കേന്ദ്രത്തിന്റെ മറുപടി മറച്ചുവച്ചു, സഭയില്‍ മന്ത്രിക്ക് ഉത്തരം തെറ്റി അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ സംസ്ഥാനം നല്‍കിയ കത്തിന് കേന്ദ്രം മറുപടി നല്‍കിയില്ലെന്ന് നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ തെറ്റായ മറുപടി നല്‍കാന്‍ കാരണക്കാരായ അഞ്ചു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സുജിത്, വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അജിത്കുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് സുലൈമാന്‍ സേട്ട്, സീനിയര്‍ സൂപ്രണ്ട് പ്രദീപ്, സെക്ഷന്‍ ക്ലര്‍ക്ക് സൗമ്യ എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് മന്ത്രി ശുപാര്‍ശ ചെയ്തത്.
ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ മെമ്മോയും ചാര്‍ജ് ഷീറ്റും ഉടന്‍ നല്‍കും. തുടര്‍ന്ന് ശിക്ഷാനടപടികള്‍ പ്രഖ്യാപിക്കും. കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ ഒന്നിനാണ് കേന്ദ്ര സര്‍ക്കാരിനു കേരളം കത്തു നല്‍കിയത്.
വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ ഡിസംബറില്‍ ഇത് തിരിച്ചയച്ചു. തുടര്‍ന്ന് 2021 ജൂണ്‍ 17ന് കേരളം വീണ്ടും കത്തെഴുതി. 2011 മുതല്‍ കേരളം കാട്ടുപന്നി പ്രശ്‌നത്തെ നേരിടാന്‍ പഞ്ചായത്തുകള്‍ വഴി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്തതുകൊണ്ടാണ് വീണ്ടും കേന്ദ്രത്തിലേക്കു കത്തയയ്ക്കുന്നതെന്നുമാണ് ഈ കത്തില്‍ അറിയിച്ചത്.
ഇതിനുള്ള മറുപടി ജൂലൈ എട്ടിന് കേന്ദ്രം നല്‍കിയിരുന്നു. 2011 മുതല്‍ പഞ്ചായത്തുകള്‍ മുഖേന കാട്ടുപന്നികളെ നശിപ്പിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കണന്നാണ് കേന്ദ്രത്തിന്റെ മറുപടിയിലുണ്ടായിരുന്നത്. എന്നാല്‍ കത്ത് ഒന്നര മാസമാക്കാലം ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവച്ചു. ഇക്കാര്യം മന്ത്രിയെ അറിയിച്ചതുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ഓഗസ്റ്റ് ആറിനു നടന്ന നിയമസഭാ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്രത്തില്‍നിന്ന് കത്തു വന്നിട്ടില്ലെന്ന തെറ്റായ വിവരം സഭയില്‍ മന്ത്രി പറഞ്ഞത്.
വിവരാവകാശ നിയമപ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കത്തിടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പുറത്തായതോടെ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണമുയര്‍ന്നു. ഇതു വിവാദമായതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രി ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."