ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലബാർ വിഭാഗം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ചിക്കൻ ബിരിയാണി ഫെസ്റ്റും, മലബാർ ഭക്ഷ്യമേളയും, സംഘടിപ്പിച്ചു. റൂവി ലുലു മാളിൽ നടന്ന പരിപാടിയിൽ ഒട്ടേറെ ആളുകൾ പങ്കെടുത്തു. നിരവധി വനിതകൾ മത്സരാർത്ഥികളായ ബിരിയാണി മേളയിൽ വൈവിധ്യങ്ങളായ നിരവധി ബിരിയാണികൾ മത്സരാർത്ഥികൾ പാചകം ചെയ്ത് അവതരിപ്പിച്ചു. തലശ്ശേരി ദം ബിരിയാണിയാണ് മിക്ക മത്സരാർത്ഥികളും പാചകം ചെയ്തത് എങ്കിലും ചെട്ടിനാട് ബിരിയാണി, ഹൈദരാബാദ് ബിരിയാണി, സ്‌മോക്കി സൂഫിയാനി ബിരിയാണി, ഫ്യുഷൻ ബിരിയാണി എന്നിങ്ങനെ വ്യത്യസ്ത തരം ബിരിയാണികൾ മത്സരാർത്ഥികൾ അവതരിപ്പിച്ചു.
മത്സരത്തിൽ ഫർസാന ഫിറോസിന് ഒന്നാം സ്ഥാനവും, റഫ്‌സി ഫൈസൽ രണ്ടാം സ്ഥാനവും, ലുലു അൻജാബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, സമ്മാനവും നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ ബാബു രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. രുപീകരിച്ചു കുറഞ്ഞ നാളുകൾകൊണ്ട് മലബാർ വിഭാഗം വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച് കൊണ്ട് പ്രവാസികൾക്കിടയിൽ ജനശ്രദ്ധ നേടിയെന്നും സമൂഹത്തിനു മാതൃകയും, ഉപകാരപ്രദവുമായ കാര്യങ്ങൾ ചെയ്തുകൊണ്ട് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും ഉദ്‌ഘാടന പ്രസംഗത്തിൽ ബാബു രാജേന്ദ്രൻ പറഞ്ഞു.
മലബാർ വിഭാഗം സാമൂഹിക പ്രവർത്തനത്തിലാണ് കഴിഞ്ഞ നാളുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതെന്നും, ഇനിയുള്ള നാളുകളിൽ സാമൂഹിക പ്രവർത്തനത്തിന് ഒപ്പം അംഗങ്ങളുടെ കഴിവിനെ കൂടി പ്രോത്സാഹിപ്പിക്കുന്ന പരിപാടികളുമായി മുന്നോട്ട് വരുമെന്ന് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം അദ്ധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിനു കിഴിൽ മലബാർ വിഭാഗം അനുവദിക്കപ്പെട്ടതിനു ശേഷം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ഇന്ന് മലബാർ വിഭാഗത്തിന് ലഭിച്ച സ്വീകാര്യതയിൽ അഭിമാനമുണ്ടന്ന് കോ കൺവീനർ സിദ്ദിഖ് ഹസ്സൻ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
കലാഭവൻ സുധി അവതരിപ്പിച്ച മിമിക്രി, മലബാർ വിഭാഗം അംഗങ്ങളും, ക്ഷണിതാക്കളും അവതരിപ്പിച്ച വിവിധതരം കലാപരിപാടികളും, കാണികൾക്കായി വിവിധ തരം മത്സരങ്ങളും അരങ്ങേറി. ബിരിയാണി മേളയോട് അനുബന്ധിച്ച് നടത്തിയ മലബാർ ഭക്ഷ്യമേളയിൽ മലബാറിന്റെ ഭക്ഷണ വൈവിധ്യവും, രുചിയും വിളിച്ചോതുന്ന നിരവധി ഭക്ഷണങ്ങളും, മത്സരാർത്ഥികൾ അവതരിപ്പിച്ച ബിരിയാണിയും പരിപാടിയിൽ വിതരണം ചെയ്തു. മലബാർ വിഭാഗം ഭാരവാഹികളായ നവാസ് ചെങ്ങള, അനീഷ് കടവിൽ, താജുദ്ദീൻ, ഹൈദ്രോസ് പതുവന, നിതീഷ് മാണി, ജെസ്‌ല മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."