അസമത്വ ലോകത്തെ മാനസികാരോഗ്യം
മാനസികാരോഗ്യമില്ലാത്ത വ്യക്തി, സ്റ്റാര്‍ട്ടാകാതെ കിടക്കുന്ന കാര്‍ പോലെയാണ്. എത്ര ആഡംബരമുള്ള കാര്‍ ആണെങ്കിലും ശരി, സ്റ്റാര്‍ട്ട് ആകുന്നില്ലെങ്കില്‍ കെട്ടിവലിക്കാം എന്നല്ലാതെ മറ്റെന്തു ഗുണം? വഴിയരികില്‍ കിടക്കുമ്പോള്‍ വെറുമൊരു ലോഹവസ്തുവാണ് കാറും മറ്റേതു വാഹനവും. അത് സ്റ്റാര്‍ട്ടാകുമ്പോഴാണ് ഊര്‍ജപ്രവാഹവും ഇരമ്പിയുള്ള കുതിപ്പും. മനുഷ്യനും അങ്ങനെ തന്നെ. ശരീരം ഊര്‍ജസ്വലതയോടെ കുതിക്കുന്നത് മനസ് പകരുന്ന ഇന്ധനം കൊണ്ടാണ്.
മാനസിക സംഘര്‍ഷങ്ങളും ദൗര്‍ബല്യങ്ങളും നേരിടുന്ന വ്യക്തികളുടെ എണ്ണം ലോകമെങ്ങും വര്‍ധിച്ചു വരികയാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകള്‍. മാനസിക പ്രശ്‌നങ്ങളെ രോഗം, ഭ്രാന്ത് തുടങ്ങിയ തലങ്ങളിലൂടെ വീക്ഷിക്കരുത്; അതിനെ ദൗര്‍ബല്യമായി മാത്രമേ കാണാവൂ. മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരോട് ഒരുതരം അയിത്തവും ഭ്രഷ്ടും കാണിക്കുന്ന സമീപനം മുമ്പുണ്ടായിരുന്നു. ആ വ്യക്തിയെ ഏതെങ്കിലും പേരില്‍ മുദ്രകുത്തി ഒറ്റപ്പെടുത്തുക. പൊതുസ്ഥലങ്ങളിലും സദസുകളിലും സമൂഹത്തിലുമൊന്നും അയാള്‍ക്ക് മാന്യമായ പരിഗണന നല്‍കാതിരിക്കുക. ക്രമേണ ആ വ്യക്തിയില്‍ ഒരുതരം അപമാനവും അപകര്‍ഷതാബോധവും ഉടലെടുക്കുകയും അയാള്‍ സമൂഹത്തില്‍നിന്ന് ഉള്‍വലിയുകയും ചെയ്യുന്നു.
മാനസിക ദൗര്‍ബല്യങ്ങളെ ഇങ്ങനെയല്ല സമീപിക്കേണ്ടത് എന്ന ബോധ്യത്തില്‍നിന്നാണ് അന്താരാഷ്ട്ര തലത്തില്‍ മാനസികാരോഗ്യ ദിനാചരണത്തിന്റെ തുടക്കം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ആണ് ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിവ് പകരല്‍, രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള തെറ്റിദ്ധാരണ അകറ്റാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, മാനസിക പ്രശ്‌നങ്ങളുള്ളവരോട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമൂഹവും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവയൊക്കെയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ദാരിദ്ര്യവും കൊവിഡും
'അസമത്വ ലോകത്തെ മാനസികാരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിനത്തിന്റെ മുദ്രാവാക്യം. സമത്വലോകം സ്വപ്നം മാത്രമാകുന്ന കാലമാണിത്. സമ്പന്നര്‍ വീണ്ടും വീണ്ടും അതിസമ്പന്നരാകുന്നു; ദരിദ്രര്‍ പരമദരിദ്രരായി മാറുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സാമ്പത്തിക രംഗത്തുമാത്രമല്ല, വംശം, ജാതി, ലിംഗഭേദം, തൊഴിലവസരം, മനുഷ്യാവകാശം തുടങ്ങി സകല തലങ്ങളിലും അസമത്വമുണ്ട്. ഈ സമത്വരഹിത ലോകം, വ്യക്തികളുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
മാനസികാരോഗ്യ ചികിത്സാ ലഭ്യതയുടെ കാര്യത്തിലും ഈ അസമത്വം നിലനില്‍ക്കുന്നു. ലോകത്ത് മനോദൗര്‍ബല്യം അനുഭവിക്കുന്നവരില്‍ 75-95 ശതമാനം പേര്‍ക്കും ശരിയായ ചികിത്സ ലഭ്യമാകുന്നില്ല. ഇവര്‍ ദരിദ്ര രാജ്യങ്ങളിലോ മധ്യവര്‍ഗ രാജ്യങ്ങളിലോ ആണ്. സമ്പന്ന രാജ്യങ്ങളില്‍പോലും മാനസിക ചികിത്സ വേണ്ടവിധം ലഭ്യമാകാത്ത പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല, അവരും കുടുംബാംഗങ്ങളും പലപ്പോഴും വിവേചനം അനുഭവിക്കുന്നു. ആരോഗ്യമേഖലയിലെ നിക്ഷേപങ്ങളിലും സര്‍ക്കാരുകള്‍ നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതത്തിലും മാനസികാരോഗ്യത്തിന് അര്‍ഹമായ പങ്ക് ലഭിക്കുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.
ഇങ്ങനെ പല തലങ്ങളിലുള്ള അസമത്വത്തിനൊപ്പമാണ് ഇപ്പോള്‍ കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രഹരം. ലോകത്ത് ഒരു ശാരീരിക രോഗവും ഇത്രമേല്‍ മാനസികാഘാതം സൃഷ്ടിച്ചിട്ടില്ല. ഒരു രോഗവും ഇത്രയേറെ സമൂഹത്തെ ബാധിച്ചിട്ടുമില്ല. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും മാനസിക സംഘര്‍ഷത്തിലേക്ക് വഴുതിവീഴുന്നത് നിത്യകാഴ്ചയാണ്. കുട്ടികളുടെ വിദ്യാഭ്യാസവും പാളം തെറ്റി. സാമൂഹ്യജീവിയായ മനുഷ്യന്‍ അത് അഭ്യസിക്കുന്നത് വിദ്യാലയങ്ങളില്‍നിന്നാണ്. ഇവയുടെ വാതിലുകള്‍ അടയ്ക്കപ്പെട്ടതോടെ കുട്ടികള്‍ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളിലായി. അത് കുട്ടികളില്‍ സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളും മൊബൈല്‍ ഫോണ്‍ ആസക്തി (അഡിക്ഷന്‍) പോലെയുള്ള പ്രശ്‌നങ്ങളും ഉണ്ടായി. അസമത്വത്തിന്റെ തീവ്രത വര്‍ധിക്കുന്നതില്‍ കൊവിഡും നിര്‍ണായകമായി.
പരിഹാരം അകലെയല്ല
അസമത്വങ്ങളുടെ ലോകത്ത് മനോദൗര്‍ബല്യമുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും പരിഹരിക്കുകയുമാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ ദൗത്യം. ചികിത്സാ ലഭ്യത, അതിജീവനം, സാമൂഹിക പരിഗണന, സാമൂഹിക സ്വീകാര്യത, ജോലി അവസരം, സമൂഹത്തിലെ സ്ഥാനം (സോഷ്യല്‍ സ്റ്റാറ്റസ്), കുടുംബാംഗങ്ങള്‍ക്കിടയിലെ സ്വീകാര്യത തുടങ്ങി എല്ലാ തലങ്ങളിലും തുല്യാവസരം ഇവര്‍ക്കും വേണം. അതിന് ആദ്യം വേണ്ടത് മാനസികാരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും സമൂഹത്തിലുള്ള തെറ്റിദ്ധാരണകളും അബദ്ധധാരണകളും മാറ്റുകയാണ്.
ഒരിക്കല്‍ മനോദൗര്‍ബല്യമുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അത് പിന്തുടരും എന്ന അബദ്ധധാരണ ആദ്യം മാറണം. ഈ ചിന്ത കാരണം കുടുംബാംഗങ്ങള്‍ പോലും മാറ്റിനിര്‍ത്തുന്ന പ്രവണതയുണ്ട്. വിവാഹം, കുടുംബജീവിതം, ജോലി തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നിഷേധിക്കപ്പെടുകയോ വലിയ പ്രതിബന്ധമായി മാറുകയോ ചെയ്യുന്നു. മാനസികാരോഗ്യം സംബന്ധിച്ച് മുന്‍കാലത്തെ അപേക്ഷിച്ച് വലിയതോതില്‍ ഗവേഷണവും പഠനവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഫലമായി വളരെ ഫലപ്രദമായ മരുന്നുകളും ചികിത്സകളും ഇന്ന് ലഭ്യമാണ്.
മരുന്നുകളും ഏറെ
മാനസികാരോഗ്യപരമായ എല്ലാ അസുഖങ്ങള്‍ക്കും നല്‍കാന്‍ രണ്ടോ മൂന്നോ ഇനം മരുന്നുകള്‍ മാത്രമായിരുന്നു മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറി. വളരെയേറെ മരുന്നുകള്‍ ലഭ്യമായി. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്തവിധം വ്യക്തികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇവ പര്യാപ്തമാണുതാനും. 10-15 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വളരെയേറെ മികച്ചതും ഫലപ്രദവുമാണ് ഇന്ന് മാനസികാരോഗ്യ ചികിത്സാ രംഗം. അതുകൊണ്ടുതന്നെ, രോഗമുക്തിയും വളരെ കൂടുതലാണ്. ഒരിക്കല്‍ മനോദൗര്‍ബല്യം വന്നാല്‍ ജീവിതകാലം മുഴുവന്‍ അത് നിലനില്‍ക്കും എന്നതായിരുന്നു മുന്‍കാലങ്ങളിലെ സമീപനം. ഇന്ന് അത് മാറി. 'മാനസിക രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാം' എന്നതാണ് ഇപ്പോഴത്തെ ആപ്തവാക്യം. തുടക്കത്തിലേ ചികിത്സ ലഭ്യമാക്കിയാല്‍ ഏതാനും വര്‍ഷംകൊണ്ട് പൂര്‍ണരോഗമുക്തി സാധിക്കുന്നവയാണ് മിക്ക മനോദൗര്‍ബല്യങ്ങളും. വളരെ കുറച്ചു മനോരോഗങ്ങള്‍ മാത്രമേ ജീവിതകാലം മുഴുവന്‍ പിന്തുടരുന്നവയായി ഉള്ളൂ. അത് ശാരീരിക അസുഖങ്ങളുടെ കാര്യത്തിലും ഉണ്ടല്ലോ.
പാര്‍ശ്വഫലങ്ങള്‍?
മാനസിക ചികിത്സയുടെ ഭാഗമായ മരുന്നുകളുടെ പാര്‍ശ്വഫലം സംബന്ധിച്ച് സമൂഹത്തില്‍ വലിയ ആശങ്കയും തെറ്റിദ്ധാരണയുമുണ്ട്. രോഗിയുടെ ശാരീരിക സ്ഥിതി, രോഗ സ്ഥിതി, പ്രായം, ആരോഗ്യം തുടങ്ങിയവയൊക്കെ വിശകലനം ചെയ്താണ് ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ണയിക്കുന്നത്. രോഗിയെ നിശ്ചിത ഇടവേളയില്‍ കാണുകയും ചികിത്സ കൂടെക്കൂടെ വിലയിരുത്തുകയും ചെയ്യും. ഡോക്ടറുടെ ശരിയായ മേല്‍നോട്ടത്തിലുള്ള ചികിത്സയും മരുന്നുമാണെങ്കില്‍ ആശങ്ക വേണ്ട. ചില മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കേണ്ടിവരാം. അതിന് പര്യാപ്തമായ വിധത്തിലുള്ള ചേരുവകളാണ് അതിലുള്ളത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മരുന്നുകളുടെ പ്രതിഫലനം മസ്തിഷ്‌കത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ കഴിക്കുക. സ്വയം ചികിത്സ അപകടവും ആപത്തുമാണ്. പല വിദേശരാജ്യങ്ങളിലും ഡോക്ടറുടെ കുറിപ്പടി പ്രകാരമേ മരുന്ന് നല്‍കൂ എന്നു മാത്രമല്ല, ഡോക്ടര്‍ എഴുതിയ സമയത്തേക്കുള്ള അളവിലെ മരുന്നേ ലഭിക്കുകയുമുള്ളൂ. ഒരു മാസത്തേക്കുള്ള മരുന്നാണ് കുറിച്ചതെങ്കില്‍ രണ്ടു മാസത്തേക്കുള്ളത് ഫാര്‍മസിയില്‍നിന്നു വാങ്ങാന്‍ കഴിയില്ല. ഇതേ നിയമം ഇന്ത്യയിലും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."