പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നു മുതല്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രവേശനം ഇന്നുമുതല്‍ ആരംഭിക്കാനിരിക്കെ സീറ്റ് ക്ഷാമത്തിന് പരിഹാരമായില്ല. ഇന്നലെ പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്‌മെന്റിലും എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ പല വിദ്യാര്‍ഥികളും പുറത്താണ്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ആദ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ച 4,65,219ല്‍ 2,69,533 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. മെരിറ്റില്‍ ഇനി 655 സീറ്റ് മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ പോലും മാനേജ്‌മെന്റ്, അണ്‍എയ്ഡഡ് സീറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മെരിറ്റില്‍ മലബാര്‍ ജില്ലകളില്‍ ആകെ ഒഴിവുള്ളത് നൂറില്‍ താഴെ സീറ്റുകള്‍ മാത്രമാണ്. കോഴിക്കോട് ഒരു സീറ്റുപോലും ഒഴിവില്ല. മലപ്പുറം, വയനാട് ജില്ലകളില്‍ ഓരോ സീറ്റു വീതവും കണ്ണൂര്‍- 21, കാസര്‍കോട്- 58 എന്നിങ്ങനെയാണ് സീറ്റുകള്‍ ബാക്കിയുള്ളത്. ഒ.ബി.സി വിഭാഗത്തില്‍ രണ്ട്, എസ്.സിയില്‍ 17, എസ്.ടിയില്‍ 13 സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. പത്താം ക്ലാസ് കഴിഞ്ഞ എല്ലാവര്‍ക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിക്കുമ്പോഴും വിദ്യാര്‍ഥികളുടെ ആശങ്ക ഒഴിയുന്നില്ല. പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും 12, 16, 20, 21 തീയതികളിലുമായി നടക്കും. സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് ഫലം ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍കാലിക പ്രവേശനം നേടിയവര്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിര്‍ദിഷ്ട സമയത്ത് തന്നെ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."