വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ഗവേഷകര്‍ക്ക്
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ യു.എസ് ജീവരസതന്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആര്‍ഡേം പറ്റാപൗടിയന്‍ എന്നിവര്‍ പങ്കിട്ടു. മനുഷ്യശരീരത്തില്‍ ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ കണ്ടെത്തിയതിനാണ് പുരസ്കാരമെന്ന് ജൂറി അറിയിച്ചു. 10 ലക്ഷം ഡോളര്‍ സമ്മാനത്തുക ഇരുവരും പങ്കിട്ടെടുക്കും.
സ്പര്‍ശവും വേദനയും ചൂടും ഏല്ക്കുമ്പോള് നമ്മുടെ ശരീരം അത്തരം ഭൗതിക സംവേദനങ്ങളെ എങ്ങനെ വൈദ്യുത സ്പന്ദനങ്ങളാക്കി സിരാവ്യൂഹത്തില്‍ എത്തിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലാണ് ഇരുവരും നടത്തിയതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജൂറി പറഞ്ഞു. വിട്ടുമാറാത്ത വേദന ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ചികിത്സ വികസിപ്പിക്കാന്‍ ഈ അറിവ് ഉപയോഗിക്കാം.മറ്റു നൊബേല്‍ പുരസ്കാരങ്ങള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. സമാധാന നൊബേല്‍ ഒഴികെയുള്ള പുരസ്കാരങ്ങള്‍ ജേതാക്കളുടെ രാജ്യത്തുവച്ച് വിതരണം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.അമേരിക്കക്കാരായ ഹാര്‍വി ആള്‍ട്ടര്‍, ചാള്‍സ് റൈസ്, ബ്രിട്ടണില്‍ നിന്നുള്ള മൈക്കല്‍ ഹൗട്ടണ് എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്. സിറോസിസിനും കരള്‍ കാന്‍സറിനും കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിഞ്ഞതിനായിരുന്നു പുരസ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."