ലഹരിക്കെതിരേ പടന്നയില്‍ ജനകീയ കൂട്ടായ്മ ഒരുങ്ങുന്നു
തൃക്കരിപ്പൂര്‍: കഞ്ചാവ് മയക്കുമരുന്ന് വിപത്തില്‍ നിന്ന് പടന്നയെ സംരക്ഷിച്ച് പടന്നയുടെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്താന്‍ ജനകീയ കമ്മിറ്റി വരുന്നു. നാടിനെ ലഹരി മുക്ത ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജനകീയ കൂട്ടായ്മയില്‍ അണിചേരുക എന്ന ആഹ്വാനവുമായി വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം പടന്നയില്‍ ചേര്‍ന്നു.
പടന്ന ഹിദായത്ത് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ക്ലബ്ബുകളിലെ പ്രതിനിധികള്‍, പ്രദേശത്തെ സ്‌കൂളുകളിലെ മേലധികാരികള്‍, പി.ടി.എ ഭാരവാഹികള്‍, നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സംഘടനകളില്‍ നിന്ന് രണ്ടു പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് വീണ്ടും യോഗം വിളിച്ചു ചേര്‍ക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ കെ.വി ഖാദറിനെ യോഗം ചുമതലപ്പെടുത്തി. അടുത്തകാലത്തായി പടന്നയില്‍ കഞ്ചാവ് പോലുള്ള മയക്കുമരുന്ന് വിപണനം വ്യാപകമായതോടെയാണ് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.
പടന്നയുടെ സമൂഹ്യ സാംസ്‌കാരിക പൈതൃകത്തെ നശിപ്പിക്കുന്ന സമൂഹ തിന്‍മകളെ ഒറ്റകെട്ടായി നേരിടുവാനും മയക്കുമരുന്നിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌കോഡുകള്‍ രൂപീകരിച്ച് നിയമപരമായ എല്ലാ സംരക്ഷണവും ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.
കൂടാതെ സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍.രണ്ടില്‍ കൂടുതല്‍ പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നത് തടയുക, നിശ്ചിത സമയത്തിന് ശേഷം പാതിരാത്രിവരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
പടന്നയെന്ന ഗ്രാമത്തില്‍ രാത്രി ഏറെ വൈകുന്നത് വരെ ഏതാനും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്നതിനാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയെ സമീപിച്ച് പരിഹാരം നിര്‍ദേശിക്കണമെന്നും ആവശ്യപ്പെടും.
കൂടാതെ മയക്കുമരുന്ന് വിപണമ ചെയ്യുന്നവരുമായി സഹകരിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവരെ നാട് ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ ഉണ്ടാവണമെന്നും യോഗത്തിനെത്തിയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍ കഞ്ചാവ്, പാന്‍ മസാലകള്‍ എന്നിവ വില്‍ക്കുന്നവരോട് ഉപദേശവും ബോധവല്‍ക്കരണവും നടത്തും. തുടര്‍ന്നും വിപണനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചാല്‍ നല്ല ലഹരിമുക്ത പടന്നയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസം യോഗത്തിനെത്തിയവര്‍ ആരാഞ്ഞു.
കഞ്ചാവില്‍ മയങ്ങുന്ന പടന്നയെ സംരക്ഷിക്കാന്‍ നാടിന്റെ കൂട്ടായ്മ അവശ്യമാണെന്ന് നേരത്തെ 'സുപ്രഭാതം' മുന്നോട്ടുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."