ജയിലിലെ ഫോണ്‍വിളി; വ്യക്തമായ മറുപടിയില്ലാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി.
എല്‍ദോസ് പി. കുന്നപ്പിള്ളില്‍, കെ.കെ രമ, സി.ആര്‍ മഹേഷ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നത്.
ഭരണപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ആഭിമുഖ്യം പുലര്‍ത്തുന്ന തടവുകാര്‍ക്ക് മൊബൈല്‍ഫോണ്‍ അടക്കമുള്ള സൗകര്യം ലഭിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ തടവുകാരില്‍ ചിലര്‍ 'ജയിലിനുള്ളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍' ലംഘിച്ചതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍, ജോയിന്റ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടി.പി വധക്കേസ് പ്രതി കൊടി സുനിയും ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആയിരത്തിലധികം തവണ പുറത്തേക്കു വിളിച്ചതായി ഉത്തരമേഖല ഡി.ജി.പി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്കെതിരേ ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. ചോദ്യങ്ങളില്‍ പലതവണ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട പരാമര്‍ശമുണ്ടായിരുന്നെങ്കിലും ഉത്തരത്തില്‍ ഒരുതവണപോലും ഫോണ്‍വിളിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറായില്ല.
ജയിലിലെ ഫോണ്‍വിളിയെക്കുറിച്ച് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി വകുപ്പുതല അന്വേഷണം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ജയിലിലെ അച്ചടക്ക ലംഘനവും അതില്‍ ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."