ലേഖിംപൂര്‍ ഖേരി കര്‍ഷകക്കുരുതി ഇരകള്‍ക്ക് 50 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍
കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിനും ധനസഹായം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിനും മാധ്യമപ്രവര്‍ത്തകന്റെ ആശ്രിതര്‍ക്കും 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് പഞ്ചാബ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍.
ലേഖിംപൂര്‍ സംഭവം 1919 ലെ ജാലിയന്‍വാലാബാഗിനു സമാനമാണെന്നും യു.പി സര്‍ക്കാര്‍ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ആരോപിച്ചു. കൊല്ലപ്പെട്ട നാലു കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും ആശ്രിതര്‍ക്ക് തന്റെ സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കൊപ്പം ലേഖിംപൂരിലേക്ക് പോകാന്‍ ലഖ്നൗവിലെത്തിയതായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍.
50 ലക്ഷം വീതം സഹായധനം നല്‍കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും പ്രഖ്യാപിച്ചു. ലേഖിംപൂരില്‍ കൊല്ലപ്പെട്ട മറ്റ് നാലുപേര്‍ ബി.ജെ.പി പ്രവര്‍ത്തകരാണ്. കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മാധ്യമപ്രവര്ത്തകന് സ്വകാര്യ ടി.വി ചാനലിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. പരിപാടി ഷൂട്ട് ഷെയ്യുന്നതിനിടെ വാഹനം ഇടിച്ചാണ് മകന് കൊല്ലപ്പെട്ടതെന്ന് ഇദ്ദേഹത്തിന്റെ പിതാവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."