HOME
DETAILS

ഉന്നതവിദ്യാഭ്യാസത്തിലെ ജാതിവിവേചനം അവസാനിപ്പിക്കണം

  
backup
December 07 2023 | 17:12 PM

caste-discrimination-in-higher-education-should-end


കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്ര സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽനിന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങളിലെ 13,626 വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെന്നാണ് കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാർശ്വവത്കൃത വിഭാഗത്തിലെ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന് വ്യാപകമായി കൊഴിഞ്ഞുപോകുന്നുവെന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. പലരും സ്വന്തം ഇഷ്ടപ്രകാരം മറ്റ് ചില കോഴ്സുകളോ കോളജുകളോ തെരഞ്ഞെടുക്കുന്നതാണ് ഈ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ പറഞ്ഞത്.

എന്നാലത് വസ്തുതയല്ല. കൊഴിഞ്ഞുപോക്കിന് കാരണങ്ങൾ പലതുണ്ട്. അത് മറച്ചുവയ്ക്കാനാണ് സർക്കാരിന്റെ ശ്രമം. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷവും രാജ്യത്തെ സാമൂഹിക അസമത്വങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഫലിക്കുന്നതിന്റെ നേർസാക്ഷ്യം കൂടിയാണിത്. ജാതിവിവേചനങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവാണ്. അതിന്റെ പേരിൽ ആത്മഹത്യകളും നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 103 വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ മാസങ്ങൾക്ക് മുമ്പെ വ്യക്തമാക്കിയതാണ്.


എന്നാൽ, വിവേചനം തടയുന്നതിന് നടപടികളൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് തുടരുകയും ചെയ്തു. കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചും പഠന ചെലവ് വഹിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഫീസ് കുറച്ചും സ്‌കോളർഷിപ്പുകൾ അനുവദിച്ചും സർക്കാർ മെച്ചപ്പെട്ട പഠന സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. ഐ.ഐ.ടികളിൽ ഉൾപ്പെടെ ഉപരിപഠനം പൂർത്തിയാക്കാൻ എസ്.സി/എസ്.ടി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് കേന്ദ്രസർക്കാരിന് കീഴിൽ പ്രത്യേക സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ടെന്നും കൂടാതെ സ്ഥാപനങ്ങളിൽ അവർക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ എസ്.സി/എസ്.ടി സെല്ലുകളും, ഗ്രീവൻസ് കമ്മിറ്റികളും ലൈസൺ ഓഫിസർമാരും നിലവിലുണ്ടെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ മറ്റ് കോഴ്സുകളിൽ ചേരാനാണ് പിന്നോക്ക വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നതെങ്കിൽ ഉന്നതജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ എന്തുകൊണ്ട് സമാനമായി കൊഴിഞ്ഞുപോകുന്നില്ലെന്ന ചോദ്യം ബാക്കിയാണ്. പിന്നോക്ക വിദ്യാർഥികൾക്ക് മാത്രമല്ല ഈ അവസരങ്ങളെല്ലാമുള്ളത്. അവിടെയാണ് കാംപസുകളിലെ ജാതിവിവേചനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരുന്നത്.


കേന്ദ്രസർക്കാർ അവകാശപ്പെടുന്നതുപോലെ വിവേചനം തടയാൻ ചില സംവിധാനങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുവെന്നത് ശരിയാണ്. വിവേചനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ 2012ൽ യു.ജി.സി ചില ചട്ടങ്ങളുണ്ടാക്കിയിരുന്നു. അക്കാദമിക് സ്ഥാപനങ്ങളിൽ തുല്യാവസര സെൽ സ്ഥാപിച്ചു. വിവേചനവിരുദ്ധ ഓഫിസറെ നിയമിച്ചു. ജാതി, മതം, ഭാഷ, വംശം, ലിംഗഭേദം, വൈകല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം, ഉപദ്രവം, പ്രതികൂല പെരുമാറ്റം, ഇരയാക്കൽ എന്നിവ നിരോധിച്ചു. ഇതൊന്നും ജാതീയത തടഞ്ഞില്ല. കാരണം ദുർബല ചട്ടങ്ങളാണ് ഇതിലുള്ളത്. ഈ ചട്ടങ്ങൾക്ക് നിർബന്ധ സ്വഭാവമില്ലെന്ന് മാത്രമല്ല, റാഗിങ് തടയുന്ന നിയമത്തിന്റെ അത്രപോലും ശക്തിയുമില്ല.


കാംപസിനകത്തെ ജാതിവിവേചനം തടയുന്നതിന് 2021-22, 2022-2023 അധ്യയന വർഷങ്ങളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ രാജ്യത്തെ അഞ്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടാകാതിരിക്കുകയോ ഉണ്ടായ നടപടികൾ ഫലം കാണാതെ പോകുകയോ ചെയ്തു. കാംപസുകളിലെ ജാതിവിവേചനം ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാൻ യു.ജി.സിക്ക് കഴിഞ്ഞ ജൂലൈയിൽ സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. ജാതിവിവേചനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശക്തമാണെന്നായിരുന്നു കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

ജാതിവിവേചനം മൂലം പലർക്കും ജീവൻ നഷ്ടപ്പെട്ടുവെന്നും കോടതി വിലയിരുത്തുകയും ചെയ്തു. വിവേചനവും പ്രതിസന്ധികളും മറികടന്ന് ഉന്നതസ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർക്കാണ് പിടിച്ചു നിൽക്കാനാവാതെ പഠനം നിർത്തിപ്പോകേണ്ടിവരുന്നത്.


സംവരണം നിലനിൽക്കുമ്പോഴും പിന്നോക്ക വിഭാഗങ്ങൾ ആനുപാതികമായ അളവിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രതിനിധീകരിക്കുന്നില്ല. ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജുക്കേഷൻ റിപ്പോർട്ട് അനുസരിച്ച് 14.2 ശതമാനം എസ്.സി വിദ്യാർഥികൾ മാത്രമാണ് 2020-21 വർഷം ഉന്നതവിദ്യാഭ്യാസ രംഗത്ത് എൻറോൾ ചെയ്തിട്ടുള്ളത്. 5.8 ശതമാനം എസ്.ടി വിദ്യാർഥികളും 35.8 ശതമാനം ഒ.ബി.സി വിദ്യാർഥികളുമാണ് പിന്നോക്ക വിഭാഗത്തിൽ ബാക്കിയുള്ളവർ. 44.2 ശതമാനം എൻറോൾ ചെയ്തിരിക്കുന്നത് സവർണ വിഭാഗങ്ങളാണ്.

വിദ്യാഭ്യാസം അടിസ്ഥാനപരമായി മനുഷ്യ മനസുകളിൽ മാറ്റമൊന്നുണ്ടാക്കുന്നില്ലെന്നാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം നമ്മോട് പറയുന്നത്. എഴുത്തു പരീക്ഷകളിൽ വളരെ മികച്ച മാർക്കുകൾ നേടിയ വിദ്യാർഥികൾക്ക് അഭിമുഖത്തിൽ വളരെ കുറച്ചു മാർക്ക് നൽകി റാങ്ക് ലിസ്റ്റിൽ പിന്നോക്കം തള്ളുന്ന പ്രവണത ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ട്.
കഴിഞ്ഞ വർഷം ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഫാക്കൽറ്റി അംഗം ദലിത്, ഒ.ബി.സി വിദ്യാർഥികൾക്ക് പിഎച്ച്.ഡി പ്രവേശന പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകി അവരെ പരാജയപ്പെടുത്തിയത് പാർലമെന്റിൽവരെ ചർച്ചയായ സംഭവമാണ്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഇത് തിരുത്തി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാൻ സർവകലാശാല നിർബന്ധിതരായി.

ഈ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. പിന്നോക്ക വിഭാഗങ്ങൾക്ക് പഠനം തുടരാൻ കഴിയാത്തതിന്റെ യഥാർഥ കാരണം അംഗീകരിക്കുകയാണ് പരിഹാരം കണ്ടെത്തുന്നതിനുള്ള ആദ്യപടി. പിന്നോക്ക വിഭാഗങ്ങളെ മുന്നിലെത്തിക്കുകയെന്ന രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ.

Content Highlights:Caste discrimination in higher education should end



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago