസ്, ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങിയ ടി.വി ചാനലുകള്‍ അയോധ്യയിലെ നദിക്കരയിലും മഠത്തിലും നഗരത്തിലുമായി എത്ര വീതം റിപ്പോര്‍ട്ടര്‍മാരെ വിന്യസിച്ചാണ് ഈ പാഷാണത്തെ ഇന്റര്‍വ്യൂ ചെയ്തതും പൂര്‍വകാല ചരിത്രമനുസരിച്ച് ഇയാളൊരിക്കലും ചെയ്യാനിടയില്ലാത്ത ഈ ആത്മഹത്യാ നാടകത്തെ പൊലിപ്പിച്ചുനിര്‍ത്തിയതും. വിഷലിപ്തമായ അയാളുടെ വാക്കുകള്‍ അടിക്കടി ബ്രേക്കിങ് ന്യൂസായി നല്‍കി രാജ്യത്തെ ശിഥിലമാക്കാന്‍ വഴിയൊരുക്കിയ ഈ മാധ്യമങ്ങള്‍ സാമൂഹികമായ ഒരു കുറ്റകൃത്യത്തിലെ കൂട്ടുപ്രതികളാവുക മാത്രമാണുണ്ടായത്. മറ്റേതെങ്കിലുമൊരു മതത്തിന്റെ അധ്യക്ഷനാണ് സമാനമായ രീതിയില്‍ പരമത വിദ്വേഷം പ്രചരിപ്പിക്കാനായി അന്തര്‍ സംസ്ഥാനതലത്തിലടക്കം ആളെ കൂട്ടിയതെങ്കില്‍ പട്ടാളത്തെ ഇറക്കുന്നതു മുതല്‍ക്ക് എന്തൊക്കെയാവും ഏതു സര്‍ക്കാരും ചെയ്തിട്ടുണ്ടാവുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."