ആദ്യദിനത്തില്‍ നാലു ബില്ലുകള്‍; എതിര്‍പ്പുമായി പ്രതിപക്ഷം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നാലു ബില്ലുകള്‍ പരിഗണിച്ചതില്‍ എതിര്‍പ്പുമായി പ്രതിപക്ഷം. 2021ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2021ലെ കേരള നഗര ഗ്രാമാസൂത്രണ (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി), കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്ലുകളാണ് ആദ്യദിനത്തില്‍ പരിഗണിച്ചത്. മന്ത്രി എം.വി ഗോവിന്ദനാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. നാലു ബില്ലുകള്‍ ഒരു ദിവസം കൊണ്ടുവന്നത് തെറ്റായ കീഴ് വഴക്കമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും കുറേയധികം ഓര്‍ഡിനന്‍സുകള്‍ നിയമമാക്കേണ്ടതുണ്ടെന്നും ഇടപെട്ടു സംസാരിച്ച മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
മന്ത്രി നാലു ബില്ലുകളും ഒരുമിച്ച് അവതരിപ്പിച്ചതും വിമര്‍ശനത്തിനിടയാക്കി. ഓരോ ബില്ലും പ്രത്യേകം അവതരിപ്പിച്ച് അതിന്റെ ചര്‍ച്ചയ്ക്കു ശേഷം അടുത്ത ബില്‍ പരിഗണിക്കുകയല്ലേ വേണ്ടതെന്ന് എന്‍. ഷംസുദ്ദീന്‍ ചോദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബില്‍. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. നാലു ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."