പാപ്പരായ അനില്‍ അംബാനിക്ക് വിദേശത്ത് ശതകോടികളുടെ രഹസ്യ ആസ്തി
ലണ്ടന്‍: വ്യവസായപ്രമുഖന്‍ അനില്‍ അംബാനി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരി ഉള്‍പ്പെടെ 300ലേറെ ഇന്ത്യക്കാര്‍ക്ക് വിദേശത്ത് അനധികൃത സ്വത്തെന്ന് പാന്‍ഡൊറ രഹസ്യരേഖകള്‍.
ബ്രിട്ടിഷ് കോടതി പാപ്പരായി പ്രഖ്യാപിച്ച അനില്‍ അംബാനി 18 കമ്പനികളിലായി വിദേശത്ത് നിക്ഷേപം നടത്തി നികുതി വെട്ടിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.
നീരവ് മോദി സാമ്പത്തികതട്ടിപ്പ് നടത്തി ഇന്ത്യ വിടുന്നതിന് ഒരുമാസം മുമ്പാണ് സഹോദരിയുടെ പേരില്‍ വിദേശത്ത് ട്രസ്റ്റുണ്ടാക്കിയത്.
കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ സച്ചിന്‍ വിദേശത്തുള്ള നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും പാന്‍ഡൊറ പേപ്പറില്‍ പറയുന്നുണ്ട്. വിനോദ് അദാനി, ജാക്കി ഷറോഫ്, കിരണ്‍ മസുംദാര്‍ ഷാ, നീര റാഡിയ, സതീഷ് ശര്‍മ തുടങ്ങിയ ഇന്ത്യക്കാര്‍ക്കും വിദേശത്ത് അനധികൃത ആസ്തികളുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ 140ലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സാണ് (ഐ.സി.ഐ.ജെ) വിവരങ്ങള്‍ പുറത്തുവിട്ടത്. വിദേശത്തെ ധനകാര്യ ഇടപാടുകളുടെ ചോര്‍ന്നുകിട്ടിയ രേഖകളുപയോഗിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
പാനമ രേഖകള്‍ എന്ന പേരില്‍ അതിസമ്പന്നരുടെ രഹസ്യ നിക്ഷേപങ്ങള്‍ 2016ല്‍ പുറത്തുവിട്ടതും ഐ.സി.ഐ.ജെ ആയിരുന്നു.
പാനമ രേഖകള്‍ പുറത്തുവന്നതോടെ പല ശതകോടീശ്വരന്മാരും പുതിയ രാജ്യങ്ങള്‍ തേടി പോവുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ പുറത്തുവിട്ടത് കൂടാതെ ഇന്ത്യയിലെ 60 പ്രമുഖ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വിദേശത്ത് അനധികൃത സമ്പാദ്യമുണ്ടെന്നും വരുംദിവസങ്ങളില്‍ ഇക്കാര്യം പുറത്തുവിടുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് അറിയിച്ചു.
വിവിധ രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ സ്വന്തം രാജ്യങ്ങളില്‍ നിന്ന് നികുതി വെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവിട്ട രേഖകളിലുള്ളത്.
വിദേശത്ത് അവര്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരുടെ സ്വത്തുവിവരങ്ങളാണ് പാന്‍ഡൊറ പേപ്പറുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുടെ വിദേശത്തെ അനധികൃത സ്വത്തുവിവരങ്ങളും പുറത്തുവിട്ട രേഖകളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."