രാഷ്ട്രീയം കളിക്കുന്ന ഗവര്‍ണര്‍മാര്‍
ഭരണഘടനാപരമായി ഒരു സവിശേഷ അധികാരവുമില്ലാത്ത ഗവര്‍ണര്‍ പദവി ഉപയോഗിച്ചാണ് ചില സംസ്ഥാനങ്ങളിലെങ്കിലും ആര്‍.എസ്.എസ് അവരുടെ രാഷ്ട്രീയ അജൻഡകള്‍ നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന ഉപകരണങ്ങളായി മാറുകയാണ് ഗവര്‍ണര്‍മാറെന്ന പരാതികള്‍ക്ക് കാലപ്പഴക്കമുണ്ടെങ്കിലും ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും സങ്കുചിതവുമായ ലക്ഷ്യങ്ങളുമായി സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ പരസ്യമായി ശ്രമിക്കുന്നത് മോദിയുടെ കാലത്താണ്. സംഘ്പരിവാര്‍ പ്രചാരക വേഷത്തില്‍ നിറഞ്ഞാടുകയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും.
ഫെഡറല്‍ സംവിധാനത്തോട്, അടിസ്ഥാനപരമായി അതിന്റെ ആശയത്തോട് യോജിപ്പില്ലാത്തവരാണ് ആര്‍.എസ്.എസുകാര്‍. കേന്ദ്രീകൃത ഭരണസംവിധാനവും പ്രസിഡന്‍ഷ്യല്‍ രീതിയുമാണ് അവര്‍ എക്കാലവും ആഗ്രഹിച്ചതും ലക്ഷ്യമിട്ടതും. അതുകൊണ്ടുതന്നെ അത്തരമൊരു സാഹചര്യമുണ്ടാകുംവരെ തങ്ങള്‍ക്ക് മേധാശക്തിയില്ലാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ദുര്‍ബലപ്പെടുത്താനാണ് സംഘ്പരിവാർ ആശയപ്പുരകളിലെ നിര്‍ദേശം. കേരളത്തില്‍ മാത്രമല്ല, തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഡൽഹിയിലും മഹാവികാസ് അഖാഡിയുടെ കാലത്ത് മഹാരാഷ്ട്രയിലും ഇതുതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ പരസ്യമായി സര്‍ക്കാരിനെ വെല്ലുവിളിക്കുക, സര്‍ക്കാരിനെതിരേ ആരോപണമുന്നയിക്കുക, നിയമനിര്‍മാണസഭ പാസാക്കിയ ബില്ലുകള്‍ കാരണമേതുമില്ലാതെ പിടിച്ചുവയ്ക്കുക, സുപ്രിംകോടതി ഇടപെടലുണ്ടായശേഷം വീണ്ടും മടക്കുക, അത് വീണ്ടും സഭ പാസാക്കി അനുമതിക്കായി സമര്‍പ്പിച്ചാല്‍ മനപ്പൂര്‍വം കാലതാമസം വരുത്താനായി രാഷ്ട്രപതിക്ക് വിടുക തുടങ്ങിയ വഴിവിട്ട കളികളാണ് രാജ്ഭവനുകളില്‍ നിന്നുണ്ടാകുന്നത്. ഗവര്‍ണര്‍മാരുടെ ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമായ നടപടികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി, അകാരണമായി പിടിച്ചുവയ്ക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍മാര്‍ക്ക് അതിന് അധികാരമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. എന്നാല്‍ അതൊന്നും തനിക്ക് ബാധകമല്ലെന്ന നിലപാടിലാണ് ചില ഗവര്‍ണര്‍മാര്‍. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരാണ് ഗവര്‍ണര്‍ പദവിയുടെ മഹത്വം മറന്ന് തങ്ങളെ നിയമിച്ച പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം പരസ്യമായി പ്രകടമാക്കുന്നത്.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാവുമ്പോള്‍ ഉപദേശിച്ച് തിരുത്തുകയും സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിന് ഭരണഘടന നിഷ്‌കര്‍ഷിക്കുംവിധമുള്ള സാധുതയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടുന്ന കടമയാണ് ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമായിട്ടുള്ളത്. നിയമം നിര്‍മിക്കുന്നതിലോ സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലോ നടപ്പാക്കുന്നതിലോ നയങ്ങള്‍ തീരുമാനിക്കുന്നതിലോ യാതൊരുവിധത്തിലുള്ള കൈകടത്തലിനും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല. എന്നാല്‍ സര്‍ക്കാരിന്റെ മേല്‍പ്പറഞ്ഞ ഏതു നടപടിയും ഭരണഘടനാ തത്വങ്ങള്‍ക്കോ കേന്ദ്ര നിയമങ്ങള്‍ക്കോ വിരുദ്ധമല്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. അത് തെരുവിലിറങ്ങി മുഷ്ടി ചുരുട്ടി ഭയപ്പെടുത്തി ശരിയാക്കലല്ല. നിയമാനുസൃതം സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്തി തിരുത്തിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി ചീഫ് സെക്രട്ടറി മുതല്‍ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വരെ വിളിച്ചുവരുത്തി ഉപദേശിക്കാം. എന്നാല്‍, കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെല്ലാം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് മുകളില്‍ ഒരു സൂപ്പര്‍ അധികാരകേന്ദ്രമായി സ്വയം കല്‍പ്പിച്ച് വിരാജിക്കുകയാണ്. അതാവട്ടെ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കാനുമാണ്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റതുമുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായമിട്ടുകൊണ്ടാണ് എന്ന് അദ്ദേഹത്തിന്റെ ഗവര്‍ണര്‍ പദവിയിലെ നാള്‍വഴികള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും. സര്‍ക്കാരിന്റെ വീഴ്ചകളെ, നിയമപരമായ പിശകുകളെ നിയമം അനുശാസിക്കുന്ന വിധത്തില്‍ തിരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ നടക്കുന്നത് ആ വിധമുള്ള നിയമപരമായ ഇടപെടലുകളല്ല. അങ്കത്തട്ടൊരുക്കി ഒരു ഭാഗത്ത് മുഖ്യമന്ത്രിയും മറുഭാഗത്ത് ഗവര്‍ണറും നിലയുറപ്പിച്ചുള്ള വാക്‌പോരാണ്. രാഷ്ട്രീയപാര്‍ട്ടി നേതാക്കളെപ്പോലെ ഗവര്‍ണറും മുഖ്യമന്ത്രിയും പൊതുസമക്ഷം പോരടിച്ചു. ഗവര്‍ണറുടെ പെരുമാറ്റം യാദൃച്ഛികമെന്ന് കരുതുന്നുവര്‍ ആര്‍.എസ്.എസിന്റെ നിഗൂഢരാഷ്ട്രീയം അറിയാത്തവരാണ്.
തലസ്ഥാന നഗരിയില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച്, ബ്ലഡി ക്രമിനല്‍സ് എന്നാക്രോശിച്ച് ഗവര്‍ണര്‍ ഇടംവലം പാഞ്ഞുനടന്നത് ഒരു രാഷ്ട്രീയ പ്രകടനം കൂടിയാണ്. സംസ്ഥാനത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് ഇടം നേടിക്കൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. അതാണ് കഴിഞ്ഞ കുറേ കാലമായി അദ്ദേഹം ചെയ്യുന്നതും. സര്‍ക്കാര്‍ വിമര്‍ശകനെന്ന ഗവര്‍ണറുടെ റോള്‍ സംഘ്പരിവാർ കേന്ദ്രങ്ങള്‍ വല്ലാതെ ആഘോഷിക്കുന്നുണ്ട്. ഇടയ്ക്കിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവരുന്നതോടെ സമൂഹത്തിലെ ചെറിയ ശതമാനത്തിനെങ്കിലും ഗവര്‍ണറോടും അദ്ദേഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന രാഷ്ട്രീയത്തോടും മമത തോന്നിയാലോ എന്നാണ് സംഘ്പരിവാര്‍ കണക്കുകൂട്ടുന്നത്. ഇതോടൊപ്പം തര്‍ക്കാനന്തരം സര്‍ക്കാരുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പില്‍ ചില തന്ത്രപ്രധാനമായ മേഖലകളില്‍ ലഭിക്കുന്ന സ്ഥാനങ്ങളും അവരുടെ കണക്കുകൂട്ടലിലുണ്ട്.
സര്‍ക്കാരിന്റെ തെറ്റായ, ഭരണഘടനാവിരുദ്ധമായ, സത്യപ്രതിജ്ഞാ ലംഘനം നിലനില്‍ക്കുന്ന നിര്‍ദേശങ്ങള്‍ ഒരു മടിയും കൂടാതെ അംഗീകരിച്ച് കൊടുത്ത ശീലമുള്ളയാളാണ് സംസ്ഥാന ഗവര്‍ണര്‍. ഏറ്റവും ഒടുവില്‍ കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി സംസ്ഥാനത്തെ പിണറായി സര്‍ക്കാരിന് മാത്രമല്ല, ഗവര്‍ണര്‍ക്കും കിട്ടാവുന്നതില്‍ വച്ചേറ്റവും കനത്ത പ്രഹരമാണ്. സര്‍ക്കാരും ഗവര്‍ണറും ഒരുപോലെ നിയമലംഘനം നടത്തിയിരിക്കുന്നുവെന്ന് പരമോന്നത കോടതിയുടെ വിധിന്യായത്തില്‍ വ്യക്തമാക്കി. കണ്ണൂര്‍ വി.സി നിയമനകാര്യത്തില്‍ ഗവര്‍ണറും സര്‍ക്കാരും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയായിരുന്നു (ഭീതിയോ പക്ഷപാതമോ ഇല്ലാതെ) എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇത്തരം ചില ഘട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയും മറ്റുനേരങ്ങളില്‍ അംശവടിയുമെടുത്ത് നിരത്തിലിറങ്ങുകയും ചെയ്യുന്ന ഗവര്‍ണറുടെ രാഷ്ട്രീയ വേഷത്തെ സംശയിക്കാതിരിക്കാനാവില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിധേയത്വം കാണിക്കണം എന്ന് ഭരണഘടന ഗവര്‍ണര്‍മാരോട് പറയുന്നില്ല. എന്നാല്‍ വിധേയത്വം കാണിക്കേണ്ടത് ഭരണഘടനയോടാണ്. ഭരണഘടനാ മൂല്യങ്ങളും ലക്ഷ്യങ്ങളും പ്രാവര്‍ത്തികമാക്കാനും അതിന് കാവലാളാവാനും അതിനോട് നീതി പുലര്‍ത്തി പ്രവര്‍ത്തിക്കുന്നവരുമാകണം ഗവര്‍ണര്‍മാര്‍ എന്നാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. ഭരണഘടനാ അനുച്ഛേദം 153 മുതല്‍ 164 വരെയുള്ള ഭാഗം ഗവര്‍ണര്‍മാരുടെ നിയമനവും ഉത്തരവാദിത്വവും ബാധ്യതകളും സംബന്ധിച്ചുള്ളതാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് രാഷ്ട്രപതിയാണ് ഗവര്‍ണര്‍മാരെ നിയമിക്കേണ്ടത് എന്നാണ് വ്യവസ്ഥയെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ, അവര്‍ക്ക് വേണ്ടപ്പെട്ടവരെ സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് ഗവര്‍ണര്‍മാരായി നിയോഗിക്കുന്നത്.
ഗവര്‍ണർ ഉൾപ്പെടെ ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ ഓര്‍ക്കേണ്ടത്, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും 'ഞങ്ങള്‍ ജനങ്ങള്‍'(We the People) എന്ന ഭരണഘടനയുടെ ആദ്യവാചകത്തിന്റെ ഗരിമ ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഉപകരണങ്ങള്‍ മാത്രമാണ് എന്നതാണ്. അതിനുമപ്പുറം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് മുകളില്‍ ഒരു രാജാവിന്റെ ഭാവഹാദികളോടെ ചെങ്കോലുമായി കയറിയിരിക്കാമെന്നത് അധികാര ദുര്‍വിനിയോഗമാണ്, അല്‍പ്പത്തരമാണ്. അങ്ങനെ പ്രവര്‍ത്തിക്കുക വഴി തങ്ങളുടെ രാഷ്ട്രീയദൗത്യം നിറവേറ്റാന്‍ പദവിയെ ദുരുപയോഗപ്പെടുത്തുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയും ഭരണഘടനയോടുള്ള അങ്ങേയറ്റത്തെ നിഷേധവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."