പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: തെളിവു നശിപ്പിക്കാന്‍ ലളിത് ഝാ ഫോണുകള്‍ കത്തിച്ചതായി സംശയം
തെളിവെടുപ്പിനായി പുകയാക്രമണം പുനഃസൃഷ്ടിക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുകയാക്രമണത്തില്‍ തെളിവെടുപ്പിനായി പുകയാക്രമണം പുനഃസൃഷ്ടിക്കും. നാളെയോ മറ്റന്നാളോ തെളിവെടുപ്പ് നടത്താനാണ് സ്‌പെഷല്‍ സെല്‍ നീക്കം. പാര്‍ലമെന്റ് ഗേറ്റ് മുതലുള്ള സംഭവങ്ങള്‍ പുനഃസൃഷ്ടിക്കും.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അറസ്റ്റിലായ നാലുപേരുടേയും ഫോണുകള്‍ ലളിത് ഝാ വാങ്ങിയെന്നാണ് പൊലിസ് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കാനായി നാല് ഫോണുകളും കത്തിച്ചതായാണ് സംശയം. 50 നമ്പറകുള്‍ നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ 15 ദവസത്തിനിടെ വിളിച്ച ഫോണ്‍ നമ്പറുകളാണ് നിരീക്ഷണത്തില്‍.
പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ കര്‍ഥവ്യ പഥ് പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ലളിതിനെ ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേസിലെ ആറാം പ്രതിയായ ലളിത പാര്‍ലമെന്റ് ആക്രണത്തിന് ശേഷം രാജസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പാര്‍ലമെന്റ് ആക്രണത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്നാണ് പൊലിസിന്റെ നിഗമനം. സംഭവ സമയത്ത് പാര്‍ലമെന്റ് പരിസരത്തുണ്ടായിരുന്ന ഇയാള്‍ പുകയാക്രമണത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും, ദൃശ്യങ്ങള്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒയുടെ സ്ഥാപകനായ നീലാക്ഷ് എന്നയാള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.
സഭയ്ക്കകത്ത് പുകയാക്രമണം നടത്തിയ സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ പരമോന്നത ഭരണ സംവിധാനത്തിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. പാര്‍ലമെന്റിന്റെ 22ാം വാര്‍ഷിക ദിനത്തിലുണ്ടായ വന്‍ സുരക്ഷാവീഴ്ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാ മന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് നടപടിക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം പ്രതികള്‍ക്ക് പാര്‍ലെന്റിലേക്ക് കടക്കാനുള്ള പാസ് നല്‍കിയ ബി.ജെ.പി എം.പിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനത്തില്‍ പ്രതിഷേധിച്ചും സംഭവത്തില്‍ പ്രസ്താവന ആവശ്യപ്പെട്ടും പ്രതിഷേധിച്ച എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തിലെ ആറ് എം.പിമാരുള്‍പ്പെടെയുള്ള 15 അംഗങ്ങളെയാണ് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ലോക്‌സഭയില്‍നിന്ന് 14, രാജ്യസഭയില്‍നിന്ന് ഒരാളെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്‍ ആണ് നടപടിക്കിരയായ ഏക രാജ്യസഭാംഗം. ലോക്‌സഭാംഗങ്ങളില്‍ ഒമ്പതും കോണ്‍ഗ്രസ് എം.പിമാരാണ്. സി.പി.എമ്മിന്റെയും ഡി.എം.കെയുടെയും രണ്ട് വീതവും സി.പി.ഐയുടെ ഒരാളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവരാണ് സസ്‌പെന്റ് ചെയ്യപ്പെട്ട കേരള എം.പിമാര്‍. മാണിക്കം ടാഗോര്‍ (തമിഴ്‌നാട്), മുഹമ്മദ് ജാവേദ് (ബിഹാര്‍) എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍. പി.ആര്‍ നടരാജന്‍, എസ്. വെങ്കടേശന്‍ (ഇരുവരും സി.പി.എം, തമിഴ്‌നാട്), കനിമൊഴി, എസ്.ആര്‍ പ്രതിബന്‍ (ഇരുവരും ഡി.എം.കെ, തമിഴ്‌നാട്), കെ. സുബ്രയന്‍ (സി.പി.ഐ, തമിഴ്‌നാട്) എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 2ന് ശീതകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."