'സ്‌കില്ല് വേണം'; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയ
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുമുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു. ഇത്തരത്തില്‍ രാജ്യത്ത് എത്തുന്നവരുടെ എണ്ണം 2 വര്‍ഷത്തിനകം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. സമീപകാലത്ത് ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഇതോടെ താമസം അടക്കമുള്ള അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു വെല്ലുവിളിയായി. 2022 ജൂലൈ മുതല്‍ ഇക്കൊല്ലം ജൂണ്‍ വരെയായി 12 മാസത്തിനിടെ 5.10 ലക്ഷം വിദേശികളാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്.
2025 ജൂണോടെ ഇതു 2.50 ലക്ഷമായി കുറയ്ക്കാനാണു സര്‍ക്കാരിന്റെ നീക്കം. വരുന്ന 10 വര്‍ഷം മുന്നില്‍ കണ്ടുള്ള പുതിയ കുടിയേറ്റ നയം സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കു വീസ അനുവദിക്കുന്നതിന് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ വ്യവസ്ഥകള്‍ കര്‍ശനമാക്കും.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികള്‍, ആതുര പരിചരണ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി രാജ്യത്തിന് അത്യാവശ്യമുള്ള മേഖലകളില്‍ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതു തുടരും. അതേസമയം, കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കു വീസ നല്‍കുന്നതില്‍ നിയന്ത്രണം കര്‍ശനമാക്കും. സ്‌കില്‍ ഷോര്‍ട്ടേജ് വീസയ്ക്കു പകരമായി സ്‌കില്‍സ് ഇന്‍ ഡിമാന്‍ഡ് വീസ വരും.
അതുപോലെ തന്നെ രാജ്യത്ത് ഭവന പ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്. വര്‍ധിച്ചുവരുന്ന കുടിയേറ്റ നിരക്കിന് തടയിടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഓസ്‌ട്രേലിയ. ഉയര്‍ന്ന വാടക നിരക്കും ഭവന വിലയും മൂലം, സാധാരണക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ താമസിക്കാന്‍ ഒരിടം കണ്ടെത്തുന്നത് ഏതാണ്ട് അസാധ്യമായ കാര്യമായി മാറിയിട്ടുണ്ട്. കുടിയേറ്റക്കാരുടെ എണ്ണത്തിന് ആനുപാതികമായി താമസ സൗകര്യങ്ങള്‍ രാജ്യത്ത് ലഭ്യമല്ല എന്നതാണ് വില വര്‍ധനവിന്റെ പ്രധാന കാരണം.
'സ്‌കില്ല് വേണം'; വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."