ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ സര്‍ക്കാരിന്റെ വെല്ലുവിളി
കേന്ദ്രസര്‍ക്കാര്‍ ഒരനുഷ്ഠാനം പോലെ പാചകവാതകത്തിന്റേയും പെട്രോള്‍-ഡീസലിന്റേയും വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാനുള്ള സാധാരണ പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ അടിക്കടിയുള്ള ഈ വിലവര്‍ധനയെ കാണാനാകൂ. വിലവര്‍ധനവിനെതിരേ എത്രയേറെ പ്രതിഷേധ സമരങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരിനെ അതൊന്നും സ്പര്‍ശിക്കുന്നേയില്ല.
രണ്ടു ദിവസത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സമരങ്ങള്‍ താനെ കെട്ടടങ്ങിക്കൊള്ളുമെന്ന സര്‍ക്കാര്‍ ധാരണ ഉറപ്പിക്കുന്നതുമാണ് വിലവര്‍ധനവിനെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരാഗതസമരമുറകള്‍. റോഡില്‍ അടുപ്പുകൂട്ടി പാചകവാതക വിലവര്‍ധനവിനെതിരേ രോഷാകുലരായതുകൊണ്ടോ മോട്ടോര്‍ വാഹനങ്ങള്‍ കെട്ടിവലിച്ചതു കൊണ്ടോ വര്‍ധിപ്പിച്ച വില കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.
പാചകവാതക സിലിണ്ടറിന് യാതൊരു ദയാദാക്ഷിണ്യവും കൂടാതെയാണ് കഴിഞ്ഞ ദിവസം 15 രൂപ വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലവര്‍ധിച്ചതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമായി എണ്ണക്കമ്പനികള്‍ നിരത്തുന്ന ന്യായം. പാചക വാതകത്തിനും ഇന്ധനത്തിനും അടിക്കടി വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെ എണ്ണക്കമ്പനികള്‍ പതിവായി നിരത്തിക്കൊണ്ടിരിക്കുന്ന ന്യായമാണിത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ അതിനുസൃതമായി ഇന്ത്യയില്‍ പാചക വാതക-ഇന്ധന വിലയൊട്ടും കുറയുന്നുമില്ല.
വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കുമ്പോള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ പറഞ്ഞിരുന്നത് അന്താരാഷ്ട്ര വിപണയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനനുസരിച്ച് അതിന്റെ പ്രതിഫലനം ഇന്ത്യയില്‍ ഉണ്ടാകുമെന്നായിരുന്നു.
എന്നാല്‍ വില വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുക എന്ന പ്രതിഫലനം മാത്രമാണ് ഇന്ത്യയില്‍ നാളിതുവരെ കണ്ടത്. പെട്രോള്‍ ലിറ്ററിന് മുപ്പത് രൂപയാക്കിയ യു.പി.എ സര്‍ക്കാറിനെതിരേ സമരം ചെയ്ത ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ലിറ്റര്‍ പെട്രോളിന് നൂറിലധികം രൂപ കൊടുക്കേണ്ട ഗതികേടിലാണ് ജനത. പെട്രോള്‍ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് യു.പി.എ സര്‍ക്കാര്‍ നല്‍കിയപ്പോള്‍ അതിനെ അതിശക്തമായി എതിര്‍ത്ത ബി.ജെ.പി നേതാക്കളായിരുന്നു നരേന്ദ്ര മോദിയും അമിത് ഷായും. ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ ഡീസലിന്റെ വില നിര്‍ണയാധികാരംകൂടി അവര്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കി.
രാജ്യത്ത് തീവ്രമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്തരം സംഭവങ്ങളുടെ മറപറ്റിയായിരിക്കും പലപ്പോഴും ബി.ജെ.പി സര്‍ക്കാര്‍ പാചകവാതകത്തിന്റേയും ഇന്ധനത്തിന്റേയും വില വര്‍ധിപ്പിക്കുക.
ഇപ്പോഴും സംഭവിച്ചത് അതുതന്നെയാണ്. ഉത്തര്‍പ്രദേശിലെ ലേഖിംപൂര്‍ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കുനേരേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാര്‍ ഓടിച്ചു കയറ്റി നാലുപേരെ കൊന്നതില്‍ പ്രതിഷേധിച്ച് രാജ്യം തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ് ഈ പ്രാവശ്യം പാചക വാതക വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും തെരഞ്ഞെടുത്തത്.
ഇതുകൊണ്ട് രണ്ടു നേട്ടങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒന്നുകില്‍ സമരക്കാരുടെ ശ്രദ്ധ യു.പിയില്‍തന്നെ തളച്ചിട്ട് പാചകവാതക വില വര്‍ധനവിനെതിരെയുള്ള സമരത്തില്‍നിന്നു പിന്തിരിപ്പിക്കാം.
അല്ലെങ്കില്‍ യു.പിയിലെ സമരത്തില്‍നിന്നു കര്‍ഷകരെയും പ്രതിപക്ഷ പാര്‍ട്ടികളേയും പിന്തിരിപ്പിച്ചു അവരെ പാചകവാതക വില വര്‍ധനവിനെതിരെയുള്ള സമരത്തിലേക്കെത്തിക്കാം. രണ്ടായാലും ബി.ജെ.പി സര്‍ക്കാരിനു തന്നെയാണ് നേട്ടം. പാചകവാതക-ഇന്ധന വിലക്കെതിരേയുള്ള പ്രതിപക്ഷസമരം പതിവു ഫോര്‍മുലയില്‍ ഒതുങ്ങിക്കൊള്ളുമെന്നും സര്‍ക്കാരിനറിയാം.
ഒരു ജനതയെ വിലവര്‍ധനവിലൂടെ എങ്ങിനെ ഇഞ്ചിഞ്ചായി കൊല്ലാമെന്നാണ് അടിക്കടി പാചക വാതകത്തിന്റേയും ഇന്ധനത്തിന്റേയും വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. കൊവിഡിന്റെ പ്രഹരത്തില്‍നിന്നു ജനങ്ങള്‍ ഇപ്പോഴും പൂര്‍ണമായി മോചിതരായിട്ടില്ല. സ്‌കൂളുകളും കോളജുകളും ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതം ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല.
ജോലിയും കൂലിയുമില്ലാതെയാണ് ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും കഴിയുന്നത്. മാത്രമല്ല ഏതു സമയത്തും കൊവിഡ് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരമൊരവസ്ഥയിലാണ് സാധാരണക്കാരന്‍ ഒരു സിലിണ്ടര്‍ പാചകവാതകത്തിന് ഇന്നുമുതല്‍ ആയിരത്തിലധികം രൂപ കൊടുക്കേണ്ടി വരുന്നത്. പെട്രോള്‍ ലിറ്ററിന് മുപ്പത് പൈസയും ഡീസലിനു 35 പൈസയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് നൂറുരൂപയിലധികം കൊടുക്കണം. ഇത് നാളെയും വര്‍ധിച്ചേക്കാം.
യാത്രകളെ മാത്രമല്ല ഇന്ധനവില ബാധിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുളള ഭക്ഷ്യ വസ്തുക്കള്‍ക്കും അല്ലാത്തതിനും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. അടിക്കടിയുണ്ടാകുന്ന എണ്ണവില വര്‍ധനവ് കാരണം കടത്തുകൂലിയും വര്‍ധിക്കുന്നു. ഇതിന്റെ പാപഭാരം വിലവര്‍ധനവിലൂടെ സാധാരണക്കാരന്‍ വഹിക്കേണ്ടിവരുന്നു. ദുരിതങ്ങളില്‍ സാധാരണക്കാരന് താങ്ങാകേണ്ട സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് താങ്ങാവുന്നതാണ് കണ്ടുവരുന്നത്. സാധാരണക്കാരനെ ദുരിതങ്ങളുടെ കൂടുതല്‍ ആഴങ്ങളിലേക്ക് താഴ്ത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു.
രാജ്യത്ത് തൊഴിലില്ലായ്മ ഭീതിദമാം വിധംവര്‍ധിക്കുമ്പോഴാണ് ഈ ക്രൂരത. സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 8:34 ശതമാനമായിരുന്നു. ഈ വര്‍ഷം ഇതിലുമധികം ഉണ്ടാകും. തൊഴിലവസരങ്ങളും സ്ഥിരവരുമാന സാധ്യതകളും നന്നേ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ ക്ഷമ പാചകവാതക, എണ്ണവില വര്‍ധിപ്പിച്ച് ഇടക്കിടെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
ഈ ക്ഷമ പരിശോധന സര്‍ക്കാരിന് എത്ര കാലം മുമ്പോട്ടുകൊണ്ട് പോകാന്‍ കഴിയും? രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സാധാരണക്കാരന്റെ ദൈനംദിന ജീവിതം ദുസഹമാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ജനങ്ങളെ പിഴിഞ്ഞു കോര്‍പറേറ്റുകളെ തടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."