ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഒരു ദിവസം 1.20 ലക്ഷം തീര്‍ഥാടകര്‍ എത്തിയെന്ന് മുഖ്യമന്ത്രി
ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഒരു ദിവസം 1.20 ലക്ഷം തീര്‍ഥാടകര്‍ എത്തിയെന്ന് മുഖ്യമന്ത്രി
കോട്ടയം: ശബരിമല തയ്യാറെടുപ്പുകള്‍ക്ക് പണം തടസ്സമല്ലെന്നും തീര്‍ഥാടനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീര്‍ഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്. കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളില്‍ ശരാശരി 62,000 പേരായിരുന്നുവെങ്കില്‍ ഇത്തവണ ഡിസംബര്‍ 6 മുതലുള്ള 4 ദിവസങ്ങളില്‍ തന്നെ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വര്‍ദ്ധിച്ചു.
സ്‌പോട്ട് ബുക്കിങ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേര്‍ വന്നു. എല്ലാം ചേര്‍ത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീര്‍ത്ഥാടകര്‍ എത്തുകയാണ്. പൊതു അവധി ദിവസങ്ങളില്‍ തിരക്ക് വല്ലാതെ വര്‍ധിച്ചു. ഇതിന്റെ ഫലമായി ശബരിമലയില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതാണ് അവിടെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളും വരുമ്പോള്‍ യാന്ത്രികമായി പതിനെട്ടാം പടി കയറ്റിവിടാന്‍ സാധിക്കില്ല. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേക അവലോകന യോഗം ചേര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പയിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗതക്കുരുക്കിനും ശമനമായതോടെ ബസ് സര്‍വീസും സാധാരണ നിലയിലേക്ക് എത്തി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ കേരളത്തിന് പുറത്തുനിന്നുള്ളവര്‍ വലിയ തോതില്‍ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ആദ്യനാളുകളില്‍ വരാന്‍ കഴിയാതിരുന്നവരും ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു, മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."