സ്വയംഹത്യ: തിരിച്ചറിവുകളാണ് രക്ഷ
ഖാജ മുഹ് യുദ്ധീൻ ഹുദവി അമ്മിനിക്കാട്
നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ആത്മഹത്യാനിരക്ക് ഗണ്യമായി വർധിക്കുന്നു എന്നാണ്. സംസ്ഥാനത്ത് 2021ൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 9549 ആയിരുന്നെങ്കിൽ 2022ൽ 10162 ആയി വർധിച്ചു. കുടുംബപ്രശ്നം, സാമ്പത്തികം, തൊഴിൽ സംഘർഷം, ബന്ധങ്ങളിലെ വിള്ളൽ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് നിരത്തപ്പെടുന്നുവെങ്കിലും സ്വാർഥത, കുടുംബങ്ങളിലൊതുങ്ങൽ, നിസ്സഹകരണം, സാമൂഹിക പ്രതിബദ്ധതയില്ലായ്മ തുടങ്ങി പുതിയ സാമൂഹികവ്യവസ്ഥിതിയും കാരണമായിട്ടുണ്ട്.
എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ 10ൽ 9 പേരുടേതും ചികിത്സിക്കാൻ സാധിക്കുന്ന മാനസികരോഗമാണെന്ന് (diagnosable psychiatric disorder) പഠനങ്ങൾ സൂചിപ്പിക്കുമ്പോൾ ഓരോ വ്യക്തിക്കും സ്വയം ആർജിക്കാനാകുന്ന ചില പരിഹാരങ്ങളുണ്ട്. ഏതു കുറവുകളിലും ഒറ്റപ്പെടലുകളിലും നിവർന്നുനിൽക്കാൻ മനസിൻ്റെ ശക്തി മാത്രം തിരിച്ചറിഞ്ഞാൽ മതി. പ്രസിദ്ധ മനഃശാസ്ത്ര ഗ്രന്ഥമായ പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ് എന്ന ഗ്രന്ഥത്തിൽ മനസിൻ്റെ അത്ഭുത ശക്തിയെക്കുറിച്ച് ഐറിസ് മനഃശാസ്ത്ര ചിന്തകൻ ജോസഫ് മർഫി ഇങ്ങനെയാണ് രേഖപ്പെടുത്തിയത് -
സമാധാനം, മൈത്രി, സദുദ്ദേശ്യം, ആയുരാരോഗ്യം തുടങ്ങിയ സങ്കൽപങ്ങളിൽ സദാ മനസിനെ ക്രിയാത്മകമാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും'. ലോകത്ത് അത്ഭുതങ്ങൾ സാധ്യമാക്കിയവരൊക്കെ മനസിൻ്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞവരായിരുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ നൂറ്റാണ്ടുകൾക്കു മുമ്പ് 15 ടൺ വരെ ഭാരമുള്ള 2.3 ബില്യൻ പടുകൂറ്റൻ കല്ലുകൾ കൊണ്ട് നിർമിച്ച പിരമിഡുകൾ പറഞ്ഞുതരുന്നത് മനുഷ്യ മനസ് സാധ്യമാക്കിയ അത്ഭുതങ്ങളെയാണ്.
വിശുദ്ധ ഖുർആനിൽ മനുഷ്യശരീര സൃഷ്ടിപ്പിന്റെ അത്ഭുതത്തെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു ഉണ്ടെന്ന ദൃഢത കൈവരിക്കാൻ ചിന്തിക്കാനുതകുന്ന തെളിവുകളായി അതിരില്ലാ ചക്രവാളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കോടാനുകോടി നക്ഷത്ര- ഗോളങ്ങളും സസ്യലതാദികളും ചുരുക്കിപ്പറഞ്ഞിടത്ത് അതിനോട് ചേർത്തുവച്ചത് ആത്മാവും ജീവനും അടങ്ങിയ മനുഷ്യശരീരത്തിലെ അത്ഭുതത്തെയാണ് (41/53).
ചിന്തകളാണ് മനസിന്റെ ഊർജം നിയന്ത്രിക്കുന്നത്. പോസിറ്റീവ് ചിന്തകൾ എപ്പോഴും മനുഷ്യനെ പോസിറ്റീവ് ഊർജം നൽകുന്നു.
ശക്തമായ ചിന്തകൾ അത്ഭുതങ്ങൾ സൃഷ്ടിക്കും. അതിന് ആദ്യം പഠിക്കേണ്ടത് മനസ് എന്ന അത്യത്ഭുതത്തെക്കുറിച്ചാണ്. വലിയ ലക്ഷ്യങ്ങളും ചിന്തകളും ഉണ്ടാകുമ്പോൾ നിസാര ചാപല്യങ്ങളെ മനസ് അവഗണിക്കുന്നു. ചിന്തകളുടെ ബാഹ്യശരീര ഭാഗമായ തലച്ചോറിനെക്കുറിച്ചുള്ള കൃത്യമായ അവബോധം മാനസിക സംഘർഷങ്ങൾക്കും വിഷാദങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ സ്വയം കണ്ടെത്താനുമാകും.
ചിന്തകൾക്കനുസരിച്ച് മനസിനെ മൂന്നായി തിരിക്കാം. 1- യുക്തിയിലും വസ്തുതയിലും അധിഷ്ഠിതമായ റീസണബിൾ മൈൻഡ്. 2- വികാരങ്ങളെ കാര്യകാരണസഹിതം വേർതിരിക്കുന്ന വൈസ് മൈൻഡ്. 3- വികാരങ്ങൾക്കടിമപ്പെട്ട് ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കപ്പെടുന്ന ഇമോഷണൽ മൈൻഡ്. സംഘർഷങ്ങൾ അനുഭവിക്കുമ്പോൾ ആത്മഹത്യപോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ചിലയാളുകൾ എത്തുന്നത് ഇമോഷണൽ മൈന്റിൽ തീരുമാനങ്ങൾ എടുക്കുമ്പോഴാണ്. ആ സമയം അതിനെ വൈസ് മൈൻഡിലേക്ക് മാറ്റുന്നത് പ്രതിസന്ധിയെ മാറ്റിമറിക്കും.
തലച്ചോറിന്റെ ഘടനയിൽ ഇരുഭാഗങ്ങളിലായി ഏകദേശം മധ്യഭാഗത്ത് നിലകൊള്ളുന്ന temporal lobe എന്ന ഭാഗങ്ങളോടാണ് വികാരങ്ങൾ മിക്കവാറും ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ഓർമശക്തി, പ്രേരണ, നിയന്ത്രണം, പ്രശ്നപരിഹാരം, സാമൂഹിക ഇടപെടൽ തുടങ്ങിയ ഉയർന്ന അവബോധ പ്രവർത്തനങ്ങളുടെ ഭാഗം ഫ്രണ്ടൽ ലോബിയിലാണ്. അപ്പോൾ വൈകാരിക മനസ് അപകടകരമായ ചിന്തകൾക്ക് തുടക്കം കുറിക്കുമ്പോൾ തന്നെ മുൻഭാഗത്തേക്ക് ചിന്തകളെ മാറ്റിവിടുന്നത് ഇൗ ചിന്തകളെ മാറ്റിമറിക്കാനാകും. സങ്കടം, വിഷമം, ഭയം തുടങ്ങിയ വികാരങ്ങളെ അകറ്റാൻ തിരുനബി പെട്ടെന്ന് നിസ്കാരത്തിൽ പ്രവേശിക്കുമായിരുന്നു(അബൂദാവൂദ്)
എന്നതിലെ ശാസ്ത്രീയത നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തേക്കാൾ തല താഴ്ന്നുനിൽക്കുമ്പോൾ ശരീരത്തിലെ രക്തയോട്ടം തലച്ചോറിന്റെ മുൻഭാഗത്തേക്ക് കൂടുതലായി പ്രവഹിക്കുന്നു. അത് ഫ്രണ്ടൽ ലോബിൽ വിവേകബുദ്ധി അതിശക്തമാക്കുന്നു. വികാരങ്ങൾക്ക് അടിമപ്പെടാതെ പ്രശ്നപരിഹാരങ്ങളും ഭൗതികമായ തീരുമാനങ്ങളും അവിടെയുണ്ടാകുന്നു. ചുരുക്കത്തിൽ ആത്മഹത്യാ പ്രവണതകളും സംഘർഷങ്ങളും ഇല്ലായ്മ ചെയ്യാനും ഏറെ സഹായകമാകുന്നതാണ് നിസ്കാരവും സുജൂദും അധികരിപ്പിക്കൽ.
സംഘർഷങ്ങൾ തീർക്കുന്നിടത്ത് മനസ്സിന്റെ വിശാലത അതിപ്രധാനമാണ്. വിശാലതക്കനുസരിച്ച് കാര്യങ്ങളെ ഉൾക്കൊള്ളാനും ക്ഷമിക്കാനും കഴിയുന്നതിലൂടെ തൃപ്തിപ്പെടുവാനും ശാന്തമായി ഇടപെടാനുമാവും. അത്തരത്തിൽ മനസിന് ശാന്തമാക്കാൻ മെഡിറ്റേഷൻ, യോഗ, ഗ്രാറ്റിറ്റ്യൂഡ് ജേണൽ, ഫോർഗിവ്നസ് ജേണൽ, അൺകണ്ടീഷണൽ ലവ് തുടങ്ങിയ ആർട്ടിഫിഷൽ മാർഗങ്ങൾ ലോകം ഇന്ന് അനുവർത്തിച്ചുപോരുന്നു. മനസിൻ്റെ അത്ഭുതങ്ങളെപ്പറ്റി ആധുനിക പഠനങ്ങൾ കണ്ടെത്തിയത് അഭൗതികമായ പ്രാപഞ്ചികമായ ഒരു ശക്തിയുമായിട്ട് മനസിന് അഭേദ്യ ബന്ധമുണ്ടെന്നാണ്. അതിൽനിന്ന് ഊർജം സ്വീകരിക്കുന്നത് മനസിനെ ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ മിസൈൽമാൻ എ.പി.ജെ അബ്ദുൽ കലാം പറഞ്ഞത് ഒരാൾ ശാസ്ത്രജ്ഞനായിട്ട് ദൈവത്തെ കണ്ടെത്താനായിട്ടില്ലെങ്കിൽ ശാസ്ത്രത്തിൽനിന്ന് അയാൾക്കൊന്നും നേടാനായിട്ടില്ല എന്നാണ്. ദൈവത്തോടുള്ള അടുപ്പം മനസിൽ സൃഷ്ടിക്കുന്ന ശാന്തതയിൽ നിന്നും സ്വസ്ഥതയിൽ നിന്നുമാണ് മനസിൻ്റെ വിശാലതയും എല്ലാം ശാന്തമായി അഭിമുഖീകരിക്കാനുള്ള ശേഷിയുമുണ്ടാകുന്നത്.
ഖുർആൻ പറയുന്നു, മനസുകൾ ശാന്തമാകുന്നത് തീർത്തും ദൈവസ്മരണ കൊണ്ടാണെന്ന് നിങ്ങൾ അറിയണം (13/28). ഇവിടെ മനസുകൾ എന്നാണ് പ്രയോഗിച്ചത്.
പല മനസിന് പല പ്രശ്നങ്ങളാണ്. പ്രശ്നങ്ങൾ എന്തുമാവട്ടെ പരിഹാരം ഒന്നു മാത്രമാണ്. മനസിൻ്റെ ശാന്തത. അതിന് ആവശ്യമായത് ദൈവസ്മരണയും. നഷ്ടപ്പെടാനായി ഇനി ഒന്നുമില്ലാതിരിന്നിട്ടും ഫലസ്തീനികളുടെ കരുത്ത് അല്ലാഹുവിലെ വിശ്വാസം തന്നെയാണ്. ഹൃദയ തെളിമയിൽ അവൻ്റെ പ്രവർത്തനങ്ങളെ ഉൾക്കാഴ്ച കൊണ്ട് കാണുന്നവനും കൂട്ട് അനുഭവിക്കുന്നവനും ഭയപ്പാട് ഏതുമില്ല. അതിന്റെയെല്ലാം ആരംഭം ഹൃദയശുദ്ധീകരണമാണ്.
ആദ്യകാല ശാസ്ത്ര കണ്ടെത്തൽ തലച്ചോറും നാഡീവ്യൂഹങ്ങളുമാണ് ശരീരത്തിലെ വികാരങ്ങളടക്കം എല്ലാം നിയന്ത്രിക്കുന്നത് എന്നായിരുന്നുവെങ്കിൽ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് വൈകാരികമായ കാര്യങ്ങളിൽ തലച്ചോറിനും ഹൃദയത്തിനും തുല്യമായ പങ്കാണുള്ളത്. നാഡീ പ്രേരണകൾ (impulses) വഴി ന്യൂറോളജിക്കലും രക്തപ്രവാഹത്തിലുള്ള ഹോർമോണുകൾ വഴി സന്ദേശങ്ങൾ അയയ്ക്കുന്നത് കാരണം ബയോകെമിക്കലായും ഹൃദയവും തലച്ചോറും പരസ്പരം ആശയവിനിമയം നടത്തുന്നു. തലച്ചോറിനെപ്പോലെ, ഹൃദയത്തിലും നൂറുകണക്കിന് സ്വതന്ത്ര ന്യൂറോണുകളുണ്ട്. ഇത് ഏതാണ്ട് ഒരു മിനി-തലച്ചോറ് പോലെയാണ്, അത് തലച്ചോറിനെപ്പോലെ 'ചിന്തിക്കുന്നില്ല' എങ്കിലും തലച്ചോറിലേക്ക് വലിയ അളവിലുള്ള സിഗ്നലുകൾ അയയ്ക്കാൻ ഇതിന് കഴിയും.
ഹൃദയത്തിന്റെ പ്രധാന പ്രവർത്തനം ശരീരത്തിലുടനീളം രക്തവും ഓക്സിജനും പമ്പ് ചെയ്യുന്നതായതിനാൽ, ഹോർമോണുകൾ എല്ലാ അവയവങ്ങളിലേക്കും തലച്ചോറിലേക്കും സഞ്ചരിക്കുന്നു. എന്തിനധികം, ഹൃദയം ഒരു എൻഡോക്രൈൻ ഗ്രന്ഥിപോലെ പ്രവർത്തിക്കുന്നു. അത് രക്തപ്രവാഹത്തിൽ ധാരാളം ഹോർമോണുകളും നോർ-എപിനെഫ്രിൻ, എപിനെഫ്രിൻ, ഡോപാമൈൻ, ഓക്സിടോസിൻ - എന്നിങ്ങനെയുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളും ഉത്പാദിപ്പിക്കുകയും സ്രവിക്കുകയും ചെയ്യുന്നു. നാഡീ പ്രേരണകളുടെയും ഹോർമോണുകളുടെയും ഉപയോഗത്തിലൂടെ, സിഗ്നലുകൾ തലച്ചോറിലെ വൈകാരിക കേന്ദ്രങ്ങളിലേക്ക് അയക്കപ്പെടുന്നു. അവ എങ്ങനെയുള്ള വികാരമാണെന്ന് തലച്ചോറ് തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, എന്താണ് പ്രതികരിക്കേണ്ടത് എന്ന് ശരീരത്തിന് സിഗ്നൽ നൽകുന്നു.
ഇവിടെയാണ് ശാസ്ത്ര സാങ്കേതികവിദ്യകൾ ഒട്ടും കണ്ടുപിടിക്കപ്പെടാത്ത കാലത്തെ തിരുനബിയുടെ ഹദീസ് അത്ഭുതമായി തീരുന്നത്. 'മനുഷ്യശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്, അത് ശരിയായാൽ ശരീരം മുഴുവനും ശരിയായി, അത് മോശമായാൽ ശരീരം മുഴുവനും മോശമായി അത് ഹൃദയമാണ്'(മുസ്‌ലിം).
വികാരങ്ങൾക്ക് ഹൃദയവുമായി ശക്തമായ ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തലുകൾ മനസിലുണ്ടാക്കുന്ന മാറ്റങ്ങൾ സ്വഭാവത്തിൽ എത്രമാത്രം പ്രതിഫലിക്കുമെന്ന് മനസിലാക്കിത്തരുന്നു. മനസിനെ ശുദ്ധീകരിക്കുന്ന ദൈവസ്മരണയിലേക്ക് നാം തിരിച്ചുനടക്കലാണ് സംഘർഷങ്ങൾ ഇല്ലാത്ത സന്തോഷലോകത്ത് ജീവിക്കാനുള്ള വഴി. മനസിന് അത്തരത്തിൽ ശാന്ത അവസ്ഥയിൽ പാകപ്പെടുത്തുന്ന പ്രവാചക പകരക്കാരായ മഹത്തുക്കളുടെ സഹവാസവും ഇതിന് ഏറെ ഉപകാരപ്രദമാണ്.
Content Highlights:Suicide: Awareness is Salvation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."