HOME
DETAILS
MAL
പുകയുന്ന ബി.ജെ.പിയില്‍ വീണ്ടും സുരേന്ദ്രാധിപത്യം
backup
October 06 2021 | 03:10 AM
ഇ.പി മുഹമ്മദ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും കുഴല്‍പ്പണ, കോഴക്കേസുകളും ഉള്‍പ്പെടെ വിവാദച്ചുഴിയില്‍ അകപ്പെട്ട കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പുനഃസംഘടന. സുരേന്ദ്രനെ മാറ്റണമെന്ന മുറവിളിയെ ദേശീയ നേതൃത്വം ചെവികൊണ്ടില്ലെന്ന് മാത്രമല്ല, സുരേന്ദ്രന്റെ അടുപ്പക്കാരെ പുതുതായി ഭാരവാഹികളാക്കുകയും ചെയ്തു.
സുരേന്ദ്രന്റെ സമ്പൂര്‍ണ ആധിപത്യത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നതില്‍ അമര്‍ഷമുണ്ടെങ്കിലും തല്‍ക്കാലത്തേക്ക് ഉള്ളിലൊതുക്കി നിശബ്ദമാകാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം. അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയിലൂടെ എതിര്‍ശബ്ദങ്ങളെ പൂര്‍ണമായി അടിച്ചൊതുക്കുമെന്ന സൂചനയാണ് സുരേന്ദ്രന്‍ നല്‍കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങള്‍ നടത്തിയ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. രണ്ടുവര്‍ഷം മുമ്പ് പ്രസിഡന്റായ സുരേന്ദ്രന് കാലാവധി തികയ്ക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്‍കുകയായിരുന്നു. ബി.ജെ.പി കുഴല്‍പ്പണ കേസും തെരഞ്ഞെടുപ്പിലെ വയനാട്ടിലെയും കാസര്‍കോട്ടെയും കോഴക്കേസുകളും ഹെലിപോക്റ്റര്‍ വിവാദവും എതിര്‍വിഭാഗം ആയുധമാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തുപോയ പി.പി മുകുന്ദനും സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വി പഠിച്ച ബി.ജെ.പി സമിതി റിപ്പോര്‍ട്ടിലും സുരേന്ദ്രനെതിരേ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. അനവസരത്തിലുള്ള പ്രസ്താവനകളും രണ്ടിടത്ത് മത്സരിച്ചതും വലിയ തിരിച്ചടിയായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം സുരേന്ദ്രന്‍ തുടരണമെന്ന നിലപാട് എടുത്തതോടെ എതിര്‍വിഭാഗം വെട്ടിലായി.
കൃഷ്ണദാസ് പക്ഷക്കാരായ എ.എന്‍ രാധാകൃഷ്ണനെയും ശോഭാ സുരേന്ദ്രനെയും ജനറല്‍ സെക്രട്ടറി ആക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഇരുവരെയും വൈസ് പ്രസിഡന്റുമാരായി നിലനിര്‍ത്തി. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടാകുകയും വിവാദങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്ത ജില്ലകളിലാണ് പ്രസിഡന്റുമാരെ മാറ്റിയത്. സുരേന്ദ്രന്‍ വിരുദ്ധപക്ഷക്കാരനായ കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ മാറ്റിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."