HOME
DETAILS

പെഗാസസ്: സര്‍ക്കാരിന് ഒളിച്ചുകളി എന്തിന്?

  
backup
October 09 2021 | 04:10 AM

4486246523453-2


പ്രൊഫ. കെ. അരവിന്ദാക്ഷന്‍


നിരവധി തവണ മാറ്റിവച്ചതിനുശേഷവും പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചുള്ള വിശദമായ സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത്തരമൊരു സാഹചര്യം തുടരുന്നതില്‍ സംശയകരമായി പലതും നിലനില്‍ക്കുന്നുണ്ടെന്ന തോന്നല്‍ ഉളവാക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു ഒഴിഞ്ഞുമാറല്‍ നയസമീപനത്തിലൂടെ ലക്ഷ്യമിടുന്നത് സാധാരണക്കാരുടെ സ്വകാര്യതയില്‍ കടന്നുകയറ്റം നടത്തുന്നതിലേക്കു നീങ്ങുകയാണെന്നു ആരെങ്കിലും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ തെറ്റുണ്ടെന്ന് കരുതാനാവില്ല. മാത്രമല്ല, ഈ പ്രക്രിയ വെളിവാക്കുന്നത് നമ്മുടെ നിയമവ്യവസ്ഥയില്‍ ഇന്നും നിലവിലിരിക്കുന്ന നിരവധി പഴുതുകള്‍ തന്നെയാണ്. ഇതെല്ലാം അടക്കുകതന്നെ വേണം. ഇത്തരം പഴുതുകളില്‍ ആദ്യത്തേത് ഇന്നത്തെ നിയമവ്യവസ്ഥയില്‍ സ്വകാര്യവ്യക്തികളെ സംബന്ധിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നുപോവാത്ത വിധത്തില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനത്തിന്റെ അഭാവം തന്നെയാണ്. മറ്റൊരു ഗുരുതരമായ പിഴവ് ഔദ്യോഗിക രഹസ്യനിരീക്ഷണ സംവിധാനത്തില്‍ സംശയകരമായ വിധം കടന്നുകൂടിയിരിക്കുന്ന നിഗൂഢതകളാണ്. വിശിഷ്യാ ഒരു ജനാധിപത്യവ്യവസ്ഥ നിലവിലിരിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത്. ഏതെങ്കിലും ഒരു രഹസ്യാന്വേഷണ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നോ, ഉണ്ടായിരുന്നെങ്കില്‍ അത് ഏതു സാഹചര്യത്തിലാണ് നടത്തിയത്, അതിനുള്ള അടിസ്ഥാനമെന്തായിരുന്നു, ആര്‍ക്കെതിരായി, എന്തിനുവേണ്ടിയായിരുന്നു അന്വേഷണം എന്നിങ്ങനെയുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.


എന്നാല്‍, സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള അന്വേഷണത്തിന് മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞ് കേസ് മാറ്റിവയ്പ്പിക്കുകയായിരുന്നു. ദേശീയ സുരക്ഷിതത്വം ലക്ഷ്യമിട്ടാണ് ഇത്തരം വസ്തുതകളെല്ലാം മറച്ചുവയ്ക്കുന്നത് എന്നായിരുന്നു ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം. സുപ്രിംകോടതിക്ക് ഈ മറുപടി ഒരു വിധത്തിലും തൃപ്തികരമായി തോന്നിയിട്ടുമില്ല. മോദി സര്‍ക്കാരിന് എന്തെല്ലാമോ മറച്ചുവയ്ക്കാനുണ്ടെന്ന ഉറച്ചധാരണയിലെത്താനാണ് പരമോന്നത നീതിപീഠം ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
ഒരു ഘട്ടത്തില്‍ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്തയോട് താങ്കള്‍ കാടടച്ചു വെടിവയ്ക്കുകയാണോ എന്നുവരെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന് ചോദിക്കേണ്ടിവന്നു. ഇത്തരമൊരു പശ്ചാത്തലം നിലവില്‍ വന്നിരിക്കുന്നത് വെറുതെയല്ല. ഇസ്‌റാഈലിലെ രഹസ്യാന്വേഷണ ചുമതലയുള്ള എന്‍.എസ്.ഒ എന്ന സംഘടനക്കു കീഴിലുള്ള രഹസ്യാന്വേഷണ ഏജന്‍സിയെന്ന നിലയിലാണ് പെഗാസസ് പ്രവര്‍ത്തനം നടത്തിവരുന്നത്. ഈ സ്‌പൈവെയറിന്റെ അന്വേഷണ പരിധിയില്‍ ഇതിനോടകം 1,000 ഇന്ത്യക്കാരുള്‍പ്പെടുന്നുണ്ടത്രെ. പത്രപ്രവര്‍ത്തകര്‍, ക്യാബിനറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജഡ്ജിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദലിത് ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പെഗാസസിന്റെ കഴുകക്കണ്ണുകള്‍ക്കുള്ളിലുണ്ടത്രെ! സൈബര്‍ സുരക്ഷാവിദഗ്ധര്‍ വെളിവാക്കുന്നത്, നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവരില്‍ ഏഴുപേര്‍ സ്വന്തം മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി വിധേയമാക്കിയപ്പോഴാണ് അവയില്‍ കടന്നുകയറ്റമുള്ളതായി അറിയുന്നത് എന്നാണ്.


സുപ്രിംകോടതിക്കു മുമ്പില്‍ അന്വേഷണവുമായി എത്തിയവര്‍ നിസ്സാരന്‍മാരൊന്നുമല്ല. പ്രസിദ്ധ മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, ഗുഹ താക്കൂര്‍ താ, സി.പി.എം രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കൊപ്പം എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ഇക്കൂട്ടത്തിലുണ്ട്. തുഷാര്‍ മേത്ത വഴി സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിലപാടാണ് നിരന്തരമായ ഒഴിഞ്ഞുമാറലിലൂടെ പ്രകടമാക്കുന്നതെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. സുപ്രിംകോടതിക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടതുള്ളൂ. പെഗാസസ് വഴി പൗരന്റെ വിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയോ ഇല്ലയോ എന്നതുമാത്രം. അതിനുപകരം രാജ്യസുരക്ഷ ഉയര്‍ത്തിക്കാട്ടുന്നത് മോദി സര്‍ക്കാരിന്റെ ഒളിച്ചോടല്‍ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. സ്വകാര്യതാ ലംഘനത്തെ കുറിച്ചുള്ള സംശയത്തിന് ദേശസുരക്ഷയെപ്പറ്റി സംസാരിക്കുന്നതിന്റെ യുക്തിയാണ് ചീഫ് ജസ്റ്റിസിന് പിടികിട്ടാതിരിക്കുന്നത്. ഇതിനെല്ലാം പുറമെ, സ്വകാര്യവ്യക്തികളുടെ ഐഫോണുകളും ആന്‍ഡ്രോയ്ഡ് ഫോണുകളും ചോര്‍ത്തി വിവരശേഖരണം നടത്തുന്ന നടപടി ജനാധിപത്യവിരുദ്ധവും പൗരാവകാശ ലംഘനവുമല്ലെങ്കില്‍ മറ്റെന്താണ്. പൗരന്റെ ഫോണുകളിലേക്ക് നുഴഞ്ഞുകയറി വിവരശേഖരണം നടത്തുക മാത്രമല്ല, ആ വ്യക്തിയുടെ ഫോണിലേക്ക് തീവ്രവാദ, ഭീകരവാദ ആശയങ്ങള്‍ കടത്തിവിടാനും പെഗാസസിനു കഴിയും. ഇതിലൂടെ ഏത് പൗരനെയും തീവ്രവാദിയായി മുദ്രകുത്താന്‍ സര്‍ക്കാരിന് കഴിയും.


ആഗോളതലത്തില്‍ നാളിതുവരെയായി വികസിപ്പിച്ചെടുത്തിട്ടുള്ള ഏറ്റവും ശക്തവും കാര്യക്ഷവുമായ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ് എന്നത് നിസ്സാര കാര്യമല്ല. ഇത്തരം സാധ്യതകള്‍ സംബന്ധമായ ഭയാശങ്കകള്‍ പരക്കെ നിലവിലുണ്ടെന്നിരിക്കെയാണ് ഇവയെപ്പറ്റിയുള്ള വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി ഉറച്ചനിലപാട് എടുത്തിട്ടുള്ളതും. എന്നാല്‍ ഇതിനൊന്നും വഴങ്ങാതെയുള്ള ധിക്കാരപരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതിനെതിരായാണ് സുപ്രിംകോടതിയുടെ അടിപതറാതെയുള്ള സമീപനത്തിനാധാരമായിട്ടുള്ളത്.
മോദി സര്‍ക്കാരിനെന്നല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ ഏത് സര്‍ക്കാരിനും സ്വന്തം ബാധ്യതയില്‍നിന്നു ഒഴിഞ്ഞുമാറാനാവില്ല. പെഗാസസിന്റെ സ്രഷ്ടാവായ എന്‍.എസ്.ഒ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത് സ്വന്തം ചാരസംവിധാനം സര്‍ക്കാരുകള്‍ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്നാണ്. വന്‍തുക നല്‍കിയാലേ ഈ ഇടപാട് സാധ്യമാകൂ. ചുരുങ്ങിയത് ഒരുലക്ഷം ഡോളറെങ്കില്‍ ഇതിനു വിലകൊടുക്കേണ്ടി വരും. ഉപകരണത്തോടൊപ്പം അനുയോജ്യമായവിധം പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം കിട്ടിയ മനുഷ്യാധ്വാന ശക്തിയും കൈമാറ്റത്തിന്റെ ഭാഗമായിരിക്കും. പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ്ങിനും പ്രത്യേക സംവിധാനങ്ങളുണ്ടായിരിക്കും. ഇതിനൊക്കെയുള്ള ചുമതല ഇന്ത്യന്‍ ഭരണകൂടത്തിനില്ലെന്നാണ് അവസ്ഥയെങ്കില്‍ ഇന്നും പ്രവര്‍ത്തനത്തിലിരിക്കുന്ന പെഗാസസിന്റെ ഉടമസ്ഥാവകാശവും മാനേജ്‌മെന്റും മോണിറ്ററിങ്ങും ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് യാഥാര്‍ഥ്യമെങ്കില്‍ പ്രശ്‌നത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു.


യൂറോപ്യന്‍ യൂനിയന്‍ കൂട്ടായ്മക്കു കീഴില്‍ പ്രയോഗത്തിലിരിക്കുന്ന ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തില്‍ യൂനിയന്‍ പൗരത്വമില്ലാത്ത വ്യക്തികളുടെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പ്രത്യേക സംരക്ഷണത്തിന് അനുയോജ്യമായ സംവിധാനം തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഒരുക്കിയിട്ടുണ്ട്. ഇത്തരമൊരു സുരക്ഷിതമായ കുടക്കീഴിലാണ് യൂറോപ്യന്‍ യൂനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം നടന്നുവരുന്നതും.


ഇന്ത്യയിലും ഇതിനു ഏറെക്കുറെ സമാനമായൊരു ഡാറ്റാ സംരക്ഷണ നിയമവ്യവസ്ഥക്ക് 2018ല്‍ റിട്ട. ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ ചെയര്‍മാനായ കമ്മിറ്റി രൂപംനല്‍കിയിരുന്നതാണ്. ഇതിന്റെ കരട് രൂപരേഖ വിദഗ്ധമായ ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കുംശേഷം പാര്‍ലമെന്റില്‍ ഇതുവരെയായി സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നതാണ് അത്ഭുതകരമായി തോന്നുന്നത്. കേന്ദ്ര ഭരണകൂടത്തിന് ഈ വിഷയത്തിലുള്ള അലംഭാവമാണ് ഒഴിവാക്കാവുന്ന ഈ കാലതാമസത്തിനിടയാക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. ജനാധിപത്യ അവകാശങ്ങളും തത്ത്വങ്ങളും മുറുകെ പിടിക്കുന്നതിന് അവകാശപ്പെടുന്നവര്‍ക്കുപോലും ഡാറ്റാ സംരക്ഷണം ഉറപ്പാക്കുന്നതില്‍ അവര്‍ നടത്തുന്ന പൊതുപ്രസ്താവനകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം താല്‍പര്യമില്ലെന്നാണ് ഇതില്‍നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക. സ്വാഭാവികമായും ഇത്തരമൊരു സാഹചര്യം നിലവിലിരിക്കെയാണ്, പെഗാസസ് കടന്നുവരാന്‍ ഇടംലഭിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന് എന്തുകൊണ്ടും അനുയോജ്യമായൊരു സാഹചര്യമാണിതെന്നു വരുന്നു.


പെഗാസസിന്റെ നുഴഞ്ഞുകയറ്റത്തിനെ പ്രതിരോധിക്കുന്നതില്‍ ഗൂഗിളും ആപ്പിളും ഇതിനകം തന്നെ പരിശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ടൊന്നും പെഗാസസിന്റെ മേന്‍മയേറിയ സാങ്കേതികവിദ്യക്ക് തെല്ലും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞേക്കില്ല. ഇന്ത്യന്‍ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കണമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയുള്ള നടപടികളും ജാഗ്രതാ മേല്‍നോട്ടവും അനിവാര്യമാണ്. സുപ്രിംകോടതിക്ക് ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിയുടെ രഹസ്യ അജന്‍ഡയാണ് അജ്ഞാതമായി തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago