ലേഖിംപൂരില്‍ എന്ത് നടപടി?
ന്യൂഡല്‍ഹി: ലേഖിംപൂര്‍ സംഭവത്തില്‍ ഇന്നുതന്നെ തല്‍സ്ഥിതി വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ യു.പി സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ എഫ്.ഐ.ആറിലെ വിവരങ്ങളും പ്രതികളുടെ പേരുമുണ്ടായിരിക്കണം. ആരെയെല്ലാം അറസ്റ്റ് ചെയ്തു എന്നും വ്യക്തമാക്കിയിരിക്കണം. സംഭവത്തില്‍ മരിച്ച ലവ്പ്രീത് സിങിന്റെ മാതാവിന് വൈദ്യസഹായം ഉറപ്പാക്കാനും അവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
മകന്റെ മരണമുണ്ടാക്കിയ മാനസികാഘാതം മൂലം കടുത്ത രോഗാവസ്ഥയിലാണ് മാതാവെന്ന് കോടതി ചൂണ്ടിക്കാട്ടി. ലേഖിംപൂരിലുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടു അഭിഭാഷകര്‍ തനിക്ക് കത്തെഴുതിയതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഈ കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ച് കേസെടുക്കാനാണ് താന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ രജിസ്ട്രി സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ജുഡീഷ്വല്‍ അന്വേഷണവും പ്രഖ്യാപിച്ചു.
ഇനിയും കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി സംഭവം അന്വേഷിക്കുമെന്നും യു.പി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ് പറഞ്ഞു.
കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."