HOME
DETAILS
MAL
രണ്ടു സഭാ സമ്മേളനങ്ങള്‍ ;' പി.വി അന്‍വര്‍ എത്തിയത് അഞ്ചു ദിവസം മാത്രം
backup
October 06 2021 | 03:10 AM
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടു സമ്മേളനങ്ങളിലായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എത്തിയത് അഞ്ചു ദിവസം മാത്രമെന്ന് വിവരാവകാശ രേഖ. 29 ദിവസങ്ങളിലാണ് ഒന്ന്, രണ്ട് നിയമസഭാ സമ്മേളനങ്ങള്‍ നടന്നത്. എന്നാല്‍ ഇതില്‍ അന്‍വര്‍ പങ്കെടുത്തത് അഞ്ചു ദിവസങ്ങളില്‍ മാത്രമാണെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ രേഖകളില്‍ പറയുന്നത്. ഒന്നാം സഭാ സമ്മേളനത്തിലെ സത്യപ്രതിജ്ഞാ ചടങ്ങടക്കം ആകെ അഞ്ചു ദിവസം മാത്രമാണ് പങ്കെടുത്തത്.
സഭയിലെ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹകരണം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി എന്നിവയില്‍ അംഗം കൂടിയാണ് അന്‍വര്‍. എന്നാല്‍ സഭയിലെ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതിയുടെ ഇതുവരെ ചേര്‍ന്ന രണ്ടു യോഗങ്ങളിലും മറ്റു രണ്ടു സമിതികളുടെ ആകെ ചേര്‍ന്ന മൂന്നു യോഗങ്ങളിലും അന്‍വര്‍ പങ്കെടുത്തിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സഭയുടെ അനുമതിയോടെ എം.എല്‍.എയ്ക്ക് ലീവെടുക്കാമെങ്കിലും സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷകള്‍ നല്‍കിയിട്ടില്ലെന്നാണ് രേഖയില്‍ പറയുന്നത്. 24 ദിവസങ്ങളിലായി നടക്കുന്ന ഇത്തവണത്തെ സഭാ സമ്മേളനത്തിലും അന്‍വര്‍ എത്തിയിട്ടില്ല. പാര്‍ട്ടി അനുമതിയോടെ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയിലേക്ക് പോയതാണെന്നാണ് എം.എല്‍.എയുടെ ഓഫിസില്‍നിന്നുള്ള വിശദീകരണം.
നിയമസഭാംഗങ്ങള്‍ വിദേശത്തു പോകുമ്പോള്‍ ഈ വിവരം സ്പീക്കറെ അറിയിക്കണമെന്ന് ചട്ടങ്ങളില്‍ നിബന്ധനയില്ലെങ്കിലും ഭരണഘടനയുടെ വകുപ്പ് 190 (4) പ്രകാരം 60 സഭാ സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ എം.എല്‍.എയ്ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."