ഫേസ്ബുക്ക് ഇന്ത്യയില്‍ മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നു
വാഷിങ്ടണ്‍: ഫേസ്ബുക്ക് സാമ്പത്തിക ലാഭത്തിന് വേണ്ടി വിദ്വേഷം വമിപ്പിക്കുന്ന പോസ്റ്റുകളെ പ്രോത്സാഹിപ്പിച്ചുവെന്നും ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നെന്നും സ്ഥാപനത്തിന്റെ മുന്‍ ഡാറ്റ സയന്റിസ്റ്റ് ഫ്രാന്‍സെസ് ഹൗഗന്‍. വംശീയ അധിക്ഷേപങ്ങളും ആക്രമണവും വിഭജന ആശയങ്ങളും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹൗഗന്‍ അമേരിക്കന്‍ സെക്യൂരിറ്റി കമ്മിഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഇന്ത്യയില്‍ തീവ്ര വലത് ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പ്രചാരണങ്ങള്‍ ഇതിന് ഉദാഹരണമായി പരാതിയില്‍ പറയുന്നുണ്ട്. സംഘപരിവാര്‍ അനുകൂല വ്യക്തികളുടെയും സംഘടനകളുടെയും പ്രൊഫൈലിലൂടെ ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ ഫേസ്ബുക്കിന്റെ അറിവോടെയും പിന്തുണയോടെയുമാണെന്ന് ഹൗഗന്‍ ആരോപിച്ചു. മുസ്‌ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചുള്ള വ്യാജ പ്രചാരണങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേൃത്വത്തിലാണ് ഇത്തരത്തിലുള്ള മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നത്. എന്നാല്‍ വര്‍ഗീയമായി ആക്രമണങ്ങള്‍ക്ക് ആഹ്വാനംചെയ്യുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് നിയന്ത്രിക്കുന്നില്ലെന്നും ഹൗഗന്‍ പറഞ്ഞു.
ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന നിയമ സംഘടനയായ 'വിസില്‍ബ്ലോവര്‍ എയ്ഡ്' ആണ് ഹൗഗനെ പ്രതിനിധീകരിച്ച് പരാതി നല്‍കിയിരിക്കുന്നത്. വാഷിങ്ടണിലെ യു.എസ് സെനറ്റര്‍മാര്‍ക്ക് മുമ്പിലും ഹൗഗന്‍ ഇന്നലെ മൊഴി നല്‍കി.
ഇന്ത്യയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ സമയത്ത് ബി.ജെ.പി അനുകൂല പോസ്റ്റുകള്‍ക്കും ടാഗുകള്‍ക്കും കൂടുതല്‍ പ്രചാരം ലഭിച്ചത് രേഖകളുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കി 'ബൂസ്റ്റിങ്' നടത്തുന്ന ടയര്‍ സീറോ വിഭാഗത്തിലെ രാജ്യമായാണ് ഇന്ത്യയെ രേഖകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ യു.എസും ബ്രസീലും മാത്രമാണ് ഈ പട്ടികയിലുള്ളത്. നേരത്തേ, ഫേസ്ബുക്ക് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കമ്പനിയുടെ ആപ്പുകളും സൈറ്റുകളും കുട്ടികളെ മോശമായി ബാധിക്കുന്നുണ്ടെന്നും ഹൗഗന്‍ യു.എസ് കോണ്‍ഗ്രസ് മുമ്പാകെ നടന്ന ഹിയറിങ്ങിനിടെ പറഞ്ഞിരുന്നു.
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടതെന്ന് കമ്പനിക്ക് കൃത്യമായറിയാം. എന്നാല്‍ അതിന് വേണ്ട മാറ്റങ്ങള്‍ വരുത്തുന്നില്ല. കാരണം അവര്‍ സാമ്പത്തിക ലാഭമാണ് നോക്കുന്നത്- ഹൗഗന്‍ വ്യക്തമാക്കി.
വിഷയത്തില്‍ യു.എസ് കോണ്‍ഗ്രസ് നടപടിയെടുക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ്വേര്‍ഡ് മാര്‍കെ പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ തെറ്റായ പ്രചാരണമാണെന്നും ആരും വിശ്വസിക്കില്ലെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."