ഇസ്‌റാഈല്‍ ഫുട്‌ബോള്‍ ടീമിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നതായി പ്യൂമ; കാരണം ഇതാണ്
ജെറുസലേം: 2024ല്‍ ഇസ്‌റാഈലി ദേശീയ ഫുട്‌ബോള്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമ. 2018ലാണ് ഫുട്‌ബോള്‍ കളിക്കാര്‍ക്ക് കിറ്റ് നല്‍കുന്നതിനായി പ്യൂമ ആദ്യമായി ഐ.എഫ്.എയുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഇസ്‌റാഈല്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള (ഐ.എഫ്.എ) സഹകരണം അവസാനിപ്പിക്കണമെന്ന് പ്യൂമയോട് ചില രാജ്യങ്ങള്‍ പല തവണയായി ആവശ്യപ്പെട്ടിരുന്നു.
ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തിന്റെ വ്യാപ്തി വര്‍ധിച്ച സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ ആവശ്യം കൂടിയതായാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈലും സെര്‍ബിയയും ഉള്‍പ്പെടെയുള്ള നിരവധി ഫെഡറേഷനുകളുമായുള്ള പ്യൂമയുടെ കരാറുകള്‍ 2024ല്‍ മുഴുവനായും ഇല്ലാതാവുമെന്നും , കരാറുകള്‍ പുതുക്കുകയില്ലെന്നും പ്യൂമ വക്താവ് അറിയിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത മാനദണ്ഡങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മറ്റു ടീമുകളുമായി പ്യൂമ പുതിയ കരാറുകള്‍ക്ക് തുടക്കം കുറിക്കുമെന്നും പ്യൂമ വക്താവ് കൂട്ടിച്ചേര്‍ത്തു. പ്യൂമയുടെ തീരുമാനം അന്താരാഷ്ട്ര കായിക ലോകത്ത് ചില മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ ദേശീയ ടീമുകളുമായി കരാറുകള്‍ ആരംഭിക്കാന്‍ വിപുലമായ ചര്‍ച്ചകളും അവലോകനങ്ങളും പ്യൂമ നടത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അതേസമയം കമ്പനിയുടെ ഈ തീരുമാനം കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്തതാണെന്നും ഫലസ്തീന്‍ - ഇസ്രഈല്‍ സംഘര്‍ഷത്തിനിടയില്‍ ഇസ്‌റാഈലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗസയിലെ സംഘര്‍ഷാവസ്ഥയെ മുന്‍നിര്‍ത്തി പുതിയ വസ്ത്ര കളക്ഷന്‍ അവതരിപ്പിച്ച ആഗോള ഫാഷന്‍ ബ്രാന്‍ഡ് ആയ സാറക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ദി ജാക്കറ്റ് എന്ന സാറയുടെ പുതിയ പ്രൊമോഷണല്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള കളക്ഷനുകളിലെ ചിത്രങ്ങളില്‍ ഡമ്മികള്‍ വെളുത്ത തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ചുറ്റിവരഞ്ഞതായി കാണാം.
ഇസ്‌റാഈല്‍ ഫുട്‌ബോള്‍ ടീമിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുന്നതായി പ്യൂമ; കാരണം ഇതാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."