ഡോ.എം.കുഞ്ഞാമന്‍ നിഷേധിയായജ്ഞാനി
ഇ.കെ ദിനേശന്‍
ദലിത് ധൈഷണികതയുടെ ആധുനികകാലം രൂപപ്പെടുന്നത് ജാതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്. പലപ്പോഴും അത് സാമൂഹിക സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ അധികാരത്തിനുംവേണ്ടിയാണ് ഉപയോഗിക്കപ്പെട്ടത്. ആ അര്‍ഥത്തില്‍ ദലിത് ധൈഷിണികത ജനാധിപത്യപരമായ സമരങ്ങള്‍ക്ക് ആശയപരമായ ശക്തിയായി മാറിയിട്ടുണ്ട്. സാഹിത്യത്തിലും കലയിലും അതിന്റെ ഇടപെടല്‍ സമാന്തരമായി വളര്‍ന്നുവരുന്നുണ്ട്. ഏതു കാലത്തും അറിവു നേടാനുള്ള ആഗ്രഹം മനുഷ്യരെ ജ്ഞാനാന്വേഷകരാക്കി മാറ്റുന്നുണ്ട്. എന്നാല്‍ ജാതിമനുഷ്യരെ സംബന്ധിച്ച് അത്തരം അന്വേഷണംപോലും അപ്രായോഗികമായ കാര്യമാണ്. പള്ളിക്കൂടം നല്‍കുന്നഅറിവധികാരത്തെ ദലിത് സമൂഹത്തിനു ഉപയോഗിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. അതിനു വേണ്ടിയുള്ള സമരമായിരുന്നു ഡോ. ബി.ആര്‍ അംബേദ്കറുടെ പഠനം തന്നെ. അദ്ദേഹത്തിന്റെ ധൈഷണികത ആ അര്‍ഥത്തില്‍ ജാതിക്കെതിരായ പോരാട്ടത്തിന്റെ ആയുധമായിരുന്നു. അപ്പോഴും ഡോ. ബി.ആര്‍ അംബേദ്കര്‍ ദാരിദ്ര്യവും അസ്പൃശ്യതയും അനുഭവിച്ചിട്ടുണ്ട്.
എല്‍ഫിന്‍സ്റ്റണ്‍ എന്ന സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്ന കാലം. ബോര്‍ഡില്‍ കണക്കു ചെയ്യാന്‍ അധ്യാപകന്‍ അംബേദ്കറെ വിളിച്ചു. കുട്ടികള്‍ ബഹളംവച്ചു. കാരണം, ബോര്‍ഡിന്റെ പിന്നിലാണ് കുട്ടികളുടെ ഭക്ഷണപാത്രങ്ങള്‍. അത് അശുദ്ധമാകും. കുട്ടികളുടെ പ്രതിഷേധത്താല്‍ അംബേദ്കര്‍ തിരികെപ്പോയി. അതേ അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയാകുന്നത് ജ്ഞാനാധികാരത്തിലൂടെയാണ്. ആ ജ്ഞാനശക്തിയാണ് പിന്നീടങ്ങോട്ട് ദലിത് സാമൂഹിക വിമോചനത്തിന്റെ ചാലകശക്തിയായി മാറിയത്. ജീവിതത്തിലും കലയിലും സാഹിത്യത്തിലും പിന്നീട് അതു പ്രകടമായി. ഇതിനൊപ്പം വായിക്കാന്‍ പറ്റിയ ഒരുജ്ഞാനി നമുക്കുണ്ടായിരുന്നു. ചെറോണയുടെയും അയ്യപ്പന്റെയും മകനായി ജനിച്ച കുഞ്ഞാമന്‍. ജ്ഞാനസമ്പാദനത്തിലൂടെയാണ് അദ്ദേഹം ജാതിക്കെതിരേ തന്റെ ദാര്‍ശാനികഭൂമിക പണിതത്.
1947ലാണ് തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന വിഖ്യാത നോവല്‍ പ്രസിദ്ധീകരിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രം ചുടലമുത്തുവിന്റെയും വള്ളിയുടെയും മകനാണ് മോഹനന്‍. മോഹനനെ പഠിപ്പിച്ചു വലിയവനാക്കാന്‍ ആഗ്രഹിക്കുന്നുണ്ട് മാതാപിതാക്കള്‍. എന്നാല്‍, സമ്പ്രദായിക ദലിത് ജീവിത വഴിയിലേക്കാണ് മോഹനന്‍ എത്തിച്ചേര്‍ന്നത്. അത് ആ കാലത്തിന്റെ കൂടി സവിശേഷതയായിരുന്നു. അതൊരു നോവലിലെ കഥയാണെങ്കില്‍ അതേകാലത്ത് ജനിച്ച ഒരു മനുഷ്യന്റെ ജീവിതം ആ നോവലിലെ കഥാപാത്രത്തെ അറിയാതെ പ്രതിനിധാനം ചെയ്യുന്നുണ്ട്. 1949 ഡിസംബര്‍ മൂന്നിനാണ് പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ കുഞ്ഞാമന്‍ ജനിക്കുന്നത്. തോട്ടിയുടെ മകനിലെ മോഹനന്റെ ജനനം 1947ലാണ്. (നോവല്‍ പുറത്തിറങ്ങുന്നത് ഈ വര്‍ഷമാണ്) കുഞ്ഞാമന്‍ പഠിച്ച് വലുതായി. പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് പീഡിഗ്രി മുതല്‍ എം.എ വരെ പഠിച്ചു. 1974ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എം.എ പാസായി. പിന്നീട് 'കേരളത്തിലെ തെക്കുവടക്കന്‍ ജില്ലകളിലെ ആദിവാസി ജീവിതത്തെ കുറിച്ചുള്ള താരതമ്യപഠനം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സെന്ററില്‍നിന്ന് പഠിച്ചു. ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് കുസാറ്റില്‍നിന്ന് പിഎച്ച്.ഡി നേടി. ഡോക്ടര്‍ എം. കുഞ്ഞാമന്‍ പിന്നീട് പ്രൊഫസറായി. 2006ല്‍ മഹാരാഷ്ട്രയിലെ തൂല്‍ജാപ്പൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും അധ്യാപകനായിരുന്നു.
തന്റെ കുട്ടിക്കാല ജീവിതവും വളര്‍ന്നുവന്ന വഴിയും സമൂഹത്തിനു മുന്നില്‍ തുറന്നുവച്ചപ്പോഴാണ് ഡോ. കുഞ്ഞാമന്‍ പുതുതലമുറയ്ക്കു മുന്നില്‍ ചര്‍ച്ചയാവുന്നത്. കെ. കണ്ണന്‍ എഡിറ്റ് ചെയ്ത 'എതിര്' എന്ന ആത്മകഥാപരമായ പുസ്തകത്തില്‍ നാം വായിക്കുന്നത് ആ ജീവിതത്തിന്റെ ചൂടുംചൂരുമാണ്. സാമ്പ്രദായിക ദലിത് ധൈഷണികതയെയും ജ്ഞാനപാരമ്പര്യത്തെയും നിഷേധിക്കുന്ന തത്വചിന്തകനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും നിരീക്ഷണങ്ങളും പലപ്പോഴും ഇന്നത്തെ ദലിത് സാമൂഹിക വീക്ഷണവുമായി സമരസപ്പെട്ടു പോകുന്നതല്ല. മറിച്ച്, സാമ്പ്രദായിക ഒത്തുതീര്‍പ്പുകളെ ലംഘിച്ചും നിഷേധിച്ചുമാണ് അദ്ദേഹം സംവാദത്തെ മുന്നോട്ടുനയിച്ചത്. പ്രധാനമായും അതു സാധ്യമാകുന്നത് അംബേദ്കറിന്റെ ചിന്തയുമായി ഡോ. എം. കുഞ്ഞാമനുള്ള ധൈഷണിക അടുപ്പമാണ്. അതാകട്ടെ, സമൂഹത്തിലെ പരമ്പരാഗത അടിമബോധത്തെയും അപകര്‍ഷതയെയും മറികടക്കുന്നതാണ്. അതിന് അദ്ദേഹത്തിനു കഴിയുന്നത് സാമൂഹിക അംഗീകാരത്തെയും രാഷ്ട്രീയ അധികാരത്തെയും നിഷേധിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്. 2022ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം സ്വീകരിക്കാതിരുന്നത് ഈ നിലപാടിന്റെ ഭാഗമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആശ്രിതത്വത്തിന്റെ ഭാഗമാകാതെ കൃത്യമായ ജ്ഞാനസമ്പത്തിലൂടെ വിധേയപ്പെടാതെ സാമൂഹ്യ അംഗീകാരവും രാഷ്ട്രീയ അധികാരവും നേടിയെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൃത്യമായി പറയുന്നുണ്ട്. ഇതൊരുപക്ഷേ, ഡോ. കുഞ്ഞാമന്റെ മാത്രം അനുഭവമല്ല. ഓം പ്രകാശ് വാല്മീകി 'ജൂഠന്‍ ഒരു ദലിതന്റെ ജീവിതം' എന്ന ജീവിത ഗ്രന്ഥത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. 'പതിനൊന്നാം ക്ലാസില്‍ ഞാന്‍ സയന്‍സ് പ്രധാന വിഷയമായി എടുത്തു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം എന്റെ ആത്മവിശ്വാസം വര്‍ധിച്ചിരുന്നു'. ഇതേ ആത്മധൈര്യമാണ് എം. കുഞ്ഞാമനെ ധൈഷണികനായ നിഷേധിയായി വളര്‍ത്തിയത്.
സാമൂഹിക കാലം
മനുഷ്യന്റെ ജീവിതാന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതില്‍ പിറന്ന സാമൂഹികദേശവും അതിലെ കാലവും നിര്‍ണായക ഘടകമാണ്. ലോകത്തെമ്പാടുമുള്ള പരിഷ്‌കര്‍ത്താക്കളെ സാമൂഹികകാലം സാംസ്‌കാരികമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് സമൂഹിക പുരോഗതിയെ തടസപ്പെടുത്തിയ പ്രധാന ഘടകം ജാതിയാണ്. ഭൂരിപക്ഷം വരുന്ന കീഴ്ജാതി മനുഷ്യരുടെ ജീവിതപുരോഗതിയെ പിന്നോട്ടു വലിച്ചു കൊണ്ടുപോയതില്‍ ജാതി നടത്തിയ ഇടപെടല്‍ ഇന്നും തുടരുകയാണ്. ഈയൊരവസ്ഥയില്‍ നിന്ന് അപൂര്‍വം ചില മനുഷ്യര്‍ സമുദായിക പരിഷ്‌കര്‍ത്താക്കളായും നവോത്ഥാന നായകന്മാരായും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം നേടിയവരാണ് സമുദായങ്ങള്‍ക്കുള്ളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. കേരളത്തില്‍ അയ്യങ്കാളി ഈ കൃത്യം നിര്‍വഹിച്ചത് പള്ളിക്കൂടത്തിനു പുറത്തുനിന്ന് നേടിയ സാമൂഹികജ്ഞാനം കൊണ്ടാണ്. ആ കാലം പൂര്‍ണമായി ജാതിവാഴ്ചയുടേതായിരുന്നു. ഈ അനുഭവ പശ്ചാത്തലത്തിലൂടെയാണ് കെ.ആര്‍ നാരായണനു ശേഷം റാങ്ക് നേടിയ ദലിത് വിദ്യാര്‍ഥിയായ കുഞ്ഞാമന്റെയും ജ്ഞാനജീവിതം മുന്നോട്ടുപോയത്.
സ്വയം നിഷേധിയായിട്ടാണ് ഡോ. കുഞ്ഞാമന്‍ തന്റെ അറിവിനെ വളര്‍ത്തിയത്. വയറുകാളാന്‍ തുടങ്ങുമ്പോള്‍ ജന്മിമാരുടെ വീടുകളിലേക്കു പോകും. അവിടെ കഞ്ഞി പാത്രത്തില്‍ തരില്ല. മുറ്റത്തു പോലുമല്ല. തൊടിയില്‍ മണ്ണുകുഴിച്ച് ഇലയിട്ട് ഒഴിച്ചുതരും. പതിനാലു വയസുള്ളപ്പോള്‍, വീടിനടുത്തുള്ള ജന്മിയുടെ വീട്ടില്‍ കഞ്ഞിയ്ക്ക് ചെന്നു. മണ്ണില്‍ കഞ്ഞി ഒഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാന്‍ വീട്ടുകാര്‍ പറഞ്ഞു. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആര്‍ത്തിയില്‍ എന്നെ കടിച്ചുമാറ്റി. തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്. രണ്ട് പട്ടിയുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികള്‍ കഞ്ഞിക്കു വേണ്ടി മത്സരിക്കുന്നു. പട്ടികടിച്ച മുറിവില്‍നിന്ന് ചോരവന്നപ്പോള്‍ ദേഷ്യമല്ല തോന്നിയത്. എന്റെ അവസ്ഥയില്‍ ഉണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപം മാത്രം.
ഡോ. കുഞ്ഞാമന്റെ ഈ അനുഭവം ആ കാലത്തിന്റെ സവിശേഷതയാല്‍ രൂപപ്പെട്ടതാണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. മറിച്ച്, വരേണ്യവര്‍ഗം തുടര്‍ന്നുവരുന്ന അധീശത്വ അധികാരത്തിന്റെ ഭാഗമാണത്. അത്തരം അനുഭവങ്ങള്‍ ഇന്ത്യയിലുടനീളം കാണാം. ഓം പ്രകാശ് വാല്മീകി തന്റെ ആത്മകഥയില്‍ എഴുതുന്നു. 'അസ്പൃശ്യത വ്യാപകമായിരുന്നു. പൂച്ചകളെയും പട്ടികളെയും പശുക്കളെയും എരുമകളെയും തൊടുന്നതിനു കുഴപ്പമില്ല. എന്നാല്‍ ഒരു ചുഹ്‌റയെ (താഴ്ന്ന ജാതിക്കാരന്‍ ) സ്പര്‍ശിക്കാനിടയായാല്‍ അശുദ്ധമായിപ്പോയി. ചുഹ്‌റയെ മനുഷ്യരായല്ല കണ്ടിരുന്നത്. അവര്‍ക്ക് ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമായിരുന്നു. അവരുടെ പ്രയോജനം ജോലി തീരുംവരെ മാത്രം അവരെ ഉപയോഗിക്കുക. ശേഷം എറിഞ്ഞുകളയുക'. 1950ലാണ് ഓംപ്രകാശ് ജനിക്കുന്നത്. അതായത് എം. കുഞ്ഞാമന്റെ അതേ സാമൂഹിക കാലം. അന്നും ഇന്നും ജാതി മനുഷ്യര്‍ നേരിടുന്നത് തിരസ്‌കരണം തന്നെ. എന്നാല്‍ അക്കാലത്തും ഡോ. കുഞ്ഞാമന്‍ തന്റെ നിലപാട് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.
അത്തരം അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. 'കുട്ടികള്‍ക്കു ഭയവും ബഹുമാനവും ഉണ്ടായിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു. മൂന്നാം ക്ലാസില്‍ അദ്ദേഹം എന്നെ പേരു വിളിക്കില്ല. പാണന്‍ എന്നാണു വിളിക്കുക. ബോര്‍ഡില്‍ കണക്കെഴുതി പാണന്‍ പറയടാ എന്നു പറയും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. സാര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്. കുഞ്ഞാമന്‍ എന്നു വിളിക്കണം. അതിന് അധ്യാപകന്റെ മറുപടി എന്താടാ നിന്നെ ജാതിപ്പേര് വിളിച്ചാല്‍ എന്നു ചോദിച്ച് ചെകിട്ടത്ത് ആഞ്ഞടിച്ചു. അധ്യാപകന്റെ മര്‍ദനമേറ്റ് വീട്ടിലെത്തിയ അമ്മയോട് കുഞ്ഞാമന്‍ വിവരം പറഞ്ഞപ്പോള്‍ അമ്മ പറയുന്നുണ്ട്. 'നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല മോനെ, നന്നായി വായിച്ചു പഠിക്കൂ' എന്ന്. അങ്ങനെ കഞ്ഞി കുടിക്കാന്‍ മാത്രം സ്‌കൂളില്‍ പോയ കുഞ്ഞാമന്റ ജീവിതം മാറ്റിയത് ആ അധ്യാപകന്റെ മര്‍ദനമായിരുന്നു. ഈ അനുഭവം ബോധ്യപ്പെടുത്തുന്നത് ജാതിയുണ്ടാക്കിയ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളെ മറികടക്കാനുള്ള ഏകവഴി വിദ്യാഭ്യാസമാണ് എന്നതാണ്. ഈയൊരു യാഥാര്‍ഥ്യത്തെയാണ് ഡോ. കുഞ്ഞാമന്‍ മരണംവരെ മുന്നോട്ടുവച്ചത്.
അറിവ് മുന്‍നിര്‍ത്തിയ തിരുത്ത്
ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ദലിത് സാമൂഹികാവസ്ഥയെ മാറ്റിയെടുക്കാന്‍ രാഷ്ട്രീയാധികാരംകൊണ്ട് മാത്രം സാധ്യമല്ല. അത്തരം ധാരണയെ എഴുപതുകളില്‍ തന്നെ ഡോ. കുഞ്ഞാമന്‍ തിരുത്തുന്നുണ്ട്. അറിവിനെ മുന്‍നിര്‍ത്തിയാണ് ആ തിരുത്ത്. ജാതിയുടെ മേല്‍വസ്ത്രം കൊണ്ട് തന്റെ ഉള്ളിലെ അറിവിനെ പൊതിഞ്ഞുവയ്ക്കാന്‍ അദ്ദേഹം തയാറായില്ല. ജാതിവസ്ത്രത്തിനു പുറത്തേക്ക് അറിവിനെ വിളംബരം ചെയ്യാനാണ് ഡോ. കുഞ്ഞാമന്‍ അവസാനകാലം വരെ പോരാട്ടം നടത്തിയത്. അവിടെയൊക്കെ അതികഠിനമായ ദാരിദ്ര്യം കുഞ്ഞാമനെ പിന്തുടരുന്നുണ്ട്. ഒന്നാം റാങ്കിന് അഭിനന്ദനമായി കിട്ടിയ സ്വര്‍ണമെഡല്‍ അടുത്ത ദിവസംതന്നെ പണയംവയ്ക്കുകയും പിന്നീട് പത്താം ദിവസം കഴിഞ്ഞ് വില്‍ക്കുകയും ചെയ്ത അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അതിനു കാരണം ദാരിദ്ര്യമായിരുന്നു. ഇത്തരം ജീവിതസാഹചര്യങ്ങളെ എത്രമാത്രം ധീരമായി നേരിട്ടാണ് ഡോ. കുഞ്ഞാമന്‍ സമാനതകളില്ലാത്ത അറിവിന്റെ ഉറവിടമായതെന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. അദ്ദേഹംതന്നെ പറയുന്നുണ്ട്. 'ഒരു വ്യക്തിയുടെ അവബോധം സൃഷ്ടിക്കുന്നത് അയാളുടെ സാമൂഹികസാഹചര്യങ്ങളാണ്. എന്റെ സാമൂഹികസാഹചര്യങ്ങളാണ് എന്റെ അവബോധം രൂപപ്പെടുത്തിയത്'. നേരത്തെ സ്ഥിരപ്പെട്ടുപോയ പല ചിന്താരീതികളെയും അദ്ദേഹം തിരുത്തുന്നത് സ്വന്തം കാഴ്ചപ്പാടിലൂടെയാണ്. എന്നിട്ടും ജാതിയുമായി ബന്ധപ്പെട്ട സാമൂഹികാവസ്ഥ ഇന്നും നിലനില്‍ക്കുകയാണ്. അതിനെയാണ് നിരന്തരം അദ്ദേഹം ചോദ്യം ചെയ്തത്.
ഇന്ത്യയിലെ ജ്ഞാനശാഖയ്ക്കുള്ള സവിശേഷത അത് തൊണ്ണൂറ് ശതമാനവും സവര്‍ണ ജീവിതപശ്ചാത്തലത്തിലാണ് വളര്‍ന്നതും നിലനില്‍ക്കുന്നതും. മറ്റിടങ്ങളില്‍ ജാതി ഇതിനൊരു തടസമല്ല. അതൊരിക്കലും ആസ്പൃശ്യതയുടെയോ വിവേചനത്തിന്റെയോ ഫലമായി വളര്‍ച്ച മുരടിച്ച വിജ്ഞാനശാഖയല്ല.
ഇന്ത്യയിലെ ഏതു മേഖലകള്‍ പരിശോധിച്ചാലും അവിടെയുള്ള മേധാവിത്വം ഉന്നതകുലരായ ജാതിമനുഷ്യരുടെ ആധിപത്യമാണ്. ഇതിനെക്കുറിച്ച് കാഞ്ച ഐലയ്യ പറയുന്നുണ്ട്. 'സമത്വസുന്ദര പ്രത്യയശാസ്ത്രങ്ങളിലൊക്കെ വിശ്വസിച്ചിരുന്നുവെങ്കിലും ഐലയ്യ, യെല്ലയ്യം, മല്ലയ്യ തുടങ്ങിയ പേരുകളുള്ള മനുഷ്യര്‍ ഉയര്‍ന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കടന്നുവരുന്നത് അവര്‍ക്കൊട്ടും രുചിച്ചിരുന്നില്ല. ഞങ്ങള്‍ മിക്കവരും അയോഗ്യരാണെന്നും ഞങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവേശിക്കുന്നത് അതിന്റെ നിലവാരത്തെ തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂവെന്നുമായിരുന്നു അവരില്‍ പലരുടെയും കാഴ്ചപ്പാട്. ചില ഹിന്ദു അധ്യാപകരുടെ അഭിപ്രായം ഞങ്ങള്‍ക്ക് സര്‍വകലാശാലയില്‍ സ്ഥാനം ലഭിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ലെന്നതായിരുന്നു'. ഇതിന്റെ സാമൂഹിക മനഃശാസ്ത്രം കീഴ്ജാതി മനുഷ്യര്‍ക്കു വൈജ്ഞാനിക മേഖലയില്‍ പ്രവേശിക്കാനുള്ള സാമൂഹിക അധികാരമില്ല എന്നതാണ്. എന്നാല്‍ ഈ യാഥാര്‍ഥ്യത്തെ മനസിലാക്കിക്കൊണ്ട് ഇതിനെതിരേയുള്ള പ്രതിരോധം ജ്ഞാനിയാവുക എന്നുള്ളതാണ്. ദലിത് ചിന്തകര്‍ ഈയൊരു വഴിയിലൂടെയാണ് ജ്ഞാനബോധത്തെ സാമൂഹിക പ്രതിരോധത്തിനായി പാകപ്പെടുത്തിയത്. വര്‍ത്തമാന കേരളത്തില്‍ അതിന്റെ ഏറ്റവും നല്ല സാന്നിധ്യമായിരുന്നു ഡോ. എം. കുഞ്ഞാമന്‍. അദ്ദേഹത്തെ സംബന്ധിച്ച് അറിവു തന്റെ നിലപാടിനെ ഉറപ്പിക്കാനുള്ള ആയുധമായിരുന്നു. അവിടെ വ്യക്തിമഹിമയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല.
'ഞാന്‍ ആരെയും ബഹുമാനിക്കാത്ത ആളാണ്. എന്നെ നിങ്ങളും ബഹുമാനിക്കരുത്. അത് എനിക്കിഷ്ടമല്ല. ബഹുമാനം, അച്ചടക്കം, വിധേയത്വം ഇവയെല്ലാം ഫ്യൂഡല്‍ മൂല്യങ്ങളാണ്. എന്നെയും എന്നെപ്പോലുള്ളവരെയും അടിച്ചമര്‍ത്തി കീഴാളരായി നിലനിര്‍ത്തിയ മൂല്യങ്ങളാണ്. നിങ്ങള്‍ ആരെയും ബഹുമാനിക്കരുത് എന്നു ഞാന്‍ പറയില്ല. ഏതായാലും എന്നെ വേണ്ട. നിങ്ങള്‍ക്ക് ഒരു റോള്‍മോഡല്‍ പാടില്ല. മറ്റുള്ളവരെ നോക്കി നിങ്ങളെ രൂപപ്പെടുത്താന്‍ ശ്രമിച്ചാല്‍ അപകര്‍ഷതാബോധമായിരിക്കും അവശേഷിക്കുക...'
ഇങ്ങനെ പറയാന്‍ ഡോ. കുഞ്ഞാമന് കഴിഞ്ഞത് തനിക്കു ചുറ്റുമുള്ളത് അധീശത്വ ജീവിതമാണ് എന്ന തിരിച്ചറിവാണ്. തന്റെ കുട്ടിക്കാലത്തെ അനുഭവം, അതുണ്ടാക്കിയ ആത്മനിന്ദ, അതിനെ മറികടക്കാന്‍ അമ്മ നല്‍കിയ ഉപദേശം പഠനമായിരുന്നു. വിധേയപ്പെടാത്ത അറിവ് മനുഷ്യനെ നിരന്തരം നവീകരിക്കുന്നുണ്ട്. അതൊരുതരം തിരിച്ചറിവു കൂടിയാണ്. അവിടെ പൊരുത്തപ്പെടുക എന്നത് സാധ്യമല്ലാത്ത കാര്യമാണ്. മറിച്ച്, സാധ്യമാകുന്നത് നിഷേധിയാവുക എന്നതാണ്. ആ നിഷേധത്തിന്റെ കരുത്ത് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അറിവാണ്. കുഞ്ഞാമനെ സംബന്ധിച്ച് വിദ്യാഭ്യാസം സ്വന്തം ശരീരത്തോടുള്ള വിപ്ലവാത്മ ഇടപെടല്‍ കൂടിയായിരുന്നു. ശരീരം നിലനിന്നാലെ മനസിനെ ചലിപ്പിക്കാന്‍ കഴിയൂ. അതിന് ആഹാരം വേണം.
ഏതൊരാളിലും ബുദ്ധി വളര്‍ച്ച ആരംഭിക്കുന്ന കുട്ടിക്കാലം. ആ കാലത്ത് കഞ്ഞിക്കുവേണ്ടി പട്ടിയോട് മത്സരിച്ച വ്യക്തിക്കു പിന്നീട് അറിവിന്റെ കണക്ക് മനുഷ്യന്റെ ചുറ്റുപ്പാടിനെ തിട്ടപ്പെടുത്താനുള്ള ആയുധമായിരുന്നു. അതിനെ പരമാവധി രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും കഴിഞ്ഞിരുന്നു. അതാകട്ടെ പലതിന്റെയും പാഠഭേദമായിരുന്നു. കൃത്യമായ നിലപാടുമായാണ് ഡോ. കുഞ്ഞാമന്‍ തന്റെ ഔദ്യോഗിക ജീവിതത്തെ മുന്നോട്ടുനയിച്ചത്. ഒരാളോടും ഒന്നിനും ആവശ്യപ്പെട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ച് സാമൂഹിക വിഷയങ്ങളോടുള്ള സമീപനം രൂപപ്പെടുന്നത് കേവലം വൈകാരികമോ, സ്വത്വപരമായ വിധേയത്വ ബോധത്തിന്റെ അടിസ്ഥാനത്തിലോ അല്ല. മറിച്ച്, സാമൂഹിക അധികാരഘടനയുടെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ്.
ഇത്തരം നിരീക്ഷണം സാമ്പ്രദായിക ദലിത് പവര്‍ പൊളിറ്റിക്‌സിന്റെ അച്ചടക്കത്തിന് വിരുദ്ധമാണ്. ദലിത് അവസ്ഥയോട് പ്രതികരിക്കുമ്പോഴും അതിനുള്ളിലെ രാഷ്ട്രീയ സ്തംഭനാവസ്ഥയെ എല്ലാ സമയത്തും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. 'ദലിത് സ്വത്വം എന്നത് അവര്‍ക്ക് അഭിമാനമാണെന്നും അഭിമാനമുള്ളവര്‍ക്ക് ഭയമില്ല' എന്നും ഡോ. കുഞ്ഞാമന്‍ പറയുന്നുണ്ട്. ഈയൊരു ജ്ഞാനാഭിമുഖ്യം ഉണ്ടായിത്തീരുന്നത് ഉള്ളിലെ തത്വബോധം കൊണ്ടാണ്. അപ്പോഴും യാഥാര്‍ഥ്യങ്ങളെ വിളിച്ചുപറയാന്‍ അദ്ദേഹം മറന്നില്ല. 1952ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാണ് അംബേദ്കറെ ബോംബെ നിയോജക മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത്. അതു പറയുമ്പോള്‍ അതിന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കുന്നത്, മാര്‍ക്‌സിസ്റ്റ് ഐഡിയോളജി തളരുകയും അംബേദ്കര്‍ ഐഡിയോളജി വളരുകയും ചെയ്യുന്നു എന്നു വാദിച്ചുകൊണ്ടാണ്.
ദലിതന്‍ എന്ന അര്‍ഥത്തില്‍ അപകര്‍ഷതയുടെ ഉള്‍വലയത്തെ ഭേദിക്കാനുള്ള ശ്രമം എക്കാലത്തും ഡോ. കുഞ്ഞാമന്‍ നടത്തുന്നുണ്ട്. അതിന്റെ ശക്തി വിദ്യാഭ്യാസമാണ്. അതു നേടുന്നതോടെ സാധാരണമനുഷ്യരുടെ നീതിയിലേക്ക് ദലിതനും വളരുന്നു. അത് കിട്ടിയോ എന്നുള്ളത് ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ടെങ്കിലും മറ്റൊന്ന് ഡോ. കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്നു. അത് ദലിത് മുന്നേറ്റത്തിന്റെ രാഷ്ട്രീയമാണ്.
ദലിത് അവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ സമ്പ്രദായിക രീതിയെ മറികടക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. അത്രയും ആഴത്തിലുള്ള നിരീക്ഷണവും സ്വന്തം ജീവിതം സമ്മാനിച്ച അനുഭവവും മറ്റൊരാളിന്റെ പിന്തുടര്‍ച്ചക്കാരനായി മാറാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അതിനു വേണ്ടത് സമ്പത്താണ്. 'സമ്പത്തിന്റെ നിയന്ത്രണം വന്നുകഴിഞ്ഞാല്‍ മറ്റു രംഗങ്ങളിലെ നിയന്ത്രണവും സ്വയം വരും. ദലിതരെ സംബന്ധിച്ച് സാമ്പത്തിക ആശ്രിതത്വമാണ് മറ്റു തരത്തിലുള്ള ആശ്രിതത്വത്തിന് കാരണം' എന്ന് കൃത്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ സാംസ്‌കാരിക മേഖലകളില്‍ എത്രമാത്രം പരിചിതമാണ് ഡോ. കുഞ്ഞാമന്‍ എന്നത് ആരെയും അതിശയിപ്പിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം വലിയ രീതിയില്‍ സാംസ്‌കാരികലോകം ഡോ. കുഞ്ഞാമന്റെ പാണ്ഡിത്യത്തെയും അനുഭവത്തെയും ചര്‍ച്ച ചെയ്യുകയാണ്. തീര്‍ച്ചയായും അറിഞ്ഞുകൊണ്ടു നടന്ന ഒരുതരം സാംസ്‌കാരിക തിരസ്‌കരണം ആ വലിയ ജീവിതത്തോട് കേരളീയ പൊതുസമൂഹം കാണിച്ചിട്ടുണ്ട്. ഔദ്യോഗിക കാലത്തായാലും മറ്റു രംഗങ്ങളിലായാലും മാറ്റിനിര്‍ത്തപ്പെടല്‍ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അത്തരമിടത്ത് വഴിപ്പെട്ട് കീഴടങ്ങി തലകുനിക്കാന്‍ ഒരിക്കലും അദ്ദേഹം തയാറായില്ല. പലപ്പോഴായി വായിച്ച അഭിമുഖങ്ങളിലും 'എതിര്' എന്ന പുസ്തകത്തിലും ആ ധീരതയുടെ കരുത്ത് മനസിലാക്കാന്‍ കഴിയുന്നുണ്ട്.
മരണശേഷവും ആ മഹാവ്യക്തിത്വത്തിനു വേണ്ട രീതിയിലുള്ള ആദരവു ലഭിച്ചോ എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്. അത് അദ്ദേഹം ആഗ്രഹിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പല കാലങ്ങളിലായി അദ്ദേഹം വ്യവസ്ഥിതിയോടു നടത്തിയ കലഹം ഏതെങ്കിലും അധികാരത്തിനു വേണ്ടിയായിരുന്നില്ല. ജീവിതം രൂപപ്പെടുത്തിയ ജാതിയുടെ ക്രൂരമായ അനുഭവങ്ങളെ മറികടിക്കാനാണ്. അത് വ്യക്തിപരമായ ആവശ്യമായിരുന്നില്ല. പിന്തള്ളപ്പെട്ടുപോയ ഒരു വര്‍ഗത്തിന്റെ തിരിച്ചുവരവിനു വേണ്ടിയുള്ള ആശയപരമായ സമരം കൂടിയായിരുന്നു. ഇന്ത്യയിലെ മറ്റുപല ദലിത് ചിന്തകരില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്. 'നമ്മള്‍ ആര്‍ജിക്കുന്ന വിജ്ഞാനം നമ്മുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്നുണ്ടോ എന്നതാണ് കാര്യം. വിജ്ഞാനം ഭാരമായിക്കാനുള്ളതല്ല. അത് ഒരു രാസപ്രക്രിയയ്ക്ക് വിധേയമാക്കണം. ചിന്താഗതിയെ സ്വാധീനിക്കാന്‍ തക്ക നിലയില്‍ രൂപപ്പെടണം'.
ജീവിതത്തിലുടനീളം നിഷേധിയുടെ മനസുമായി മുന്നോട്ടുപോയ അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് നടത്തിയിട്ടുള്ള ഇടപെടല്‍ ഇനിയുള്ള കാലത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകതന്നെ ചെയ്യും. അവിടെ ഡോ. കുഞ്ഞാമന്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച നിഷേധിയുടെ ജ്ഞാനസ്വത്വം തന്നെയായിരിക്കും ആ ജീവിതത്തെ വരുംകാലത്തും അടയാളപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."