ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി സുപ്രീം കൗൺസിൽ അംഗീകാരം
ദോഹ:ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) സുപ്രീം കൗൺസിൽ അംഗീകാരം നൽകി. ദോഹ, ഖത്തറിൽ വെച്ച് നടന്ന നാല്പത്തിനാലാമത് ജിസിസി സുപ്രീം കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.
ഈ ഏകീകൃത ടൂറിസ്റ്റ് വിസ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ജി സി സി രാജ്യങ്ങൾക്കിടയിൽ സുഗമമായ സഞ്ചാരം ഉറപ്പ് വരുത്തുന്നതാണ്.
2023 നവംബറിൽ ഒമാനിലെ മസ്‌കറ്റിൽ വെച്ച് നടന്ന ജി സി സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഐകകണ്‌ഠേന അംഗീകാരം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളെ ജി സി സി സുപ്രീം കൗൺസിൽ സ്വാഗതം ചെയ്തു.
ഈ വിസ നടപ്പിലാക്കുന്നതിനുള്ള തുടർനടപടിക്രമങ്ങളുമായി മുൻപോട്ട് പോകുന്നതിന് ജി സി സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
“ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽനൽകാനുള്ള തീരുമാനം ചരിത്രപരമായ ഒരു മുഹൂർത്തമാണ്. ജി സി സി രാജ്യങ്ങൾക്കിടയിലെ ബന്ധങ്ങൾ ശക്തമാക്കുന്നതിനും, ടൂറിസം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും ഈ തീരുമാനം വഴിതെളിക്കും’, ഇത് സംബന്ധിച്ച് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖതീബ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."