ഗസ്സയില്‍ വെടിനിര്‍ത്തലിന് അടിയന്തര ഇടപെടല്‍ വേണം; യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സെക്രട്ടറി ജനറല്‍ ഗുട്ടെറസ്
ഗസ്സയില്‍ വെടിനിര്‍ത്തലിന് അടിയന്തര ഇടപെടല്‍ വേണം; യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സെക്രട്ടറി ജനറല്‍ ഗുട്ടെറസ്
ന്യൂയോര്‍ക്ക്: ഗസ്സയില്‍ വെടി നിര്‍ത്തല്‍ നടപ്പാക്കാന്‍ യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗസ്സയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം ഇതുവരെ യു.എന്‍ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന്റെ അപൂര്‍വ നീക്കം.
യുദ്ധം പോലെയുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ സുരക്ഷാ കൗണ്‍സിലിനെട് ഇടപെടല്‍ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആര്‍ട്ടിക്കിള്‍ 99. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം രണ്ട് മാസം പിന്നിടുമ്പോള്‍ സെക്രട്ടറി ജനറല്‍ അത് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകര്‍ച്ചയേയും അപകട സാധ്യതയേയും നമ്മള്‍ അഭിമുഖീകരിക്കുന്നുവെന്നും പരിഹരിക്കാന്‍ പറ്റാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഫലസ്തീനില്‍ ഉണ്ടാവുന്നതെന്നും രക്ഷാകൗണ്‍സില്‍ പ്രസിഡന്റിനയച്ച കത്തില്‍ ഗുട്ടെറസ് പറഞ്ഞു. ഇത്തരം സ്ഥിതിഗതികള്‍ അതിവേഗത്തില്‍ ദുരന്തമാവുമെന്നും അത്തരമൊരു ഫലം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലതവണ വെടിനിര്‍ത്തല്‍ പ്രമേയം യു.എന്നില്‍ വന്നെങ്കിലും വീറ്റോ ചെയ്യപ്പെടുകയായിരുന്നു. 15 അംഗ രക്ഷാസമിതിയില്‍ ചൈന, റഷ്യ, യു.കെ, യു.എസ്, ഫ്രാന്‍സ് എന്നിവ സ്ഥിരാംഗങ്ങളാണ്. ഇതുവരെ കൊണ്ടു വന്ന വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ ഉപയോഗിച്ച് തള്ളുകയായിരുന്നു.
ഈ പ്രതിസന്ധി അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അപൂര്‍വ നീക്കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ നിലപാട് എന്താവും എന്നതാണ് ഇനി പ്രധാനപ്പെട്ട കാര്യം. റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ വെടിനിര്‍ത്തലിന് പിന്തുണ നല്‍കാനാണ് സാധ്യത.
അതേസമയം ഇസ്‌റാഈല്‍ യു.എന്‍ സെക്രട്ടറി ജനറലിനും യു.എന്നിനും എതിരെ ശക്തമായി രംഗത്തുവരുന്നുണ്ട്. ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്ന ഗുട്ടെറസ് നേരത്തെ നടത്തിയ പ്രസ്താവനക്കെതിരെയും ഇസ്‌റാഈല്‍ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."