HOME
DETAILS

ചുട്ടുപൊള്ളുന്ന ഭൂമിപരിഹാരം ഇല്ലാതെ സി.ഒ.പി 28

  
backup
December 14 2023 | 01:12 AM

scorching-earth-cop-28-without-solution


ഈ വർഷം കാലാവസ്ഥാ ദുരന്തങ്ങളുടെ വർഷമാണെന്ന് പറഞ്ഞാൽപോലും അത്ഭുതപ്പെടാനില്ല. സമുദ്രോപരിതല താപനിലയടക്കം ആഗോളതാപനില സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഈ വർഷം സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിന്റെ ദാരുണ ദൃശ്യങ്ങൾ നാം കണ്ടതാണ്. ഹിമാനികളിൽ അവശേഷിക്കുന്ന മഞ്ഞിന്റെ 10% ത്തോളം രണ്ടുവർഷംകൊണ്ട് ഉരുകിക്കഴിഞ്ഞിരിക്കുന്നു. അന്റാർട്ടിക്കയിൽ വേനലിലും ശൈത്യത്തിലും ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തിയതും ഈ വർഷംതന്നെയാണ്. കനേഡിയൻ പെർമഫ്രോസ്റ്റുകളിൽ അപ്രതീക്ഷിതമായി അഗ്നിബാധയുണ്ടായതും ഈ വർഷത്തിലാണ്. ആർട്ടിക്ക്, വടക്കൻ അറ്റ്ലാന്റിക് മേഖലകളിലെ ജലോഷ്മാവ് സാധാരണ നിലയിലേതിനേക്കാൾ നാലു മുതൽ ആറു ഡിഗ്രി സെൽഷ്യസ് അധികമാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇൗ വർഷം ചിലി അനുഭവിച്ചതാവട്ടെ നാശോന്മുഖ കാട്ടുതീയും തീവ്രമഴയും കനത്ത വെള്ളപ്പൊക്കവും ആയിരുന്നു.
നാം ആഗോളതാപനത്തിന്റെ കാലഘട്ടത്തിൽ അല്ലെന്നും ആഗോള ജ്വലനത്തിലാണെന്നുമാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ അഭിപ്രായം. ദുബൈയിൽ നടന്ന ആഗോള കാലാവസ്ഥാവ്യതിയാന ഉച്ചകോടി(COP28)യിൽ ഗുട്ടറസ് പറഞ്ഞത്, ഈ ആഴമേറിയ പ്രശ്നത്തിൽനിന്ന് ലോക നേതൃത്വം നമ്മെ പുറത്തെത്തിക്കണമെന്നാണ്. 2023 അവസാനിച്ചിട്ടില്ലെങ്കിലും ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) പ്രസിദ്ധീകരിച്ച താൽക്കാലിക റിപ്പോർട്ട് പ്രകാരം ഈ വർഷം സർവകാല റെക്കോർഡ് താപനിലയായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, വ്യവസായ വിപ്ലവത്തിനു മുമ്പുള്ള ആഗോളതാപനിലയെക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നതായും ഈ റിപ്പോർട്ടിൽ പറയുന്നു. 2015ലെ പാരിസ് ഉച്ചകോടിയിൽ ആഗോളതാപനില വർധനവിന്റെ പരിധി 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തണമെന്ന് ലോക നേതാക്കൾ അംഗീകരിച്ചിരുന്നതാണ്.

വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്തെയും യൂറോപ്യൻ ആൽപ്‌സിലെയും ഹിമാനികൾ അതിവേഗത്തിൽ ഉരുകുകയാണ്. നിരന്തര സമുദ്രതാപനം, ഹിമാനികളുടെയും മഞ്ഞുപാളികളുടെയും ഉരുകൽ എന്നിവമൂലം സമുദ്രനിരപ്പുയരുന്നത് റെക്കോർഡ് വേഗത്തിലാണെന്നാണ് ഡബ്ല്യു.എം.ഒയുടെ കണ്ടെത്തൽ. അതേസമയം, അന്തരീക്ഷതാപം പിടിച്ചുനിർത്തുന്ന വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ സാന്നിധ്യം കഴിഞ്ഞ വർഷത്തിൽ റെക്കോർഡ് നിലയിലായിരുന്നു. 2023ലും ഇത്തരം വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണ്. കാർബൺ ഡയോക്സൈഡിന്റെ അളവ് വ്യാവസായികവത്ക്കരണത്തിനു മുമ്പുള്ള കാലഘട്ടത്തേക്കാൾ 50 ശതമാനം കൂടുതലാണെന്നും ഈ വാതകം അന്തരീക്ഷത്തിൽ കൂടുതൽ കാലം തങ്ങിനിൽക്കുമെന്നുള്ളതിനാൽ വരും വർഷങ്ങളിൽ താപനില ഇനിയും വർധിക്കുമെന്നുള്ള കാര്യവും ഡബ്ല്യു.എം.ഒ ഊന്നിപ്പറയുന്നുണ്ട്. കേവലം സ്ഥിതിവിവരക്കണക്കുകളേക്കാൾ ഗുരുതരമാണ് കാര്യങ്ങളെന്നാണ് ഡബ്ല്യു.എം.ഒ മേധാവി പെറ്റെറി താലസ് നിരീക്ഷിക്കുന്നത്. 'ഈ നൂറ്റാണ്ടിലും വരുംനൂറ്റാണ്ടുകളിലും വാസയോഗ്യമല്ലാത്തവിധം കാലാവസ്ഥയുടെ അപകടങ്ങളെ പരിമിതപ്പെടുത്താൻ തക്കതായ പ്രവർത്തനങ്ങൾ ഉണ്ടാവണ'മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ ലിബിയയിലുണ്ടായ ഡാനിയൽ ചുഴലിക്കാറ്റ് മുതൽ ഹോൺ ഓഫ് ആഫ്രിക്കയിൽ തുടർച്ചയായുണ്ടായ വരൾച്ചകളും കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള കടുത്ത പുകയുണ്ടാക്കിയ മലിനീകരണവും തുടങ്ങി കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീകര പ്രത്യാഘാതങ്ങളെക്കുറിച്ച് ഡബ്ല്യു.എം.ഒയുടെ റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. വർഷം മുഴുക്കെ നീണ്ടുനിൽക്കുന്ന തീവ്ര കാലാവസ്ഥാ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന സമൂഹങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥയും കുടിയൊഴിക്കലും നേരിട്ടുവെന്നതും ഇതിന്റെ ഭാഗമായി സംബന്ധിച്ച ഗുരുതരമായ പ്രത്യാഘാതങ്ങളാണ്.
'റെക്കോർഡിട്ടിരിക്കുന്ന ആഗോളതാപനം ലോകനേതാക്കളെ വിറപ്പിക്കണമെന്നും അതുവഴി അവർ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ കാര്യക്ഷമ നടപടികൾ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കൂടാതെ പുനരുപയോഗശേഷിയുള്ള ഇന്ധനങ്ങൾ മൂന്നുമടങ്ങാക്കാനും ഊർജക്ഷമത വർധിപ്പിക്കാനും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭാ മേധാവി ആഹ്വാനം ചെയ്തു. ഡബ്ല്യു.എം.ഒയുടെ കണക്കനുസരിച്ച്, സൗരോർജത്തിൽനിന്നും കാറ്റിൽനിന്നുമുള്ള ഊർജോത്പാദനം വഴി കഴിഞ്ഞ വർഷം പുനരുപയോഗ ഊർജശേഷി ലോകമെമ്പാടും ഏകദേശം 10 ശതമാനം വർധിച്ചിട്ടുണ്ട്. ആഗോള താപനില ഉയരുന്നത് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള നിലവിലെ ലക്ഷ്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അൻ്റോണിയോ ഗുട്ടറസ് എട്ട് വർഷത്തിനുശേഷമുള്ള കാലാവസ്ഥാപ്രവർത്തന പദ്ധതികളുടെ അടുത്ത ഘട്ടത്തിൽ വ്യക്തമായ പ്രതീക്ഷകളോടുകൂടി ആ പദ്ധതികൾ നടപ്പാക്കാനും അതിലേക്കായി മൂലധന നിക്ഷേപം നടത്താനും വിവിധ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.
എന്നാൽ ഈ പ്രവർത്തനങ്ങൾ കൊണ്ടെല്ലാം മെച്ചപ്പെട്ട മാറ്റങ്ങൾ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് നിലവിലെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിലൂടെയും പരിഹരിക്കുന്നതിലൂടെയുമാണ്. എന്നാൽ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തവും നമ്മെ ഞെട്ടിപ്പിക്കുന്നതായോ ഭയപ്പെടുത്തുന്നതായോ ആയി തോന്നിയിട്ടില്ല. ഇത്തരം ദുരന്തങ്ങളെക്കുറിച്ച് പുനർവിചിന്തനം പോലുമുണ്ടായിട്ടില്ല. നമ്മെ ബാധിക്കാത്തിടത്തോളെ എല്ലാ പ്രകൃതിദുരന്തങ്ങൾക്കും നേരെ കണ്ണടക്കാൻ പഠിച്ചു എന്നതാണ് വാസ്തവം. കൂടാതെ ഇപ്പോൾ നടന്ന ഈ കാലാവസ്ഥാ ഉച്ചകോടിയാകട്ടെ അമ്പേ പരാജയമാണ്. ലോകത്തെ കാലാവസ്ഥാവ്യതിയാന ആഘാതങ്ങളിൽനിന്ന് രക്ഷിക്കുന്നതിന് നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ലോകത്തെതന്നെ ഏറ്റവും വലിയ ഫോസിൽ ഇന്ധന ഉത്പാദകരിലൊന്നായ രാജ്യമാകുന്നത് മികച്ച ആശയമായി കാണാൻ സാധിക്കില്ല. സമ്മേളനം നിയന്ത്രിക്കുന്നതാവട്ടെ യു.എ.ഇയുടെ ഔദ്യോഗിക എണ്ണക്കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവും.

ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന 'ശാസ്ത്രമൊന്നുമില്ല' എന്നാണ് ഈ ഉച്ചകോടിയുടെ അധ്യക്ഷനായ സുൽത്താൻ അൽ ജാബിർ അവകാശപ്പെട്ടത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വികസനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ലഭിക്കുന്ന സന്ദേശം ലോകത്തെ പ്രബല രാഷ്ട്രങ്ങളിൽ ചിലത് ഇപ്പോഴും ശാസ്ത്രത്തെ അവഗണിക്കുന്നുവെന്നതാണ്. യു.എ.ഇയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞത് കൽക്കരി, എണ്ണ, ഗ്യാസ് എന്നിവ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതോടെ മാനവരാശി ഗുഹകളിലേക്ക് തിരികെ പോകുമെന്നാണ്. വിവിധ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ഈ അഭിപ്രായ പ്രകടനം നടന്നത്. അതേസമയം, കാലാവസ്ഥാ ഉച്ചകോടി അവസാനിക്കുമ്പോൾ പോലും ഇതിനെ ചെറുക്കുന്നതിനായുള്ള അടിയന്തര നടപടികളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഏകാഭിപ്രായം ലോകരാഷ്ട്രങ്ങളിൽ നിന്നുണ്ടായതായി വ്യക്തമല്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതായിരുന്നു പ്രധാന അജൻഡയെങ്കിലും ഇക്കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ സ്വരച്ചേർച്ചയിലല്ല എന്നാണ് വ്യക്തമാകുന്നത്. ദുബൈയിലെ ആഗോള ഉച്ചകോടിയിൽ പങ്കെടുത്ത 190 രാജ്യങ്ങളിൽ അമേരിക്ക, യൂറോപ്യൻ യൂനിയൻ, മറ്റു ചില ദരിദ്രരാഷ്ട്രങ്ങൾ തുടങ്ങി എൺപതു മുതൽ നൂറോളം രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് സമാനാഭിപ്രായക്കാരാണ്. എന്നാൽ പ്രധാന ഉത്പാദകരായ സഉൗദി, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ഇതിനെതിരേയാണ്. സഉൗദിയും റഷ്യയും ഇവ്വിഷയത്തിൽ പിന്നോട്ടടിക്കുന്നത് വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിലാണ് ലോകം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ചെലവേറെയുള്ള കാർബൺ-കാപ്ച്വർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലാണ് സഉൗദിയും റഷ്യയും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത്ര ഫലപ്രദമാവില്ല ഇതെന്നാണ് ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് സയൻസ് പാനൽ പറയുന്നത്. ഇന്ത്യയും ചൈനയും ഫോസിൽ ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിനെതിരേ പ്രത്യക്ഷത്തിൽ രംഗത്തുവന്നില്ലെങ്കിലും പുനരുപയോഗശേഷിയുള്ള ഊർജോപയോഗം വർധിപ്പിക്കുന്നതിനെയാണ് ഇവർ പിന്തുണക്കുന്നത്.
ആഗോളതാപന വർധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തണമെങ്കിൽ കൽക്കരി, എണ്ണ, വാതകം എന്നീ ഇന്ധനങ്ങളുടെ ഉപയോഗം വ്യക്തമായും കുറയ്ക്കേണ്ടതുണ്ട്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ആശയത്തെ വളരെ പേടിയോടെയാണ് എണ്ണോത്പാദന രാജ്യങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെയാണ് മുപ്പതു വർഷങ്ങൾക്കുശേഷം ഒപെക് ഐക്യരാഷ്ട്രസഭയുടെ ഇത്തരമൊരു കാലാവസ്ഥാവ്യതിയാന ചർച്ചയിൽ നേരിട്ട് പങ്കെടുത്തത്. സഉൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് അംഗങ്ങൾ വാദിക്കുന്നത് വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ ഫോസിൽ ഇന്ധനോത്പാദനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലല്ല എന്നുമാണ്. മറ്റെന്തെല്ലാം മെച്ചപ്പെട്ട മാർഗങ്ങൾ തെരഞ്ഞെടുത്താലും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താതെ മികച്ചൊരു കാലാവസ്ഥാനുകൂല മാറ്റം സാധ്യമാകില്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതു സംബന്ധിച്ച് രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പ്രസിഡൻ്റ് സുൽത്താൻ അൽ-ജാബിൽ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിൽ വിവിധ രാജ്യങ്ങളുടെ മന്ത്രിമാർ പങ്കെടുക്കുകയും ചെയ്തു. എല്ലാവരും ചില വഴങ്ങലുകൾക്കും വിട്ടുവീഴ്ച്ചകൾക്കും തയാറാവണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ മനസ്സിലാക്കാതെ, കാലാവസ്ഥാ അജൻഡകളെ സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ സ്വരച്ചേർച്ചയുണ്ടാകാതെ കാലാവസ്ഥാ പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകാൻ പോകുന്നില്ല എന്നു തന്നെയാണ് ഈ കാലാവസ്ഥാ ഉച്ചകോടി അവസാനിപ്പിക്കുമ്പോഴും വ്യക്തമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago