ശൈശവ വിവാഹം: 2019ല്‍ അമ്മമാരായത് 20,995 പേര്‍
സ്വന്തം ലേഖകന്‍
കൊച്ചി: സംസ്ഥാനത്ത് 18 തികയുന്നതിനു മുമ്പ് അമ്മമാരാകുന്നവരുടെ എണ്ണം കൂടുന്നു. 2019ല്‍ 18 തികയാത്ത 20,995 പെണ്‍കുട്ടികള്‍ അമ്മമാരായെന്ന് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കാലയളവില്‍ 15നും 18നും ഇടയില്‍ പ്രായമുള്ള 316 പേര്‍ രണ്ടാമത്തെ കുഞ്ഞിനും 59 പേര്‍ മൂന്നാമത്തെയും 16 പേര്‍ നാലാമത്തെയും കുഞ്ഞിന് ജന്മം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമപ്രദേശങ്ങളിലാണ് നേരത്തെ ശൈശവ വിവാഹങ്ങള്‍ നടന്നതെങ്കില്‍ 2019ലെ കണക്കുകള്‍പ്രകാരം നഗരമേഖലകളിലാണ് കൂടുതല്‍. 5,747 പേര്‍ മാത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍.
ഭൂരിഭാഗംപേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് പല പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ല്‍ ജനിച്ചവരില്‍ കൂടുതലും ആണ്‍കുട്ടികളെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലയളവില്‍ 2,44,953 ആണ്‍കുട്ടികളും 2,35,129 പെണ്‍കുട്ടികളുമാണ് ആകെ ജനിച്ചത്. 31 കുഞ്ഞുങ്ങളുടെ ലിംഗഭേദം രേഖപ്പെടുത്തിയിട്ടില്ല. 98.95 ശതമാനം പ്രസവവും ആശുപത്രികളിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."