തായ്‌വാനെ സമാധാനപരമായി ചൈനയുമായി കൂട്ടിച്ചേര്‍ക്കും: ഷി ജിന്‍പിങ്
ബെയ്ജിങ്: സൈനികശക്തി പ്രയോഗിക്കാതെ തായ്‌വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. സമാധാനപരമായിട്ടായിരിക്കും കൂട്ടിച്ചേര്‍ക്കല്‍. എന്നാല്‍, വിഘടനവാദത്തെ ചൈനീസ് ജനത അംഗീകരിക്കില്ല. തായ്‌വാന്റെ ഭാവി രാജ്യത്തെ ജനതയുടെ കൈയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. തായ്‌വാനെ ചൈനയുടെ നിയന്ത്രണത്തിലാക്കാന്‍ വേണ്ടിവന്നാല്‍ സൈനികശക്തി ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് ഷി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തായ്‌വാന്റെ ദേശീയദിനത്തോടനുബന്ധിച്ച് ചൈനയുടെ 150ഓളം യുദ്ധവിമാനങ്ങള്‍ തായ് വ്യോമപ്രതിരോധ മേഖലയില്‍ കടന്നിരുന്നു.
പരമാധികാര രാജ്യമാണ് തങ്ങളെന്നാണ് തായ്‌വാന്‍ അവകാശപ്പെടുന്നതെങ്കിലും ചൈന അവരുടെ ഭാഗമായാണ് തായ്‌വാനെ പരിഗണിക്കുന്നത്. 1940കളിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് തായ്‌വാന്‍ ചൈന വിട്ടുപോയത്. സ്വന്തമായി ഭരണഘടനയുള്ള തായ്‌വാന് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളും മൂന്നുലക്ഷം സൈനികരുമുണ്ട്. ഏതാനും രാജ്യങ്ങള്‍ മാത്രമേ തായ്‌വാനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."