കടിഞ്ഞാണ്‍ ക്ലര്‍ക്കിന്റെ കൈയില്‍: വനംവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും രണ്ടുതട്ടില്‍
ഫൈസല്‍ കോങ്ങാട്
പാലക്കാട്: വനംമന്ത്രിയുടെ ഓഫിസ് ഭരണം ക്ലര്‍ക്ക് ഷാജി ബാലമോഹന്റെ കൈപ്പിടിയിലായതോടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫിസും രണ്ടുതട്ടില്‍. കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാന വനംവകുപ്പ് ആസ്ഥാനത്തേക്കുവരുന്ന കത്തുകളും നിര്‍ദേശങ്ങളും വകുപ്പുമന്ത്രിയുടെ ഓഫിസിനെ അറിയിക്കാതെ കാര്യങ്ങള്‍ സ്വന്തം നിലയില്‍ തീരുമാനിച്ച് നടപ്പാക്കുകയാണ് ഷാജി ബാലമോഹന്‍ എന്ന ആരോപണം ശക്തമാണ്.
ഇന്നലെ നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിയിരുന്ന വനംമന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മറച്ചുവച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വനംവകുപ്പ് ആസ്ഥാനത്തെ പ്രധാന തസ്തികയിലുള്ള അഞ്ച് ഓഫിസര്‍മാരെ ശിക്ഷാനടപടിയെന്ന നിലയില്‍ സ്ഥലംമാറ്റാന്‍ മന്ത്രി ഉത്തരവിട്ടു. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അപേക്ഷയില്‍ വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക്, ഇക്കാര്യത്തില്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ എന്നിവ അന്വേഷിച്ച് കേന്ദ്രം നല്‍കിയ കത്തും വനംവകുപ്പ് ആസ്ഥാനത്തുനിന്ന് മന്ത്രിയുടെ ഓഫിസിലെത്തിച്ചിരുന്നില്ല.
കര്‍ഷകര്‍ക്ക് ദ്രോഹമാകുന്ന പന്നികളെ കൊല്ലാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി മറികടന്ന് പന്നികളെ കൊല്ലാന്‍ ക്വാട്ട നിശ്ചയിച്ചതും മന്ത്രിയുടെ ഓഫിസ് അറിഞ്ഞിരുന്നില്ല. ഇക്കാര്യവും, വകുപ്പില്‍ ഷാജിയുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ചും സുപ്രഭാതം കഴിഞ്ഞദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്തവന്നതിനു പിന്നാലെ വനംവകുപ്പ് മേധാവിക്ക് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കി. ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.സുജിത്ത്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സുലൈമാന്‍ സേഠ്, സീനിയര്‍ സൂപ്രണ്ട് കെ.കെ സജീവ്, സെക്ഷന്‍ സീനിയര്‍ ക്ലര്‍ക്ക് ബി.സൗമ്യ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അനില്‍ എന്നിവര്‍ക്ക് ശിക്ഷാ നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം.
വനംവകുപ്പില്‍ 20 വര്‍ഷമായി ബൈന്റര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ഷാജി ബാലമോഹന്‍ ആണ് മന്ത്രിയേയും ഓഫിസിനേയും നിയന്ത്രിക്കുന്നതെന്ന പരാതി ഉയരുന്നതിനിടേയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ശിക്ഷാനടപടി.
വനംമന്ത്രി എ.കെ ശശീന്ദ്രന്റെ ഓഫിസിലെ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിനൊപ്പം മന്ത്രിയുടെ പി.ആര്‍.ഒ ആണെന്ന ഭാവത്തില്‍ വകുപ്പിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന പരാതിയും ഷാജിക്കെതിരേ ഉയര്‍ന്നിരുന്നു. ഷാജിയാണ് മന്ത്രിയേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും രണ്ടുതട്ടിലാക്കിയതെന്ന പരാതിക്ക് അടിവരയിടുന്നതാണ് ഇന്നലത്തെ സംഭവങ്ങള്‍.
ഷാജിയെ മുന്നില്‍ നിര്‍ത്തി മന്ത്രിയുടെ കുടുംബാംഗമാണ് ഉദ്യോഗസ്ഥരെ ഭരിക്കുന്നതെന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍ ഒരാളും സുപ്രഭാതത്തോട് പറഞ്ഞു. ഷാജിയെക്കുറിച്ചുള്ള സുപ്രഭാതം വാര്‍ത്തയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ പി.സി ചാക്കോ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."