കേരളം മൊയന്തുകളുടെയും സ്വന്തം നാട്
വി അബദുല്‍ മജീദ്
കേരള ടൂറിസത്തിന്റെ പരസ്യവാചകമായ ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിനിട്ടത് കൊല്‍ക്കത്തക്കാരനായ വാള്‍ട്ടര്‍ മെന്‍ഡിസാണെന്നാണ് പറയപ്പെടുന്നത്. മെന്‍ഡിസ് കേരളം സന്ദര്‍ശിച്ചുകാണും. ഇവിടുത്തെ പച്ചപ്പും മലകളും നദികളുമൊക്കെ കണ്ട് അങ്ങനെ തോന്നിയിട്ടുമുണ്ടാകും. ഒരു പരസ്യക്കമ്പനിയിലെ പരസ്യവാചക വിദഗ്ധന് കേരളത്തിനു നല്‍കാന്‍ അതിലപ്പുറം മികച്ചൊരു പേരില്ല. നാടെങ്ങനെ, നാട്ടിലെ മനുഷ്യരെങ്ങനെ എന്നൊക്കെ നോക്കുന്നത് അദ്ദേഹത്തിന്റെ പണിയല്ല.
മെന്‍ഡിസ് ഈ പേരിടുന്നതിനു മുമ്പും കേരളത്തിന് സുന്ദരമായ പേരുകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. പലതുമുണ്ട് പര്യായങ്ങള്‍. ഒരുപാട് വിശേഷണങ്ങള്‍ വേറെയുമുണ്ട്. മിക്ക കാര്യങ്ങളിലും തങ്ങള്‍ ലോകത്ത് മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും മുന്നിലാണെന്നും മറ്റുള്ളവരൊക്കെ വിവരമില്ലാത്തവരാണെന്നും ആത്മാര്‍ഥമായി തന്നെ വിശ്വസിക്കുന്നവര്‍ക്ക് മഹാഭൂരിപക്ഷമുള്ള നാടുകൂടിയാണ് കേരളം.
അതോടൊപ്പം അത്യാഗ്രഹത്തിലും മറ്റുള്ളവര്‍ക്കെല്ലാം മുന്നില്‍ നടക്കുന്നവര്‍ കൂടിയാണ് കേരളീയ സമൂഹമെന്നും തോന്നുന്നു. അദ്ധ്വാനിക്കാതെ ചുളുവില്‍ കണ്ടമാനം കാശുണ്ടാക്കാന്‍ വഴികാട്ടിത്തരാമെന്നും വളഞ്ഞ വഴികളിലൂടെ എന്തെങ്കിലും നേടിക്കൊടുക്കാമെന്നും ആരെങ്കിലും പറഞ്ഞാല്‍ അവരെ കണ്ണടച്ചു വിശ്വസിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നവര്‍ ഒരുപാടുണ്ട് കേരളത്തില്‍. എത്ര കണ്ടാലും പഠിക്കാതെ അവര്‍ തട്ടിപ്പുകള്‍ക്ക് തുടര്‍ച്ചയായി തലവച്ചുകൊടുക്കും. സോളാര്‍ പോലുള്ള വമ്പന്‍ തട്ടിപ്പുകള്‍ മുതല്‍ നാടന്‍ തരികിട ബിസിനസുകള്‍ വരെ തുടര്‍ച്ചയായി പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന നാട്ടില്‍.
പുറത്തുവരുന്ന തട്ടിപ്പ് വാര്‍ത്തകള്‍ പകുതി മാത്രമായിരിക്കും. നാണക്കേടോര്‍ത്ത് പുറത്തുപറയാനാവാതെ കുടുങ്ങിക്കിടക്കുന്നവര്‍ ധാരാളം വേറെയുമുണ്ട് കേരളത്തില്‍. ഇ മെയിലും ഫേസ്ബുക്കും വഴി പരിചയപ്പെടുന്ന വിദേശസുന്ദരിമാര്‍ ഇന്ത്യയില്‍ വന്ന് തുടങ്ങാന്‍ പോകുന്ന, കേട്ടാല്‍ ബോധംകെട്ടുപോകുന്നത്ര വലിയ തുകകളുടെ ബിസിനസ് പങ്കാളിത്ത ഓഫര്‍ വിശ്വസിച്ച് പ്രാരംഭ നടപടിക്രമങ്ങള്‍ക്കെന്നു പറഞ്ഞ് ചോദിക്കുന്ന വലിയ തുകകള്‍ നല്‍കി വെട്ടിലായവര്‍ ഒരുപാടുണ്ട്. മേലനങ്ങാതെ കണ്ടമാനം സ്വത്തും കൂടാതെ ഒരു വിദേശിപ്പെണ്ണിന്റെ കൂട്ടും സ്വപ്നം കണ്ട് ഇടംവലം നേക്കാതെ പണംകൊണ്ട് ചൂണ്ടയെറിഞ്ഞവര്‍.
ഇതിനേക്കാളൊക്കെ രസകരമാണ് ഏതാണ്ടൊരു മാസത്തിനിടയില്‍ പത്രങ്ങളില്‍ കണ്ട ഒരു കേസ്. രണ്ടു മാസത്തിനുള്ളില്‍ മുടക്കുമുതലിന്റെ ഇരട്ടി കിട്ടുന്ന ബിസിനസ് വാഗ്ദാനം വിശ്വസിച്ച് ഒരു രേഖയുമില്ലാതെ പണംകൊടുത്ത് ചിലര്‍ വഞ്ചിക്കപ്പെട്ട കേസ്. രണ്ടു മാസത്തിനകം ഇത്ര വലിയ ലാഭം കിട്ടുന്ന എന്തെങ്കിലും ബിസിനസ് ലോകത്തുണ്ടാകുമോ എന്ന് ഒരു നിമിഷമെങ്കിലും ശങ്കിക്കാനുള്ള വെളിവ് തലയ്ക്കില്ലാതെപോയവര്‍. ആരോരുമറിയാതെ നിധി കിട്ടാനും ശത്രുതയുള്ളവര്‍ സ്വത്തെല്ലാം നശിച്ച് കുത്തുപാളയെടുക്കുന്നതു കാണാനും ഏതെങ്കിലും പെണ്ണുങ്ങളെ വശീകരിച്ചെടുക്കാനുമൊക്കെ മന്ത്രവാദത്തട്ടിപ്പുകാര്‍ക്ക് പണം വാരിക്കോരി നല്‍കുന്നവരും ധാരാളമുള്ള നാടാണിത്. കൈവശം വച്ചാല്‍ ഐശ്വര്യം വരുമെന്ന് പറയപ്പെടുന്ന അത്ഭുതമോതിരങ്ങളടക്കമുള്ള വസ്തുക്കളുടെ പരസ്യം ഇത്രയേറെ കാണുന്ന നാട് കേരളമല്ലാതെ വേറെ കാണില്ല. വാങ്ങാന്‍ ആളുണ്ടായിട്ടാണല്ലോ വില്‍പ്പനക്കാര്‍ പരസ്യം ചെയ്യുന്നത്.
ഇങ്ങനെയൊക്കെയുള്ളവര്‍ തന്നെയാണ് മോന്‍സണ്‍ കാണിച്ചുകൊടുത്ത 'പുരാവസ്തുക്കള്‍' കണ്ട് വിശ്വസിച്ച് കാശ് വാരിയെറിഞ്ഞത്. ടിപ്പുസുല്‍ത്താന്റെ വാളും ശബരിമലയിലെ പുരാതന ചെമ്പോലയുമൊക്കെ ഒരു സാധാരണ മനുഷ്യന്റെ കൈയിലെത്തുമോ എന്നും എത്തിയാല്‍ തന്നെ അത് വില്‍ക്കാനുള്ള നിയമാനുമതിയുണ്ടോ എന്നുമൊന്നും ചിന്തിക്കാന്‍ അവര്‍ക്കാര്‍ക്കും തോന്നിയില്ല. പഠിപ്പും അറിവുമില്ലാത്തവരൊന്നുമല്ല പെട്ടതെന്ന് അവരുടെ പശ്ചാത്തലം കേട്ടാലറിയാം. അതും ഇന്റര്‍നെറ്റില്‍ കയറി ട്രോളുകളും പരദൂഷണങ്ങളും വിദ്വേഷപ്രചാരണങ്ങളും അശ്ലീല വിഡിയോകളുമെല്ലാം കണ്ടെത്തി ആസ്വദിക്കാന്‍ വൈദഗ്ധ്യം നേടിയവര്‍ നിറഞ്ഞൊരു സമൂഹത്തില്‍.
ഇത്തരമാളുകളെ മലബാറില്‍ ചിലയിടങ്ങളില്‍ 'മൊയന്തുകള്‍' എന്നാണ് വിളിക്കുന്നത്. നിഘണ്ടുവില്‍ കണ്ടെത്താനാവാത്ത വാക്കാണെങ്കിലും ഇത്ര കൃത്യമായ വേറൊരു പ്രയോഗം പകരമില്ലെന്നു തോന്നുന്നു. വിഡ്ഢികള്‍, മൂഢര്‍ എന്നൊന്നും പറഞ്ഞാല്‍ അതിന് അര്‍ഥപൂര്‍ണത കൈവരില്ല. മൊയന്തുകളുടെയും സ്വന്തം നാടാണ് കേരളമെന്ന് വ്യക്തമായി വെളിപ്പെടുത്തുകയാണ് ഈ കേസുകളൊക്കെ.
ഏതൊരു ബിസിനസും വിജയിക്കുന്നത് മാര്‍ക്കറ്റ് പഠിച്ച് അതു ചെയ്യുമ്പോഴാണ്. ഇത്രയേറെ മൊയന്തുകളുള്ള നാടാണ് കേരളമെന്നും ഇവിടെ തരികിട ബിസിനസുകള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നും മോന്‍സണെപ്പോലെ ബുദ്ധിയുള്ളവര്‍ക്ക് തോന്നിപ്പോകുന്നത് സ്വാഭാവികം. അങ്ങനെ പറ്റിക്കപ്പെടാന്‍ ഒരുങ്ങിനില്‍ക്കുന്നവരെ ആരെങ്കിലും പറ്റിക്കുന്നുണ്ടെങ്കില്‍ ഒട്ടും സഹതാപം തോന്നേണ്ട കാര്യമില്ല.
മോന്‍സണെ കണ്ടുകിട്ടിയാല്‍ ഇതെഴുതുന്നയാള്‍ ഒരു സ്ര്‌ടോങ് ചായ വാങ്ങിക്കൊടുക്കും. വേണമെങ്കില്‍ ഒരു പരിപ്പുവടയും.
നിത്യാഭ്യാസി മുഖ്യമന്ത്രിയുമാകും
അധികാരമോഹമില്ലാതെ ഈ രാജ്യത്ത് രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ മാവോയിസ്റ്റുകളും അവരെപ്പോലെ തീവ്ര രാഷ്ട്രീയ നിലപാടുള്ള ചില സംഘങ്ങളുടെ പ്രവര്‍ത്തകരും മാത്രമാണ്. അധികാരരാഷ്ട്രീയത്തിനു പുറത്തുള്ള ഇടങ്ങളാണ് അവരുടെ സഞ്ചാരവഴികള്‍. അതുകൊണ്ട് അവര്‍ മോഹിച്ചിട്ടു കാര്യവുമില്ല. എന്നാല്‍ അധികാര രാഷ്ട്രീയത്തിലിറങ്ങുന്നവരുടെ സ്ഥിതി അങ്ങനെയല്ല. ത്യാഗം സഹിച്ച് നാടു നന്നാക്കിക്കളയാനോ അല്ലെങ്കില്‍ പുണ്യം നേടാനോ ഒന്നുമല്ല അവര്‍ ആ പണിക്കിറങ്ങുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് അധികാരം മോഹിക്കാന്‍ അവകാശമുണ്ട്. ചൂണ്ടയിടുന്നയാള്‍ മീന്‍ കിട്ടാനാഗ്രഹിക്കുന്നതിനെ ആരും കുറ്റം പറയാറില്ലല്ലോ.
എന്നാല്‍ എത്ര മോഹമുണ്ടായാലും ആദര്‍ശപരിവേഷം വിട്ടുപോകരുതെന്ന് വാശിയുള്ള നേതാക്കള്‍ മോഹം വെളിപ്പെടുത്താറില്ല. എന്നാലും അവര്‍ അധികാരം നേടുകയും കഷായം കുടിക്കുന്നതുപോലെ ഇഷ്ടമില്ലാത്തൊരു കാര്യം നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്യുന്ന ഭാവം പുറത്തുകാണിച്ച് അധികാരം നന്നായി ആസ്വദിക്കുകയും ചെയ്യും. പദവി ഏറ്റെടുക്കുന്നത് പാര്‍ട്ടിയോ അല്ലെങ്കില്‍ പ്രവര്‍ത്തകരോ നിര്‍ബന്ധിച്ചതുകൊണ്ടാണെന്നാണ് അവര്‍ പറയുക. കാര്യം ഇത്തിരി ശരിയുമായിരിക്കും. നിര്‍ബന്ധിക്കാന്‍ അവര്‍ തന്നെ ആളുകളെ മുന്‍കൂട്ടി ഒരുക്കിനിര്‍ത്തിയിട്ടുണ്ടാകും.
സത്യസന്ധരായ നേതാക്കള്‍ ഇങ്ങനെയൊന്നുമല്ല. അവര്‍ മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയും. അക്കൂട്ടത്തിലൊരാളാണ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനം താന്‍ മോഹിക്കുന്നുണ്ടെന്നും അതിനുള്ള ശ്രമം തുടരുമെന്നുമൊക്കെ ഹരിപ്പാട്ടു നടന്ന ഒരു പരിപാടിയില്‍ അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞത്. ഈ പദവി മോഹിക്കാന്‍ സര്‍വ യോഗ്യതയുമുള്ളയാളാണ് അദ്ദേഹം. ഒരു നിയമസഭാ കാലാവധിയില്‍ പൂര്‍ണമായി പ്രതിപക്ഷ നേതൃപദവിയിലിരുന്ന അദ്ദേഹം മുറപ്രകാരം മുഖ്യമന്ത്രിയാകേണ്ടതായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗതി ഇത്തവണ പിഴച്ചുപോയതുകൊണ്ടാണ് അദ്ദേഹത്തിന് ആ പദവി കിട്ടാതിരുന്നത്. ചെന്നിത്തല പ്രതിപക്ഷനേതാവായി ചുമതലയേറ്റപ്പോള്‍ ആ പദവിയില്‍ ദീര്‍ഘകാലം തുടരട്ടെ എന്ന് എം.എ ബേബി അനുഗ്രഹിച്ചിരുന്നെങ്കിലും അതും നടന്നില്ല. യു.ഡി.എഫിന് തുടര്‍തോല്‍വിയുണ്ടായപ്പോള്‍ പ്രതിപക്ഷ നേതൃപദവി വി.ഡി സതീശന്‍ കൊണ്ടുപോയി.
അതെല്ലാം ശനിദശ മൂലം സംഭവിച്ചതാകാം. എന്നാല്‍ എല്ലാ കാലവും ഒരുപോലെയാകണമെന്നില്ല. ഇന്ദിരാഗാന്ധിയടക്കം തോറ്റമ്പിയ പലരും ശുക്രദശ തെളിഞ്ഞപ്പോള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ചരിത്രമുണ്ട്. ചെന്നിത്തലയ്ക്കും അതായിക്കൂടെന്നില്ലല്ലോ.
എന്നാല്‍ കാലം തെളിഞ്ഞാലും ചെന്നിത്തല കോണ്‍ഗ്രസിലാണുള്ളതെന്ന വലിയൊരു വിഘ്‌നം മുന്നിലുണ്ട്. മുഖ്യമന്ത്രിയാകാന്‍ മോഹവും യോഗ്യതയുള്ളവര്‍ ഏറ്റവുമധികമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നെങ്കിലും അധികാരം കിട്ടിയാല്‍ തന്നെ മുഖ്യമന്ത്രിയാകാന്‍ സുധാകരനും സതീശനും ഉമ്മന്‍ ചാണ്ടി തന്നെയും മോഹിച്ചുകൂടെന്നില്ല. വേറെയുമുണ്ട് അതിനു യോഗ്യയും വലുപ്പവുമുള്ള നേതാക്കള്‍. മോഹിക്കാന്‍ അവര്‍ക്കുമുണ്ടല്ലോ അവകാശം. എന്നാലും ചെന്നിത്തല സ്ഥിരോത്സാഹിയാണ്. നിത്യാഭ്യാസി ആനയെപ്പോലും എടുക്കുമെന്നാണല്ലോ പ്രമാണം. പിന്നല്ലേ മുഖ്യമന്ത്രിസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."