പുറം വൈദ്യുതിയില്‍ കുറവ് വാങ്ങാന്‍ യൂനിറ്റിന് നല്‍കേണ്ടത് 20 രൂപവരെ
ബാസിത് ഹസന്‍
തൊടുപുഴ: പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതിയില്‍ 220 മെഗാവാട്ട് കുറവ് വന്നതോടെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതമായി കേരളം.
യൂനിറ്റിന് 20 രൂപ വരെ നല്‍കിയാണ് ഇപ്പോള്‍ പീക്ക് സമയം (വൈകിട്ട് 6.30 മുതല്‍ രാത്രി 11 വരെ) പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍തോതില്‍ ഇടിവ് നേരിട്ടതിനാല്‍ ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ വ്യാഴാഴ്ചവരെ കുറവുണ്ടാകുമെന്നാണ് അറിയിപ്പ്.
എന്നാല്‍ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന. അതേസമയം ഓഫ് പീക്ക് സമയം കേരളം വൈദ്യുതി വില്‍പന നടത്തുന്നുമുണ്ട്. ഇന്നലെ 63 ലക്ഷം യൂനിറ്റ് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍പന നടത്തി. യൂനിറ്റിന് 8.17 രൂപ നിരക്കില്‍ ആണ് വില ലഭിച്ചത്.
രാജ്യത്തെ ആഭ്യന്തര കല്‍ക്കരി ഉത്പാദനം താപവൈദ്യുതി നിലയങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ഉതകുന്നതല്ല. മറ്റ് രാജ്യങ്ങളില്‍ നിന്നും കല്‍ക്കരി ഇറക്കുമതി ചെയ്താണ് ആവശ്യം നിറവേറ്റി വരുന്നത്.
ഇറക്കുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ചില കടുംപിടുത്തങ്ങളാണ് രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
വൈദ്യുതി ബോര്‍ഡ് സംഭരണികളില്‍ 82 ശതമാനം വെള്ളമുണ്ടെങ്കിലും പീക്ക് ലോഡ് ആവശ്യം നിര്‍വഹിക്കാനുള്ള പദ്ധതി ശേഷിയുടെ അടുത്ത് പോലും എത്തില്ലെന്നതാണ് പ്രശ്‌നം. കേരളത്തിന്റെ ജലവൈദ്യുതി ഉത്പാദന ശേഷി 1600 മെഗാവാട്ട് വരെയാണ്. അതേസമയം പീക്ക് ലോഡ് ആവശ്യം 3500 - 4000 മെഗാവാട്ടും.
കേന്ദ്ര പൂളിലും ദീര്‍ഘകാല കരാര്‍ പ്രകാരവും ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവു വന്നാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വന്‍ വിലയ്ക്ക് വാങ്ങുകയല്ലാതെ കേരളത്തിന് മറ്റ് മാര്‍ഗങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."