കുടുംബ ബജറ്റ് താളംതെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു
സുനി അല്‍ഹാദി
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. പല ഇനങ്ങള്‍ക്കും രണ്ടും മൂന്നും ഇരട്ടിവരെയായാണ് വില വര്‍ധിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മഴക്കെടുതി, മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ഉല്‍പാദനം വെട്ടിക്കുറച്ചത് തുടങ്ങിയവയാണ് കാരണമായി പറയുന്നത്. ഉത്തരേന്ത്യയില്‍ ഉത്സവ സീസണായതിനാല്‍ അവിടെനിന്നുള്ള വരവ് കുറയുമെന്നും അതിനാല്‍ വരും ദിവസങ്ങളില്‍ വീണ്ടും വില വര്‍ധിക്കുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ, നൂറു രൂപയ്ക്ക് അഞ്ചും ആറും കിലോ വരെ ലഭിച്ചിരുന്ന സവാളയുടെ ഇപ്പോഴത്തെ മൊത്ത വില കിലോക്ക് 40 രൂപയാണ്. ചില്ലറ വിപണിയില്‍ ഇത് 50 രൂപവരെ എത്തിയിട്ടുണ്ട്. നേരത്തെ കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന ഉള്ളിയുടെ മൊത്തവില ഇപ്പോള്‍ 50 രൂപയാണ്. ചില്ലറ വിപണിയില്‍ ഇത് 56 രൂപവരെയെത്തി. പൊള്ളാച്ചിയില്‍നിന്ന് വന്നിരുന്ന വില കുറഞ്ഞ സവാള ഉള്ളിക്ക് ഇപ്പോള്‍ 40 രൂപയായി. കാരറ്റ്, ബീന്‍സ്, മുരിങ്ങക്ക തുടങ്ങിയവയുടെ വിലയും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. കിലോയ്ക്ക് 80 രൂപ വരെയാണ് പല ഇനങ്ങളുടെയും വില.
കൊവിഡ് കാരണം പല വിപണികളും അടഞ്ഞുകിടന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ പൂനെയിലെയും നാസിക്കിലെയും കര്‍ഷകര്‍ ഉല്‍പാദനം കുറച്ചിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവിനെ തുടര്‍ന്ന് മിക്ക വിപണികളും തുറന്നതോടെ ആവശ്യക്കാര്‍ ഏറി. അതനുസരിച്ച് ഉല്‍പാദനം വര്‍ധിച്ചുമില്ല. ഇതാണ് സവാള വില ഉയരാന്‍ കാരണമായി പറയുന്നത്.
പച്ചക്കറി വില കുതിച്ചതോടെ വില്‍പനയും കുറഞ്ഞിട്ടുണ്ട്. വലിയൊരു വിഭാഗം വഴിയോര കച്ചവടക്കാരുടെ ജീവീതവും വഴിമുട്ടിച്ചു. കൊവിഡ് സാഹചര്യം കാരണം ഓട്ടം കുറഞ്ഞ പിക്കപ് വാന്‍ ഉടമകളും ഒട്ടോറിക്ഷാ ഉടമകളും മറ്റും മൊത്തക്കച്ചവടക്കാരില്‍നിന്ന് സവാളയും മറ്റ് പച്ചക്കറികളും ഒന്നിച്ചെടുത്ത് പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്ത് വില്‍പന നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നു. എന്നാല്‍ വില കുതിച്ചുയര്‍ന്നതോടെ ഇത്തരം വില്‍പനയും സാധ്യമല്ലാതെ വന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."