മത്സരിച്ച് കുതിച്ച് ഇന്ധന, പാചകവാതക വില; ജീവിതം പൊള്ളുന്നു
സ്വന്തം ലേഖിക
കൊച്ചി: ഇന്ധനവിലയും പാചകവാതക വിലയും മത്സരിച്ച് കുതിക്കാന്‍ തുടങ്ങിയതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായി. അവശ്യസാധന വിലവര്‍ധനക്കൊപ്പം പാചകവാതകത്തിന് കൂടി പൊള്ളുന്ന വിലയായതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വീട്ടമ്മമാര്‍. ഗാര്‍ഹിക, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് ഇന്നലെ 15 രൂപയാണ് വര്‍ധിപ്പിച്ചത്.
രണ്ടു മാസത്തിനിടെ നാലാംതവണയാണ് പാചകവാതക സിലിണ്ടര്‍ വിലവര്‍ധന. 14.5 കിലോ തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. 19 കിലോ തൂക്കംവരുന്ന വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1748.50 രൂപയും. ഒക്ടോബര്‍ ഒന്നിന് സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും 15 രൂപ കൂടി കൂട്ടിയത്.
പെട്രോള്‍, ഡീസല്‍ വിലയും തുടര്‍ച്ചയായി കൂട്ടുകയാണ്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ കടന്നു. പെട്രോളിന് ഇന്നു ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയും കൂടും. കൊച്ചിയില്‍ പെട്രോളിന് 103.55 രൂപ ആയപ്പോള്‍ തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് ഉള്‍പ്പെടെ 105.48 രൂപയായി. ഡീസല്‍ ലിറ്ററിന് കൊച്ചിയില്‍ 96.89 രൂപയും തിരുവനന്തപുരത്ത് 98.71 രൂപയുമാണ്. കഴിഞ്ഞ 13 ദിവസത്തിനിടെ ഡീസലിന് 2.33 രൂപയുടെയും പെട്രോളിന് 2.07 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്.
ഡീസല്‍ വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ ചരക്കുകടത്ത് കൂലി കുതിച്ചുയരുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. നിത്യോപയോഗ സാധന വിലയും വരുംദിവസങ്ങളില്‍ കുതിച്ചുയരാനിടയുണ്ട്. പെട്രോള്‍ വിലവര്‍ധന ഇരുചക്ര വാഹന ഉടമകള്‍ അടക്കമുള്ള സാധാരണക്കാരുടെ യാത്രാബജറ്റും തകിടംമറിക്കും. കൊവിഡ് സാഹചര്യത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കെയാണ് പാചകവാതക വിലയും ഇന്ധന വിലയും കുതിച്ചുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."