പരിധിവിട്ട് കുമ്പള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്; സീതാംഗോളി സെക്ഷന്‍ നടപ്പിലായില്ല
കുമ്പള: സ്വന്തമായി കെട്ടിടം ഇല്ലെങ്കിലും വാടക കെട്ടിടത്തിലെ ഉള്ള സൗകര്യങ്ങള്‍ വച്ച് കുമ്പള കെ.എസ്.ഇ.ബി സെക്ഷനില്‍ ജീവനക്കാര്‍ നേട്ടോട്ടമോടാന്‍ തുടങ്ങിയിട്ട് വര്‍ഷം എട്ടു കഴിഞ്ഞു. 23,000ല്‍പരം ഉപഭോക്താക്കളാണ് കുമ്പള കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ ഉള്ളത്.
750 കിലോമീറ്റര്‍ ലൈനും 200ല്‍പരം ട്രാന്‍സ്‌ഫോര്‍മറുകളും ഈ സെക്ഷന്‍ പരിധിയില്‍ ഉണ്ട്. കുമ്പള, പുത്തിഗെ പഞ്ചായത്ത് പ്രദേശങ്ങളും എന്‍മകജെ, ബദിയടുക്ക, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍ തുടങ്ങി മറ്റു നാലു പഞ്ചായത്തുകളില്‍ ഭാഗികമായും സേവനമെത്തിക്കേണ്ട ചുമതലയാണ് കുമ്പളയിലെ ഓഫിസിനുള്ളത്.
ബില്ലിംഗ് സ്റ്റാഫ് കുറവുള്ള സെക്ഷനില്‍ കംപ്യൂട്ടറൈസേഷനും കെ.എസ്.ഇ.ബി സോഫ്റ്റ് വെയര്‍ 'ഒരുമ'യും നടപ്പാക്കാനുള്ള കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എത്തിയിട്ടുണ്ടെങ്കിലും സിഗ്‌നല്‍ ലഭിക്കാത്തത് മൂലം 'ഒരുമ' നെറ്റ് സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
ബില്ലടക്കാനെത്തുന്നവര്‍ മഴയും വെയിലും കൊണ്ടു പുറത്തുനില്‍ക്കണം. സ്ഥല സൗകര്യമില്ലാത്തതിനാല്‍ വൈദ്യുതോപകരണങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ് ഇവിടെ.
കുമ്പള ടെമ്പിള്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് 2008ല്‍ തുടങ്ങിയ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 30 കിലോമീറ്ററിലധികം വ്യാപ്തിയുള്ള കുമ്പള കെ.എസ്.ഇ.ബി സെക്ഷന്‍ വിഭജിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത് വിഭജിച്ച് സീതാംഗോളി സെക്ഷന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ജീവനക്കാരും ഉപഭോക്താക്കളും മുറവിളി കൂട്ടിയതല്ലാതെ ഇതുവരെ വിഭജനം നടന്നില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കുമ്പള സെക്ഷന്‍ വിഭജിച്ച് സീതാംഗോളിയില്‍ പുതിയ സെക്ഷന്‍ തുടങ്ങാനുള്ള അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതല്ലാതെ വിഭജനം ഇപ്പോഴും എങ്ങുമെത്താതെ കടലാസില്‍ ഒതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."