HOME
DETAILS
MAL
കൊവിഡ് മരണപ്പട്ടികയില്‍ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം
backup
October 09 2021 | 04:10 AM
സ്വന്തം ലേഖകന്‍
തിരുവന്തപുരം: കൊവിഡ് മരണങ്ങള്‍ മറച്ചുവച്ച് സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി തേടിയത്. കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് വിഷ്ണുനാഥ് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച് പറഞ്ഞു. ഇപ്പോള്‍ സുപ്രിംകോടതി വിധിപ്രകാരമുള്ള 50,000 രൂപ 2005ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള ആശ്വാസമാണ്. അതല്ലാതെ കൂടുതല്‍ നല്‍കാനാകുമോയെന്നാണ് സംസ്ഥാനത്തോട് ചോദിക്കാനുള്ളത്. വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച 800 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും പ്രതിദിനം നൂറിലേറെ ആളുകള്‍ മരിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം, കേരളത്തിലെ കൊവിഡ് മരണനിരക്ക് സുതാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. പട്ടികയില്‍ ആരുടെയെങ്കിലും മരണം ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് പരാതി നല്‍കാവുന്നതാണ്. എല്ലാ ജില്ലകളിലും പരാതികള്‍ പരിശോധിക്കും. 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ഈ മാസം 10 മുതല്‍ ധനസഹായത്തിനായി പുതിയ അപേക്ഷകള്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. സുപ്രിംകോടതി വിധി വന്നശേഷം ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ ആദ്യമായി സ്വീകരിച്ചത് കേരളമാണ്.
ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ ഇപ്പോഴും നടത്തുന്നത് കേരളമാണ്. അതിനാലാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ കഴിയുന്നത്. ഓക്‌സിജന്‍ ലഭിക്കാതെ ഒരാള്‍ പോലും മരിച്ചിട്ടില്ല. വാക്‌സിനേഷനിലും ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇടതുപക്ഷ നിലപാടാണ് സര്‍ക്കാരിനെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അതുകൊണ്ടാണ് സൗജന്യ ചികിത്സക്ക് 390 കോടി മാറ്റിവച്ചതെന്നും വീണാ ജോര്‍ജ് അറിയിച്ചു. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ സമയത്തെ സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറുപടി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കേരളത്തേക്കാള്‍ നന്നായി കൊവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ രണ്ടാം തരംഗം ഇത്രമാസമായിട്ടും തീര്‍ന്നിട്ടില്ല. ഇതാണോ കൊവിഡ് പ്രതിരോധ തന്ത്രം, ഇതാരുടെ തന്ത്രമാണെന്നും അദ്ദേഹം വാക്കൗട്ട് പ്രസംഗത്തില്‍ ചോദിച്ചു.
ജില്ലകളിലെ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഡി.എം.ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുറത്തുവിട്ടാല്‍ സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ പൊളിയും. അദ്ദേഹം പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യാതിരിക്കുന്നതെന്നും സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കെ.പി.എ മജീദും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."