ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 86 ശൈശവ വിവാഹം; കൂടുതല്‍ വയനാട്ടില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. 2020 ഓഗസ്റ്റ് മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെ കേരളത്തില്‍ 86 ശൈശവ വിവാഹങ്ങളാണ് നടന്നതെന്ന് വനിതാ ശിശുവികസനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റ് വരെ 45 ശൈശവവിവാഹങ്ങളും നടന്നു. കഴിഞ്ഞ വര്‍ഷം ഇത് 41 ആയിരുന്നു.
വയനാട്ടിലാണ് ഏറ്റവുമധികം ശെശവവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്-36. കഴിഞ്ഞ വര്‍ഷം ഇത് 27 ആയിരുന്നു. ആദിവാസി, ഗോത്ര വിഭാഗങ്ങളിലെ സംസ്‌കാരവും ജീവിതരീതിയുമാണ് വിവാഹങ്ങളുടെ എണ്ണം ഉയരാന്‍ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പത്തില്‍ താഴെ ശൈശവവിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളത്ത് നടന്ന രണ്ട് ശൈശവവിവാഹങ്ങളും ഇതര സംസ്ഥാനക്കാര്‍ക്കിടയിലാണ്. വിവാഹം മറ്റ് സംസ്ഥാനങ്ങളിലാണ് നടന്നതെങ്കിലും ഇവരുടെ കുടുംബം എറണാകുളത്താണ് സ്ഥിരതാമസം.
2019 മുതല്‍ 2021 മാര്‍ച്ച് വരെ 279 ശൈശവ വിവാഹങ്ങളാണ് സര്‍ക്കാര്‍ തടഞ്ഞത്. 340 പരാതികള്‍ ലഭിച്ചു. 18 വയസ് പൂര്‍ത്തിയാകും മുമ്പുള്ള വിവാഹം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് മലപ്പുറത്താണ്. വയനാട്, പാലക്കാട് ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."